Olympics 2021: ഛക് ദേ ഇന്ത്യ! 41 വർഷത്തെ കാത്തിരിപ്പിന് വിരാമം, ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം

ടോക്കിയോ: ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം. ജര്‍മനിക്കെതിരെ കുറിച്ച അത്യുഗ്രന്‍ ജയമാണ് ഇന്ത്യയ്ക്ക് വെങ്കല നേട്ടം സമ്മാനിച്ചത്. നാലിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ഇന്ത്യ ജര്‍മന്‍ പടയെ തുരത്തി. ഒരു ഘട്ടത്തില്‍ 1-3 എന്ന നിലയില്‍ പിന്നില്‍പ്പോയ ശേഷമാണ് ഇന്ത്യന്‍ സംഘത്തിന്റെ ഗംഭീര തിരിച്ചുവരവ്. ടോക്കിയോയില്‍ ഇന്ത്യയുടെ അഞ്ചാമത്തെ മെഡല്‍ നേട്ടമാണിത്. 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യ മെഡല്‍ നേടുന്നതും.

നിര്‍ണായക മത്സരത്തില്‍ ഇന്ത്യയ്ക്കായി ഹര്‍മന്‍പ്രീത് സിങ്, ഹാര്‍ദിക് സിങ്, സിമ്രന്‍ജിത് സിങ്, രുപീന്ദര്‍ പാല്‍ സിങ് എന്നിവര്‍ ഗോള്‍ കണ്ടെത്തി. സെമി ഫൈനലില്‍ ബെല്‍ജിയത്തിനെതിരെ വഴങ്ങിയ 2-5 തോല്‍വിയുടെ ക്ഷീണം വെങ്കല മെഡല്‍ നേട്ടത്തിലൂടെ മന്‍പ്രീത് സിങ്ങും സംഘവും മായ്ച്ചിരിക്കുന്നു. കലാശക്കൊട്ടില്‍ ഇരുപക്ഷവും ആക്രമിച്ചാണ് കളിച്ചത്. ഗോളടിക്ക് തുടക്കമിട്ടതാകട്ടെ ജര്‍മനിയും. മത്സരത്തില്‍ ഏറിയ പങ്കും ജര്‍മനിയുടെ കൈവശമായിരുന്നു പന്ത്. തുടരെയുള്ള ആക്രമണങ്ങള്‍ ജര്‍മന്‍ പട നടത്തി.

ആദ്യ ക്വാര്‍ട്ടറില്‍ രണ്ടാം മിനിറ്റില്‍ത്തന്നെ ഗോളടിച്ചുകൊണ്ടാണ് ജര്‍മനി തുടങ്ങിയത്. ഇന്ത്യന്‍ സര്‍ക്കിളിനുള്ളിലെ ആശയക്കുഴപ്പം എതിരാളികള്‍ മുതലെടുത്തു. ടിം ഹെര്‍സ്ബ്രുച്ച്‌സാണ് ഗോള്‍ നീക്കത്തിന് തിരികൊളുത്തിയത്. ഇദ്ദേഹത്തില്‍ നിന്നും ഫ്‌ളോറിയന്‍ ഫുക്ക്‌സ് പന്തേറ്റുവാങ്ങി. തുടര്‍ന്ന് ടിമുര്‍ ഓറിസിലേക്ക് പന്തെത്തുന്നു. ഇന്ത്യന്‍ പ്രതിരോധനിരയെ കാഴ്ച്ചക്കാരാക്കിയാണ് ടിമുര്‍ ഓറിസ് ജര്‍മനിക്ക് ആദ്യ ഗോള്‍ സമ്മാനിക്കുന്നത്. രണ്ടാം ക്വാര്‍ട്ടറിലാണ് ഇന്ത്യയുടെ മറുപടി. 17 ആം മിനിറ്റില്‍ ഇന്ത്യയുടെ തകര്‍പ്പന്‍ ഗോള്‍. പ്രത്യാക്രമണത്തില്‍ നിന്ന് ഇന്ത്യ ഗോള്‍ കണ്ടെത്തി. ആദ്യം പന്തുമായി നീലകണ്ഠ ശര്‍മയുടെ വെട്ടിമാറിയുള്ള മുന്നേറ്റം. ശേഷം പന്ത് സിമ്രന്‍ജിത്ത് സിങ്ങിലേക്ക്. ലഭിച്ച അവസരം നിമിഷനേരംകൊണ്ട് താരം ഗോളാക്കി മാറ്റി.

