റിയോ: സമീപകാലത്തെ ഏറ്റവും മികച്ച ടീമുമായി റിയോയിലെത്തിയ ഇന്ത്യന്‍ ഹോക്കി ടീം സെമി ഫൈനല്‍ കാണാതെ പുറത്തായി. ശക്തരായ ബെല്‍ജിയത്തോട് ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യ ക്വാര്‍ട്ടറില്‍ ഒരു ഗോളിന് മുന്നിട്ടുനിന്നശേഷമായിരുന്നു ഇന്ത്യയുടെ പരാജയം. ഇന്ത്യയുടെ ഏക ഗോള്‍ ആകാശ് ദീപ് സിങ്ങിന്റെ സ്റ്റിക്കില്‍നിന്നാണ് പിറന്നത്.
36 വര്‍ഷങ്ങള്‍ക്കു ശേഷം ഒളിംപിക് ഹോക്കിയില്‍ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറിയ ഇന്ത്യ ബെല്‍ജിയത്തിന്റെ മുന്നേറ്റത്തിനുമുന്നില്‍ മുട്ടുമടക്കുകയായിുരന്നു. ആദ്യ രണ്ടു ക്വാര്‍ട്ടറുകളിലും എതിരാളിക്ക് ഒപ്പം നിന്നെങ്കിലും അവസാന ക്വാട്ടറില്‍ കളി കൈവിടുകയായിരുന്നു. മൂന്നാം ക്വാര്‍ട്ടറിന്റെ തുടക്കം മുതല്‍ മത്സരത്തിന്റെ നിയന്ത്രണം ബെല്‍ജിയം ഏറ്റെടുത്തു.

സെബാസ്റ്റ്യന്‍ ഡോക്കിര്‍ ആണ് മൂന്നാം പാദത്തില്‍ ബെല്‍ജിയത്തെ സമനിലയിലെത്തിച്ചത്. മിനിറ്റുകള്‍ക്കു ശേഷം ഡോക്കിര്‍ ബെല്‍ജിയത്തെ മുന്നിലെത്തിച്ചതോടെ ബെല്‍ജിയം വിജയം മണത്തു. അവസാന പാദത്തില്‍ ടോം ബൂണ്‍ പട്ടിക തികയ്ക്കുകയും ചെയ്തു.