ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്നുകൊണ്ടിരിക്കുന്ന പതിനാലാമത് ഹോക്കി ലോകകപ്പിന്റെ പൂള് സി യിലെ മൂന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബെല്‍ജിയത്തിന് ജയം. ദക്ഷിണാഫ്രിക്കയെ 5-1 എന്ന സ്കോറിനാണ് ബെല്‍ജിയം തോല്‍പ്പിച്ചത്. ഇതോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായ യൂറോപ്യന്‍ കരുത്തര്‍ ക്വാര്‍ട്ടര്‍ സാധ്യത വര്‍ധിപ്പിച്ചു.
ഇന്ത്യയും കാനഡയും തമ്മില്‍ നടക്കുന്ന രണ്ടാം മത്സരത്തിലെ ഫലത്തെ ആശ്രയിച്ചായിരിക്കും ബെല്‍ജിയം നേരിട്ട് ക്വാര്‍ട്ടറിലെത്തുമോ എന്ന കാര്യത്തില്‍ തീരുമാനമാകുക. ബെല്‍ജിയത്തിനായി ഹെന്‍ഡ്രിക്സ്(14, 22), ഗോങ്നാര്‍ഡ്(16), ലൈപേര്ട്ട്(30), ചാര്ലിയര്(48) എന്നിവര്‍ ഗോള്‍ നേടി. ആദ്യ മിനിറ്റില്‍ നിക്കോളാസ് സ്പൂണറിന്റെ വകയായിരുന്നു ദക്ഷിണാഫ്രിക്കയുടെ ഗോള്‍.
ഗ്രൂപ്പില്‍ ഗോള്‍ ശരാശരിയില്‍ ഇന്ത്യയാണ് മുന്നില്‍ നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ കാനഡയെ തോല്‍പ്പിച്ചാല്‍ ആതിഥേയര്‍ക്ക് നേരിട്ട് ക്വാര്‍ട്ടറില്‍ ഇടംപിടിക്കാം. ഇന്ത്യയുടെ ഗോള്‍ ശരാശരിയെ മറികടക്കാന്‍ ബെല്‍ജിയം അവസാന മിനിറ്റുകളില്‍ ആഞ്ഞടിച്ചെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. അവസാന ക്വാര്‍ട്ടറില്‍ ഒരു ഗോള്‍മാത്രമാണ് അവര്‍ക്ക് നേടാനായത്.