ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്നുകൊണ്ടിരിക്കുന്ന പതിനാലാമത് ഹോക്കി ലോകകപ്പിന്റെ പൂള് സി യിലെ മൂന്നാം മത്സരത്തില്‍ കാനഡയെ തോല്‍പ്പിച്ച ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേടിട്ട് ഇടംപിടിച്ചു. 5-1 എന്ന സ്കോറിനാണ് ഇന്ത്യ കാനഡയെ തോല്‍പ്പിച്ചത്. ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇന്ത്യ ക്വാര്‍ട്ടറില്‍ നേരിട്ട് ഇടംനേടുകയായിരുന്നു. രണ്ടു ജയവും രണ്ട് സമനിലയുമായി ഇന്ത്യയ്ക്ക് 7 പോയന്റുണ്ട്. ബെല്‍ജിയം ഇത്രയും പോയന്റ് നേടിയെങ്കിലും ഗോള്‍ ശരാശരിയിലാണ് ഇന്ത്യ ഗ്രൂപ്പ് ജേതാക്കളായത്.
മത്സരത്തിന്റെ 12-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ്ങിലൂടെ ഇന്ത്യയാണ് ആദ്യം ഗോള്‍ നേടിയത്. ഇതോടെ കളിയില്‍ ഇന്ത്യ ആധിപത്യം സ്ഥാപിക്കുമെന്ന് കരുതിയെങ്കിലും 39-ാം മിനിറ്റില്‍ വാന്‍ സണ്‍ ഫ്രോറിസിലൂടെ കാനഡ ഗോള്‍ തിരിച്ചടിച്ചു. എന്നാല്‍, 46-ാം മിനിറ്റില്‍ ചിഗ്ലെന്സനയും, 47-ാം മിനിറ്റില്‍ ലളിത് ഉപാധ്യായയും, 50-ാം മിനിറ്റില്‍ അമിത് രോഹിദാസും, 57-ാം മിനിറ്റില്‍ ലളിത് ഉപാധ്യായ രണ്ടാം ഗോളും കണ്ടെത്തിയതോടെ മത്സരം ഇന്ത്യ വരുതിയിലാക്കി.
നേരത്തെ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബെല്‍ജിയം ദക്ഷിണാഫ്രിക്കയെ 5-1 എന്ന സ്കോറിന് തോല്‍പ്പിച്ചിരുന്നു. ബെല്‍ജിയത്തിനായി ഹെന്‍ഡ്രിക്സ്(14, 22), ഗോങ്നാര്‍ഡ്(16), ലൈപേര്ട്ട്(30), ചാര്ലിയര്(48) എന്നിവര്‍ ഗോള്‍ നേടി. ആദ്യ മിനിറ്റില്‍ നിക്കോളാസ് സ്പൂണറിന്റെ വകയായിരുന്നു ദക്ഷിണാഫ്രിക്കയുടെ ഗോള്‍. ഗ്രൂപ്പിലെ രണ്ട് മൂന്ന് സ്ഥാനക്കാര്‍ക്ക് ക്വാര്‍ട്ടറിലെത്താന്‍ ക്രോസ് ഓവര്‍ മത്സരം കളിക്കേണ്ടതുണ്ട്.