എന്നാല്‍ ഇന്ത്യയുടെ ആഘോഷം ഏറെ നീണ്ടു നിന്നില്ല. 24, 25 മിനിറ്റുകളില്‍ തുടരെ ഗോളടിച്ച് ജര്‍മനി മത്സരം വീണ്ടും തങ്ങളുടെ വരുതിയിലാക്കി. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറില്‍ കാര്യങ്ങള്‍ അവിടംകൊണ്ട് തീര്‍ന്നില്ല. 27, 29, 31 മിനിറ്റുകളില്‍ ഇന്ത്യ തിരിച്ചടിച്ചു, അതേ നാണയത്തില്‍. ഹര്‍മന്‍പ്രീത് സിങ്ങിന്റെ തുടര്‍ച്ചയായ രണ്ടു ഗോളുകള്‍ ഇന്ത്യയെ ഒപ്പത്തിനൊപ്പമാക്കി. മൂന്നാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ രൂപീന്ദര്‍ പാല്‍ സിങ് പെനാല്‍റ്റി കോര്‍ണറിനെ ഗോളാക്കി മാറ്റിയതോടെ ഇന്ത്യ ഗോള്‍ ലീഡ് ഉയര്‍ത്തി. ഈ സമയം സ്‌കോര്‍ 4 - 1. പിന്നാലെ 34 ആം മിനിറ്റില്‍ ഗോള്‍ ലീഡ് ഇന്ത്യ അഞ്ചാക്കി ഉയര്‍ത്തി. കളത്തില്‍ സംഭവിക്കുന്നത് എന്തെന്നറിയാതെ കുഴങ്ങുകയായിരുന്നു ജര്‍മന്‍ താരങ്ങള്‍. വലതു വിങ്ങില്‍ നിന്നും പന്തുമായി ഓടിയെത്തിയ ഗുര്‍ജന്ത് സിങ് സര്‍ക്കിളിനുള്ളിലേക്ക് അതിവേഗം പ്രവേശിക്കുന്നു. പിന്നാലെ പന്ത് സിമ്രന്‍ജിത്ത് സിങ്ങിലേക്ക്. ലഭിച്ച അവസരം സിമ്രന്‍ജിത്ത് സിങ് ഗോളാക്കി മാറ്റി.

നാലാം ക്വാര്‍ട്ടറില്‍ തുടക്കത്തില്‍ത്തന്നെ നാലാം ഗോള്‍ കണ്ടെത്താന്‍ ജര്‍മനിക്ക് കഴിഞ്ഞെങ്കിലും സമനില ഗോള്‍ മാത്രം കുറിക്കാന്‍ ടീം പരാജയപ്പെട്ടു. ഇന്ത്യന്‍ ഗോള്‍ മുഖത്ത് മലയാളി താരം പി ആര്‍ ശ്രീജേഷ് നടത്തിയ അത്യുഗ്രന്‍ സേവുകളും ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായകമായി. ജയത്തോടെ ഒളിമ്പിക്‌സ് ചരിത്രത്തിലെ മൂന്നാമത്തെ വെങ്കല മെഡലാണ് ഇന്ത്യന്‍ സംഘം സ്വന്തമാക്കിയിരിക്കുന്നത്. നിലവില്‍ ഒളിമ്പിക്‌സ് ഹോക്കിയില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ കരസ്ഥമാക്കിയ രാജ്യം ഇന്ത്യയാണ്. എട്ടു സ്വര്‍ണവും ഒരു വെള്ളിയും മൂന്നു വെങ്കലവും ഇക്കാലമത്രയുംകൊണ്ട് ഇന്ത്യ ഹോക്കിയില്‍ നേടിയിട്ടുണ്ട്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Read more about: olympics 2021
Story first published: Thursday, August 5, 2021, 8:59 [IST]
Other articles published on Aug 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X