Olympics 2021: പെണ്‍പുലികള്‍ പൊരുതിത്തോറ്റു, വനിതാ ഹോക്കിയില്‍ ബ്രിട്ടണിന് വെങ്കലം

ടോക്കിയോ: വനിതാ ഹോക്കിയില്‍ വെങ്കല മെഡലിനായുള്ള ആവേശകരമായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഇന്ത്യയെ നാലിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബ്രിട്ടീഷ് പട കീഴടക്കിയത്. ഒരു ഘട്ടത്തില്‍ രണ്ടു ഗോളിന് പിന്നിലായ ശേഷം ഉജ്ജ്വല തിരിച്ചുവരവ് നടത്തിയ ഇന്ത്യ അവസാന ക്വാര്‍ട്ടറില്‍ നിറം മങ്ങുകയായിരുന്നു. ഇന്ത്യയ്ക്കായി ഗുര്‍ജിത് കൗര്‍ രണ്ടു തവണ ഗോള്‍ കുറിച്ചു. വന്ദന കത്താരിയ ഒരു ഗോളും കണ്ടെത്തി. മറുഭാഗത്ത് എലന റേയര്‍, സാറ റോബര്‍സ്റ്റണ്‍, ഹോളി പിയേണ്‍ വെബ്ബ്, ഗ്രേസ് ബാള്‍സ്ണ്‍ എന്നിവര്‍ ബ്രിട്ടണിന്റെ ഗോള്‍ സ്‌കോറര്‍മാരായി.

മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് ബ്രിട്ടണ്‍ പന്തുതട്ടിയത്. ആക്രമണത്തിലും പാസിങ്ങിലും ബ്രിട്ടണ്‍ മുന്നില്‍ നിന്നു. എതിരാളികള്‍ 23 തവണ ഷൂട്ടിങ് സര്‍ക്കിളിലേക്ക് കടന്നുവന്നപ്പോള്‍ 9 തവണ മാത്രമാണ് ഇന്ത്യന്‍ പെണ്‍പട ഇതേ നാണയത്തില്‍ തിരിച്ചടിച്ചത്. ഗോള്‍ രഹിതമായ ആദ്യ ക്വാര്‍ട്ടറിന് ശേഷം രണ്ടാം ക്വാര്‍ട്ടറിലാണ് മത്സരം ആവേശഭരിതമായത്. ആദ്യം ബ്രിട്ടണ്‍ രണ്ടു ഗോളടിച്ച് മുന്നില്‍ കയറുന്നു. ഈ സമയം സ്‌കോര്‍ 2-0.

16 ആം മിനിറ്റിലാണ് ബ്രിട്ടണിന്റെ ആദ്യ ഗോള്‍. മുന്നേറ്റ താരം എലന റേയര്‍ വലതു വിങ്ങില്‍ നിന്നും നടത്തിയ ഗംഭീര മുന്നേറ്റമാണ് ഗോളിലേക്ക് വഴിതെളിച്ചത്. ഇന്ത്യന്‍ പ്രതിരോധ നിരയെ വെട്ടിമാറി സര്‍ക്കിളില്‍ കടന്ന എലന സഹതാരത്തിന് പാസ് നല്‍കാന്‍ ശ്രമിച്ചെങ്കിലും പന്ത് ഇന്ത്യയുടെ ദീപ് ഗ്രേസ് എക്കയുടെ സ്റ്റിക്കില്‍ തട്ടി വലയ്ക്കുള്ളിലായി.

