ദില്ലി: ഒക്ടോബറില്‍ അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നടക്കാനിരിക്കുന്ന യൂത്ത് ഒളിമ്പിക്സിന് ഇന്ത്യയുടെ വനിതാ പുരുഷ ഹോക്കി ടീമുകല്‍ യോഗ്യത നേടി. ബാങ്കോക്കില്‍ നടന്ന യോഗ്യതാ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പുരുഷവിഭാഗത്തില്‍ ഇന്ത്യ മലേഷ്യയെ തോല്‍പ്പിച്ചാണ് ബര്‍ത്ത് ഉറപ്പിച്ചത്. വനിതാ വിഭാഗത്തില്‍ ചൈനയോട് തോറ്റെങ്കിലും ഇന്ത്യ ഒളിമ്പിക്സ് യോഗ്യത ഉറപ്പാക്കി.
പുരുഷവിഭാഗത്തില്‍ കരുത്തരെയാകും ഇന്ത്യയ്ക്ക് നേരിടേണ്ടിവരിക. 2014ലെ യൂത്ത് ഒളിമ്പിക്സ് ചാമ്പ്യനായ ഓസ്ട്രേലിയ, റണ്ണറപ്പ് കാനഡ, അര്‍ജന്റീന, ഓസ്ട്രിയ, ബംഗ്ലാദേശ്, പോളണ്ട്, മെക്സിക്കോ, മലേഷ്യ, കെനിയ, സാംബിയ, വനുവതു എന്നിവരാണ് ഹോക്കി ഒളിമ്പിക്സിന് യോഗ്യത നേടിയവര്‍.
വനിതാ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ ചൈന, അര്‍ജന്റീന, ഓസ്ട്രിയ, പോളണ്ട്, യുറുഗ്വായ്, മെക്സിക്കോ, ഓസ്ട്രേലിയ, നമീബിയ, സൗത്ത് ആഫ്രിക്ക, സിംബാബ്വേ, വനുവതു എന്നിവര്‍ പങ്കെടുക്കും. ഒക്ടോബര്‍ 6 മുതല്‍ 18 വരെയാണ് യൂത്ത് ഒളിമ്പിക്സ്. ഇതാദ്യമായാണ് ഇന്ത്യ യൂത്ത് ഒളിമ്പിക്സ് ഹോക്കിയില്‍ യോഗ്യത നേടുന്നത്.
ഇന്ത്യയുടെ യുവസംഘം യൂത്ത് ഒളിമ്പിക്സിന് യോഗ്യത നേടിയതില്‍ ഹോക്കി ഇന്ത്യ ജനറല്‍ സെക്രട്ടറി മുഷ്താഖ് അഹമ്മദ് അഭിനന്ദിച്ചു. ഇരു ടീമുകളും കഠിനാധ്വാനം ചെയ്താണ് ഒളിമ്പിക്സ് യോഗ്യത കരസ്ഥമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. അര്‍ജന്റീനയില്‍ നടക്കുന്ന ഗെയിംസില്‍ ഇന്ത്യയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.