ഇന്ത്യന്‍ പുരുഷ ഹോക്കി ടീം കോച്ച് വീണ്ടും രാജിവെച്ചു
ദില്ലി: തന്റെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതില്‍ വിമുഖത കാട്ടിയ ഹോക്കി ഇന്ത്യയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ഹോക്കി ടീം കോച്ച് ടെറി വാള്‍ഷ് രാജിവച്ചു. ഹോക്കി ഇന്ത്യയുമായുള്ള കരാര്‍ അവസാനിക്കാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെയാണ് ടെറി വാല്‍ഷിന്റെ നാടകീയ രാജി. ടെറി വാല്‍ഷിന്റെ ശിക്ഷണത്തിലാണ് ഇന്ത്യ ഒന്നര പതിറ്റാണ്ടിനുശേഷം ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം കരസ്ഥമാക്കിയത്.
ഏഷ്യന്‍ ഗെയിംസിന് തൊട്ടുപിന്നാലെ സ്‌പോട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ടെറി വാല്‍ഷ് രാജിവെച്ചിരുന്നു. എന്നാല്‍ ടെറിവാല്‍ഷിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് അദ്ദേഹം രാജി തീരുമാനത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇതിനുശേഷം ഓസ്‌ട്രേലിയയില്‍ നടന്ന ഹോക്കി പരമ്പരയില്‍ ഇന്ത്യ ആതിഥേയരെ 3-1 എന്ന രീതിയില്‍ തോല്‍പ്പിച്ച് പരമ്പര കരസ്ഥമാക്കുകയും ചെയ്തു.

പരമ്പരയ്ക്കുശേഷം ഇന്ത്യയിലെത്തിയ ടെറി വാല്‍ഷ് തന്റെ ആവശ്യങ്ങള്‍ വീണ്ടും ഉന്നയിച്ചെങ്കിലും ഹോക്കി ഇന്ത്യ പ്രതികരിച്ചില്ലെന്നാണ് പരാതി. സപ്പോര്‍ട്ട് ടീമിനെ തിരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുക, ഓസ്‌ട്രേലിയയില്‍ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവിടാന്‍ അനുവദിക്കുക എന്നിവയായിരുന്നു ടെറി വാല്‍ഷിന്റെ പ്രധാന ആവശ്യങ്ങള്‍.
സായി, കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രാലയം എന്നിവര്‍ ടെറി വാല്‍ഷിന്റെ സേവനത്തില്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും ഹോക്കി ഇന്ത്യയുടെ ഭാഗത്തുനിന്നും അനുകൂല തീരുമാനം വൈകിയതോടെയാണ് അദ്ദേഹം രാജി തീരുമാനം പ്രഖ്യാപിച്ചത്. ഒരു വര്‍ഷം മുന്‍പ് ടീമിന്റെ പരിശീലക സ്ഥാനത്തെത്തിയ ടെറി വാല്‍ഷ്, ടീമിനെ മികച്ച രീതിയിലാണ് പരിശീലിപ്പിച്ചുവന്നിരുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications