ദില്ലി: റിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ വനിതാ ഹോക്കി ടീമില്‍ നിന്ന് റിതു റാണി പുറത്ത്. മോശം പ്രകടനവും പക്വതയില്ലാത്തെ പെരുമാറ്റത്തേയും തുടര്‍ന്നാണിത്. ഒളിമ്പിക്‌സിനുള്ള 16 അംഗ അന്തിമ ടീമിന്റെ ദേശീയ ക്യാമ്പ് ബെംഗളുരുവില്‍ നടന്നുകൊണ്ടിരിക്കെ ടീം മാനേജ്‌മെന്റിലെ മുതിര്‍ന്ന അംഗമാണ് റിതു ടീമില്‍ പുറത്തുപോകണമെന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ടീം മാനേജ്‌മെന്‍് അംഗങ്ങള്‍ ദില്ലിയിലെത്തിയതോടെ വ്യാഴാഴ്ച റിതു ക്യാമ്പ് വിടുകയും ചെയ്തിരുന്നു.
റിതുവിന്റെ കീഴിലുള്ള ടീമാണ് 1980ന് ശേഷം ഹോക്കിയില്‍ ഒളിമ്പിക്‌സ് യോഗ്യത നേടുന്നത്. ഒരു ദശാബ്ദത്തോളമായി സജീവമായി ഹോക്കി രംഗത്തുള്ള 24കാരിയായ റിതു ടീമിലെ മിഡില്‍ ഫീല്‍ഡറാണ്. റിതു ടീമില്‍ നിന്ന് പുറത്തുപോകുന്നതോടെ മുതിര്‍ന്ന ടീമംഗം റാണി റാംപാലായിരിക്കും ടീമിന്റെ തലപ്പത്തേക്കെത്തുക. എന്നാല്‍ പുതിയ ക്യാപ്റ്റനെ ഈ മാസം 12ന് മാത്രമായിരിക്കും ഔദ്ധ്യോഗികമായി പ്രഖ്യാപിക്കുക. ടീമിന്റെ ക്യാപറ്റനെയും വൈസ് ക്യാപ്റ്റനെയും തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ജൂലൈ 11ഓടെ അന്തിമ തീരുമാനമുണ്ടാകും.

Read also: റിയോ ഒളിമ്പിക്‌സ്: ജമൈക്കയ്ക്ക് വേണ്ടി ഉസൈന്‍ ബോള്‍ട്ട് ട്രാക്കിലിറങ്ങും!!!
ആഗസ്ത് ആറിന് ബ്രസീലിലെ റിയോഡി ജനീറോയില്‍ നടക്കുന്ന റിയോ ഒളിമ്പികിസിനായി തിരഞ്ഞെടുത്ത ടീമില്‍ നിന്ന് പുറത്തുപോകുന്ന ആദ്യത്തെ കായികതാരമാണ് റിതു. എന്നാല്‍ സംഭവത്തെക്കുറിച്ച് റിതുവില്‍ നിന്നുള്ള പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ല.