22 ആം മിനിറ്റില്‍ ഇന്ത്യയുടെ മധ്യനിര താരം നിഷയ്ക്ക് ഗ്രീന്‍ കാര്‍ഡ്. സ്റ്റിക്ക് പരിശോധനയ്ക്കായാണ് അംപയര്‍ താരത്തിന് ഗ്രീന്‍ കാര്‍ഡ് നല്‍കിയത്. ഇതോടെ ഇന്ത്യ പത്തു പേരായി ചുരുങ്ങി. ഈ അവസരം ബ്രിട്ടണ്‍ കൃത്യമായി മുതലെടുക്കുകയും ചെയ്തു. 24 ആം മിനിറ്റില്‍ മധ്യനിരയിലേക്ക് ഇരച്ചെത്തിയ ഷോന മക്കാലിന്‍ സാറ റോബര്‍സ്റ്റണിന് പന്ത് കൃത്യതയോടെ കൈമാറുകയായിരുന്നു. ഷൂട്ടിങ് സര്‍ക്കിളില്‍ നിന്നും ലക്ഷ്യം കാണാന്‍ റോബര്‍സ്റ്റണിന് ഏറെ ബുദ്ധിമുട്ടുണ്ടായില്ല.

പക്ഷെ ഇന്ത്യ പിന്തിരിഞ്ഞില്ല. തുടരെ മൂന്നു ഗോളുകള്‍ കുറിച്ച് ഇന്ത്യ മറുപടി നല്‍കി. 25 ആം മിനിറ്റില്‍ ബ്രിട്ടീഷ് വലയില്‍ ഇന്ത്യന്‍ സംഘം ആദ്യ ഗോള്‍ തിരിച്ചടിച്ചു. തുടരെ പെനാല്‍റ്റി കോര്‍ണറുകള്‍ ജയിച്ച ഇന്ത്യ രണ്ടാമത്തെ ശ്രമത്തില്‍ വിജയം കണ്ടു. ഗുര്‍ജിത് കൗറിന്റെ ഡ്രാഗ് ഫ്‌ളിക്ക് തടയാന്‍ എതിരാളികള്‍ക്ക് കഴിഞ്ഞില്ല.

26 ആം മിനിറ്റില്‍ ഇന്ത്യയുടെ രണ്ടാം ഗോള്‍. ഗുര്‍ജിത് കൗറുതന്നെ ഇത്തവണയും ബ്രിട്ടണിന്റെ ഗോള്‍ വല കുലുക്കിയത്. ഇതോടെ ഇന്ത്യയും ബ്രിട്ടണും ഒപ്പത്തിനൊപ്പം. മറ്റൊരു പെനാല്‍റ്റി കോര്‍ണറിലാണ് ഇന്ത്യയുടെ രണ്ടാം ഗോള്‍. ആദ്യ ഗോളിന്റെ തനിയാവര്‍ത്തനം. ആദ്യതവണത്തെ അതേ ദിശയില്‍ ഗുര്‍ജിത്തിന്റെ രണ്ടാമത്തെ ഡ്രാഗ് ഫ്‌ളിക്ക്. പന്ത് കൃത്യം വലയിലും.

29 ആം മിനിറ്റില്‍ ഇന്ത്യയുടെ മൂന്നാമത്തെ ഗോളും ബ്രിട്ടീഷ് പോസ്റ്റില്‍. സ്‌കോര്‍ 3-2! വന്ദന കത്താരിയയാണ് ഇത്തവണ ഇന്ത്യയെ മുന്നിലെത്തിച്ചത്. താരം ടൂര്‍ണമെന്റിലെ നാലാമത്തെ ഗോളും പൂര്‍ത്തിയാക്കി. ഇടതു വിങ്ങില്‍ നിന്നും സുശീല ചാനു നല്‍കിയ ക്രോസ് ഏറ്റുവാങ്ങാന്‍ ശാര്‍മിള ദേവിക്ക് സാധിക്കാതെ വരുന്നു. പിന്നാലെ നവ്‌നീത് കൗറിനും പന്ത് പിടിച്ചടക്കാനായില്ല. എന്നാല്‍ വന്ദനയ്ക്ക് തെറ്റുപറ്റിയില്ല. പന്തുമായി ഇരച്ചെത്തിയ വന്ദന കുറിക്കുതന്നെ കൊള്ളിച്ചു.

