ഭുവനേശ്വര്‍: റഷ്യയെ ഗോള്‍മഴയില്‍ മുക്കി എഫ്.ഐ.എച്ച്. സീരീസ് ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുടക്കം. കപ്പ് ഫേവറേറ്റുകളായ ഇന്ത്യ ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ റഷ്യയെ മറുപടിയില്ലാത്ത 10 ഗോളുകള്‍ക്കാണ് തകര്‍ത്തത്.
ഡ്രാഗ് ഫ്ളിക്കര്‍ ഹര്‍മന്‍പ്രീത് സിങ് (32, 48 മിനിറ്റുകളില്‍), സ്ട്രൈക്കര്‍ ആകാശ്ദീപ് സിങ് (41, 55) എന്നിവര്‍ ഇന്ത്യക്കായി ഇരട്ടഗോള്‍ നേടി. നില്കാന്ത ശര്‍മ (13), സിമ്രന്‍ജീത് സിങ് (19), അമിത് റോഹിദസ് (20), വരുണ്‍ കുമാര്‍ (33), ഗുര്സഭിജിത്ത് സിങ് (38), വിവേക് സാഗര്‍ പ്രസാദ് (45) എന്നിവരാണ് മറ്റു സ്കോറര്‍മാര്‍.
ലോക റാങ്കിങ്ങില്‍ 22-ാം സ്ഥാനക്കാരായ റഷ്യക്കെതിരേ ആദ്യ പകുതിയില്‍ ഇന്ത്യന്‍ സ്ട്രൈക്കര്‍മാരുടെ മുന്നേറ്റം അല്പം മന്ദഗതിയിലായിരുന്നു. മൂന്നാം മിനിറ്റില്‍ ഇന്ത്യക്ക് രണ്ട് പെനല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും രണ്ടും പാഴായി. ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനക്കാരായ ഇന്ത്യക്ക് റഷ്യന്‍ പ്രതിരോധപ്പൂട്ടഴിക്കാന് 13 മിനിറ്റ് വേണ്ടിവന്നു. നില്കാന്തയാണ് ലക്ഷ്യം കണ്ടത്.
നാഷന്‍സ് ലീഗ് സെമിയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് നെതര്‍ലന്‍ഡ്സ് ഫൈനലില്‍
സെക്കന്റുകള്‍ക്കു ശേഷം നില്കാന്ത വീണ്ടും സ്കോര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും റഷ്യന്‍ ഗോള്‍കീപ്പര്‍ മരത് ഗഫറോസ് രക്ഷപ്പെടുത്തുകയായിരുന്നു. 19-ാം മിനിറ്റില്‍ സിമ്രന്‍ജീത് ലീഡുയര്‍ത്തി. അതിനുതൊട്ടുമുന്പാണ് സുമിത്തിന്റെ ഒരു ഗോള്‍ശ്രമം റഷ്യന്‍ ഗോളി തകര്‍ത്തത്. ഒരു മിനിറ്റിനുശേഷം ഇന്ത്യക്ക് മൂന്നാം കോര്‍ണര്‍ ലഭിച്ചു. ഒരു പിഴവും വരുത്താതെ റോഹിദാസ് അത് ലക്ഷ്യത്തിലെത്തിച്ചു.
രണ്ടാം പകുതിയില്‍ ഹര്‍മന്‍പ്രീതും വരുണ്‍ കോര്‍ണറുകള്‍ ലക്ഷ്യത്തിലെത്തിച്ചതിനു പിന്നാലെ ഗുര്സഭിജിത്തും ആകാശ്ദീപും സ്കോര്‍ ചെയ്തു. ഹര്‍മന്‍പ്രീത് ഡബിള്‍ തികയ്ക്കുന്നതിന് തൊട്ടുമുന്‍പ് യുവതാരം പ്രസാദ് തന്റെ പേരും സ്കോര്ഷീറ്റീല് ചേര്‍ത്തു. കളി അവസാനിക്കാന്‍ അഞ്ച് മിനിറ്റ് ശേഷിക്കേ ആകാശ്ദീപ് തന്റെ രണ്ടാം ഗോള്‍ തൊടുത്തു.
പൂള് ബിയില്‍ വെള്ളിയാഴ്ച പോളണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ടൂര്‍ണമെന്റിലെ മറ്റു മത്സരങ്ങളില്‍ യു.എസ്.എ. ദക്ഷിണാഫ്രിക്കയെ 2-0നും പോളണ്ട് ഉസ്ബെകിസ്താനെ 4-0നും തോല്‍പ്പിച്ചു.