Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോക്കിയില്‍ നമ്മുടെ കാലം കഴിഞ്ഞെന്ന് ആരു പറഞ്ഞു, ഈ നേട്ടങ്ങള്‍ നോക്കൂ...

ലഖ്‌നൗ: 15 വര്‍ഷം നീണ്ട കാത്തിരിപ്പിന് അറുതിയിട്ടാണ് ഇന്ത്യന്‍ ഹോക്കി ടീം ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ മുത്തമിട്ടത്. 2001ലാണ് ഇതിനു മുമ്പ് ഇന്ത്യ ടൂര്‍ണമെന്റില്‍ വെന്നിക്കൊടി നാട്ടിയത്.

ലഖ്‌നൗവിലെ മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയത്തില്‍ ആര്‍പ്പുവിളിച്ച പതിനായിരക്കണക്കിന് ആരാധകരുടെ പിന്തുണയോടെ ഇരമ്പിക്കളിച്ച ഇന്ത്യന്‍ യുവനിര ബെല്‍ജിയത്തെ 2-1ന് തുരത്തുകയായിരുന്നു.

ഗുര്‍ജന്ത് സിങും സിമ്രന്‍ജീത്ത് സിങുമാണ് ഇന്ത്യക്കായി സ്‌കോര്‍ ചെയ്തത്. ഫാബ്രിസ് വാന്‍ ബോക്‌റിക്ക് ബെല്‍ജിയത്തിന്റെ ആശ്വാസഗോളിന് അവകാശിയായി.

25 മിനിറ്റ് കൊണ്ട് കളി വരുതിയിലാക്കി ഇന്ത്യ

സെമി ഫൈനലില്‍ കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാരും ആറു തവണ വിജയികളുമായ ജര്‍മനിയെ അട്ടിമറിച്ചെത്തിയ ബെല്‍ജിയം ഫൈനില്‍ ഇന്ത്യക്ക് ഭീഷണിയുയര്‍ത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.
തുടക്കം മുതല്‍ വിജയതൃഷ്ണയോടെ കളിച്ച ഇന്ത്യയുടെ നീലക്കുപ്പായക്കാര്‍ 25 മിനിനുള്ളില്‍ തന്നെ രണ്ടു ഗോളുകള്‍ നേടി കിരീടത്തില്‍ പിടിമുറുക്കിയിരുന്നു. എട്ടാം മിനിറ്റില്‍ ഗുര്‍ജന്തിലൂടെ ലീഡ് നേടിയ ഇന്ത്യ 22ാം മിനിറ്റില്‍ സിമ്രന്‍ജീത്തിന്റെ ഗോളില്‍ വിജയമുറപ്പിച്ചു.

ജര്‍മനിയുടെ നേട്ടത്തിനൊപ്പം ഇന്ത്യ

ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഒന്നില്‍ക്കൂടുതല്‍ തവണ കിരീടമുയര്‍ത്തിയ ടീമെന്ന റെക്കോഡ് നേരത്തേ ജര്‍മനിയുടെ പേരിലായിരുന്നു. എന്നാല്‍ ഞായറാഴ്ചത്തെ കിരീടനേട്ടത്തോടെ ഇന്ത്യ ഈ നേട്ടത്തിനൊപ്പമെത്തി.

ഇന്ത്യന്‍ കുതിപ്പ് തോല്‍വിയറിയാതെ

ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ ലോകകിരീടത്തിലേക്ക് കുതിച്ചെത്തിയത്.
്ഗ്രൂപ്പുഘട്ടത്തില്‍ കളിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ച് ഒന്നാംസ്ഥാനക്കാരായി ക്വാര്‍ട്ടറിലെത്തിയ ഇന്ത്യ പിന്നീട് എതിരാളികളെ ഒന്നൊന്നായി വെട്ടിനിരത്തി മുന്നേറി. ക്വാര്‍ട്ടറില്‍ സ്‌പെയിനും സെമിയില്‍ ആസ്‌ത്രേലിയയുമാണ് ഇന്ത്യക്കു മുന്നില്‍ തലകുനിച്ചത്.