ഒരു ഗോളിന് പിന്നിലായതോടെ ബ്രിട്ടണ്‍ കൂടുതല്‍ ഉണര്‍ന്നു. തുടരെയുള്ള ബ്രിട്ടീഷ് ആക്രമണങ്ങള്‍ക്കാണ് ഇന്ത്യ ശേഷം സാക്ഷ്യം വഹിച്ചത്. 33 ആം മിനിറ്റില്‍ ബ്രിട്ടണിന് വീണ്ടുമൊരു പെനാല്‍റ്റി കോര്‍ണര്‍. ജിസല്‍ ആന്‍സ്‌ലി തന്നെ ഷോട്ട് തൊടുക്കുന്നു. സാറ ജോണ്‍സിന്റെ നേര്‍ക്ക് പന്ത് ഫ്‌ളിക്ക് ചെയ്‌തെങ്കിലും മോണിക്ക മാലിക്കിന്റെ ക്ലിയറന്‍സില്‍ ഇന്ത്യ അപകടം ഒഴിവാക്കി.

35 ആം മിനിറ്റിലാണ് ബ്രിട്ടണിന്റെ മൂന്നാമത്തെ ഗോള്‍. ക്ലോസ് റേഞ്ചില്‍ ഇസബെല്ല പീറ്ററിനെ സവിത പൂനിയ ധീരമായി തടുത്തെങ്കിലും പിന്നാലെ സര്‍ക്കിളിലുണ്ടായ അങ്കലാപ്പ് ബ്രിട്ടണ്‍ മുതലെടുത്തു. ബ്രിട്ടീഷ് നായിക ഹോളി പിയേണ്‍ വെബ്ബാണ് ബ്രിട്ടണിനായി മൂന്നാം ഗോള്‍ കണ്ടെത്തിയത്.

44 ആം മിനിറ്റില്‍ സവിത പൂനിയയുടെ ഉഗ്രന്‍ സേവിനും മത്സരം സാക്ഷിയായി. എലന റേയറിന്റെ എണ്ണം പറഞ്ഞ ഷോട്ടാണ് സവിത പൂനിയ തടഞ്ഞത്. മത്സരത്തില്‍ താരത്തിന്റെ ആറാമത്തെ സേവാണിത്. പന്ത് ലില്ലി ഔസ്‌ലിയിലേക്ക് വന്നെങ്കിലും നേഹ ഗോയലിന്റെ സമയോചിത ഇടപെടല്‍ പ്രത്യാക്രമണം ഒഴിവാക്കി.

48 ആം മിനിറ്റില്‍ ബ്രിട്ടണ്‍ ലീഡ് പിടിച്ചു. സ്‌കോര്‍ 4-3! പെനാല്‍റ്റി കോര്‍ണറാണ് ബ്രിട്ടണിന്റെ നാലാം ഗോളിനും വഴിതെളിച്ചത്. ഗ്രേസ് ബാള്‍സ്ഡണിന്റെ ഡ്രാഗ് ഫ്‌ളിക്ക് ഇന്ത്യയുടെ വലയില്‍ തുളച്ചുകയറി. 52 ആം മിനിറ്റില്‍ ഇന്ത്യ വീണ്ടും പത്തു പേരിലേക്ക് ചുരുങ്ങി. ശാര്‍മിള ദേവിയാണ് ഇത്തവണ പുറത്തുപോകുന്നത്. 56 ആം മിനിറ്റില്‍ ബ്രിട്ടണിന്റെ വീണ്ടുമൊരു ആക്രമണം. അവസാന മിനിറ്റുകളില്‍ ഗോളിനായി ഇന്ത്യ കിണഞ്ഞു ശ്രമിച്ചെങ്കിലും നീക്കങ്ങളെല്ലാം വിഫലമായി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Read more about: olympics 2021
Story first published: Friday, August 6, 2021, 8:53 [IST]
Other articles published on Aug 6, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X