കൊച്ചി: കേരളത്തിലെ ഹോക്കി ആരാധകര്‍ക്ക് ഇത് ആഹ്ലാദത്തിന്റെ നിമിഷം. മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷ് ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ നിയോഗിക്കപ്പെടുമ്പോള്‍ കൊച്ചുകേരളത്തിനും സന്തോഷിക്കാന്‍ വകയേറെ. ലണ്ടനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലാണ് ശ്രീജേഷിന്റെ ക്യാപ്റ്റനായുള്ള അരങ്ങേറ്റം. അടുത്ത മാസം 10 മുതലാണ് ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍.
ഇന്ത്യന്‍ ടീം ക്യാപ്റ്റനായ സര്‍ദ്ദാര്‍ സിംഗും വെറ്ററന്‍ താരമായ രൂപീന്ദര്‍ പാല്‍ സിംഗും ഇല്ലാതെയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ ഇറങ്ങുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായ ശ്രീജേഷിനെ തേടി ക്യാപ്റ്റന്‍ സ്ഥാനം എത്തിയത്. ആസന്നമായ റിയോ ഒളിംപിക്‌സിനെ കരുതിയാണ് സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫി കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് പിന്നീട് ഒളിംപ്ക്‌സിലേ കളികളുള്ളൂ.

ഓസ്ട്രേലിയ, ബെല്‍ജിയം, ജര്‍മ്മനി, ബ്രിട്ടന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും ചാമ്പ്യന്‍സ് ട്രോഫിക്ക് വേണ്ടി ഇറങ്ങും. ജൂണ്‍ പത്തിന് ജര്‍മനിക്കെതിരായാണ് ഇന്ത്യയുടെ ആദ്യ കളി. എറണാകുളം പള്ളിക്കര സ്വദേശിയാണ് ഇന്ത്യയുടെ സ്റ്റാര്‍ കീപ്പറായ എസ് ആര്‍ ശ്രീജേഷ്. എസ് വി സുനിലാണ് വൈസ് ക്യാപ്റ്റന്‍. വികാസ് ദഹിയ, പ്രദീപ് മോര്‍, വി ആര്‍ രഘുനാഥ്, മന്‍പ്രീത് സിങ്, എസ് കെ ഉത്തപ്പ, ആകാശ് ദീപ് സിംഗ് എന്നിങ്ങനെ പോകുന്നു ഇന്ത്യയുടെ 18 അംഗ ടീം.