വിജയമന്ത്രമോതി ശ്രീജേഷും

സീനിയര്‍ ടീം ക്യാപ്റ്റനും മലയാളി ഗോള്‍കീപ്പറുമായ പി ആര്‍ ശ്രീജേഷിന് ജൂനിയര്‍ ലോകകപ്പില്‍ എന്താണ് കാര്യമെന്ന് പലര്‍ക്കും സംശയം തോന്നാം. എന്നാല്‍ കോച്ചിനെക്കൂടാതെ ഇന്ത്യന്‍ ടീമിന് പിന്തുണയും ഉപദേശവും നല്‍കി ശ്രീ ഒപ്പം തന്നെയുണ്ടായിരുന്നു.
ആസ്‌ത്രേലിയക്കെതിരായ സെമി ഫൈനലില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഇന്ത്യന്‍ ഗോളി കൂടിയായ വികാസ് ദാഹിയയെ രണ്ടു സേവുകള്‍ നടത്താന്‍ സഹായിച്ചത് ശ്രീയായിരുന്നു. ഷൂട്ടൗട്ടിന് മുമ്പ് ഗ്രൗണ്ടിലെത്തിയ ശ്രീയുടെ ഉപദേശമാണ് തന്നെ മികച്ച പ്രകടനത്തിന് സഹായിച്ചതെന്ന് ദാഹിയ പറഞ്ഞിരുന്നു.

ഇന്ത്യന്‍ വിജയത്തിന് പിന്നില്‍

ആത്മവിശ്വാസം തന്നെയാണ് ഇതില്‍ പ്രധാനപ്പെട്ടത്. മുഴുവന്‍ എതിരാളികളെയും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ നേരിട്ടതെന്ന് ഓരോ മല്‍സരവും ശ്രദ്ധിച്ചാല്‍ വ്യക്തമാവും.
ഫിറ്റ്‌നസാണ് മറ്റൊരു ഘടകം. ടൂര്‍മെന്റിലുടനീളം മികച്ച ഫിറ്റ്‌നസ് കാത്തു സൂക്ഷിക്കാന്‍ കളിക്കാര്‍ക്കു സാധിച്ചു.
തുടക്കില്‍ തന്നെ ഗോള്‍ വഴങ്ങാതിരിക്കുകയെന്ന തന്ത്രം വിജയകരമായി നടപ്പാക്കാനായതാണ് മറ്റൊരു പ്രധാനപ്പെട്ടത്.

ആശംസാപ്രവാഹം

നീണ്ട ഇടവേളയ്‌ക്കൊടുവില്‍ ഇന്ത്യന്‍ ഹോക്കി ടീം വിശ്വവിജയികളായതോടെ ആശംസാപ്രവാഹമാണ് കണ്ടത്. ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ ആശംസകള്‍ കൊണ്ട് നിറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോക്‌സര്‍ വിജേന്ദര്‍ സിങ്, മുന്‍ ക്രിക്കറ്റ് താരം ബിഷന്‍സിങ് ബേദി, മുന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അഞ്ജും ചോപ്ര, ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍, ഇന്ത്യയുടെ മുന്‍ ഓപണര്‍ ഗൗതം ഗംഭീര്‍, നിലവിലെ ഓപണര്‍ ശിഖര്‍ ധവാന്‍ എന്നിവരടക്കം നിരവധി പേര്‍ ചരിത്രവിജയത്തില്‍ ടീമിനെ അഭിനന്ദിച്ചു.

ഇന്ത്യന്‍ ഹോക്കിക്ക് ഇത് സുവര്‍ണവര്‍ഷം

ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണകാലം അസ്തമിച്ചെന്ന് കണ്ണിരൊഴുക്കിയവരുടെ മുഖത്ത് പുഞ്ചിരി വന്ന വര്‍ഷമാണിത്. ഹോക്കിയില്‍ തങ്ങള്‍ ഒരിക്കല്‍ക്കൂടി ലോകം കീഴടക്കാന്‍ സജ്ജരായെന്ന് തെളിയിക്കാന്‍ ടീമിനു സാധിച്ചു.
സീനിയര്‍ പുരുഷ ടീം ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയില്‍ കിരീടം ചൂടിയിരുന്നു. ചാംപ്യന്‍സ് ട്രോഫിയില്‍ റണ്ണറപ്പാവാനും ടീ്മിനു കഴിഞ്ഞു.
റിയോ ഒളിംപിക്‌സിന്റെ ക്വാര്‍ട്ടറിലെത്തിയതാണ് മറ്റൊരു പ്രധാനനേട്ടം. വനിതാ ടീമാവട്ടെ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ട് കരുത്തു കാണിച്ചു.

Story first published: Monday, December 19, 2016, 13:14 [IST]
Other articles published on Dec 19, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+