ദില്ലി: ഇത്തവണത്തെ ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ നയിക്കുക മലയാളിയായ താരം പിആര്‍ ശ്രീജിത്ത്. ആദ്യമായാണ് ഹോക്കി ടീമിനെ ഒളിംപിക്‌സില്‍ ഒരു മലയാളി നയിക്കുന്നത്.
ദില്ലിയില്‍ വച്ചാണ് ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയില്‍ വെള്ളി മെഡല്‍ നേടിയ പ്രകടനമാണ് ശ്രീജേഷിനെ തുണച്ചത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ശ്രീജേഷ് ആയിരുന്നു ഇന്ത്യയെ നയിച്ചത്.

ടീം ക്യാപ്റ്റന്‍ ആയിരുന്ന സര്‍ദാര്‍ സിങ്ങിനെ ആയിരുന്നു തുടക്കത്തില്‍ ഒളിംപിക്‌സ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേയ്ക്കും പരിഗണിച്ചിരുന്നത്. എന്നാല്‍ ഭാഗ്യം ശ്രീജേഷിനൊപ്പമായിരുന്നു. സര്‍ദാര്‍ സിങ് 16 അംഗ ടീമില്‍ അംഗമാണ്.
രണ്ട് വര്‍ഷമായി ടീമിന്റെ വൈസ് ക്യാപ്റ്റനാണ് ശ്രീജേഷ്. ഇഞ്ച്യോണ്‍ ഏഷ്യന്‍ ഗെയിംസിലെ ശ്രീജേഷിന്റെ പ്രകടനം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. ഗോള്‍ വല കാത്ത ശ്രീജേഷ് ആണ് അന്ന് പാകിസ്താനെതിരെ ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
ഹോക്കിയില്‍ എട്ട് തവണ ഒളിമ്പിക്‌സ് സ്വര്‍ണം നേടിയിട്ടുണ്ട് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം. എന്നാല്‍ ആ ചരിത്രം ഇന്ന് വളരെ ദൂരെയാണ്. 1984 ന് ശേഷം ഇന്ത്യ വന്‍ പരാജയമാണ്. കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്‌സില്‍ 12-ാം സ്ഥാനമായിരുന്നു ഇന്ത്യക്ക്.
വനിത ടീമില്‍ നിലവിലെ ക്യാപ്റ്റന്‍ റിതു റാണി ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. സുശീല ചാനു ആയിരിക്കും വനിത ടീമിനെ നയിക്കുക.