ദില്ലി: ഇന്ത്യന്‍ പുരുഷ ഹോക്കി ടീം കോച്ച് ഷോര്‍ഡ് മരീന്‍ പുറത്തേക്കെന്ന് റിപ്പോര്‍ട്ട്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ മോശം പ്രകടനത്തെ തുടര്‍ന്ന് കോച്ചിനെ മാറ്റാന്‍ ഹോക്കി ഇന്ത്യ ആലോചിക്കുകയാണ്. ഇന്ത്യന്‍ ടീമില്‍ കോച്ചിന്റെ ഭാവി സുരക്ഷിതമല്ലെന്ന് ഹോക്കി ഇന്ത്യ വക്താവ് സൂചിപ്പിച്ചു.
ഇന്ത്യയ്ക്ക് ഈ വര്‍ഷം മൂന്ന് പ്രധാന ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കേണ്ടതുണ്ട്. ഏഷ്യന്‍ ഗെയിംസ്, ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നിവയില്‍ മികച്ച പ്രകടനം നടത്തേണ്ട ടീമിന് ശരിയായ കോച്ചിനെ തന്നെ നല്‍കാനാണ് ഹോക്കി ഇന്ത്യയുടെ തീരുമാനം. ഷോര്‍ഡിനെ നിലനിര്‍ത്തണോ എന്ന കാര്യം ഹോക്കി ഇന്ത്യയുടെ നിര്‍ണായക യോഗത്തില്‍ തീരുമാനിക്കും.
റോളന്റ് ഓള്‍ട്ട്മാന്‍സിന് പകരമാണ് ഡച്ചുകാരനായ ഷോര്‍ഡ് പരിശീലകസ്ഥാനമേല്‍ക്കുന്നത്. എന്നാല്‍, 12 വര്‍ഷത്തിനുശേഷം കോമണ്‍വെല്‍ത്തില്‍ മെഡലൊന്നും നേടാതെ ഇന്ത്യ തിരിച്ചുവന്നത് നിരാശപ്പെടുത്തി. ഇതിന് പിന്നാലെ ഹോക്കി ടീം ക്യാപ്റ്റനായി മലയാളി ശ്രീജേഷിനെ നിയമിക്കുകയും ചെയ്തു.
ഹരേന്ദ്ര സിങ്, ഡേവിഡ് ജോണ്‍ എന്നിവരാണ് ഷോര്ഡിന് പകരക്കാരായി പരിഗണിക്കുന്നത്. ഷോര്‍ഡ് ഇപ്പോള്‍ ഹോളണ്ടിലാണ്. ബെംഗളുരുവില്‍ തിങ്കളാഴ്ച മുതല്‍ ഹോക്കി ക്യാമ്പ് ആരംഭിക്കുകയാണ്. അതുകൊണ്ടുതന്നെ അടുത്തദിവസം തന്നെ പുതിയ കോച്ചിനെ പ്രഖ്യാപിക്കുകയോ ഷോര്‍ഡിനെ നിലനിര്‍ത്തുന്ന കാര്യം അറിയിക്കുകയോ ചെയ്യും.