ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീം പരിശീലക സ്ഥാനത്തുനിന്ന് ഹരേന്ദ്ര സിങ്ങിനെ ഹോക്കി ഇന്ത്യ ഒഴിവാക്കി. ജൂനിയര്‍ ടീമിന്റെ പരിശീലനച്ചുമതല ഏറ്റെടുക്കാന്‍ ഹരേന്ദ്ര സിങ്ങിനോട് നിര്‍ദ്ദേശിച്ചു. ഹരേന്ദ്ര സിങ്ങിന്റെ കീഴില്‍ 2016-ല്‍ ഇന്ത്യന്‍ ജൂനിയര്‍ ടീം ലോകകപ്പ് കിരീടം നേടിയിരുന്നു. ദീര്‍ഘകാലം ജൂനിയര്‍ ടീമിന്റെ പരിശീലകനായിരുന്ന അദ്ദേഹം ഒട്ടേറെ മികച്ച താരങ്ങളെ ഇന്ത്യയ്ക്ക് സമ്മാനിക്കുകയും ചെയ്തു. 2017ല്‍ വനിതാ ടീമിന്റെ പരിശീലകനായിരിക്കെ ഇന്ത്യ ഏഷ്യാ കപ്പില്‍ സ്വര്‍ണവും നേടി.
ഇക്കഴിഞ്ഞ ഹോക്കി ലോകകപ്പിലും ഹരേന്ദ്ര സിങ്ങിന്റെ കീഴില്‍ സീനിയര്‍ ടീം ഒന്നാന്തരം പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാംസ്ഥാനക്കാരായി ക്വാര്‍ട്ടറിലെത്തിയ ടീം നെതര്‍ലന്‍ഡ്‌സിനോട് പൊരുതിത്തോല്‍ക്കുകയായിരുന്നു. സീനിയര്‍ ടീമില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഹരേന്ദ്ര സിങ്ങിനെ മാറ്റിയത് നിലവാരമുള്ള വിദേശ പരിശീലകന് വേണ്ടിയാണെന്നാണ് റിപ്പോര്‍ട്ട്.

സീനിയര്‍ ടീമിന്റെ മേല്‍നോട്ടച്ചുമതല ഹൈ പെര്‍ഫോമന്‍സ് ഡയറക്ടര്‍ ഡേവിഡ് ജോണിനും അനലിറ്റിക്കല്‍ കോച്ച് ക്രിസ് സിറില്ലോക്കും കൈമാറി. സീനിയര്‍ പരിശീലകനായുള്ള അപേക്ഷ ഹോക്കി ഇന്ത്യ ക്ഷണിക്കും. കോമണ്‍വെല്‍ത്ത് ഗെയിംസിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ഷോര്‍ഡ് മരീനെയ്ക്കു പകരമായാണ് ഹരേന്ദ്ര സിങ്ങിനെ ചുമതലയേല്‍പ്പിച്ചത്. എന്നാല്‍, ഏഷ്യന്‍ ഗെയിംസില്‍ ഫൈനലിലെത്തുന്നതില്‍ പരാജയപ്പെട്ടതോടെ ഇന്ത്യയ്ക്ക് 2020ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ നേരിട്ട് പങ്കെടുക്കാനുള്ള അവസരം നഷ്ടമായിരുന്നു.