ന്യൂഡല്‍ഹി: ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്റെ റാങ്കിങ്ങില്‍ എക്കാലത്തേയും മികച്ച നേട്ടത്തിലെത്തി ഇന്ത്യന്‍ പുരുഷ ടീം. മികച്ച ഫോമില്‍ കളിക്കുന്ന ടീം കഴിഞ്ഞദിവസം പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങ്ങില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു. അഞ്ചാം റാങ്കിലുണ്ടായിരുന്ന ഇന്ത്യ അര്‍ജന്റീനയെ ഒരുസ്ഥാനം പിറകിലേക്ക് തള്ളിയാണ് നാലാം റാങ്കിലെത്തിയത്. എഫ്ഐഎച്ച് ഹോക്കി ലീഗിലെ പ്രകടനം ഇന്ത്യയുടെ റാങ്കിങ് ഉയര്‍ത്തി.
ലോക ചാമ്പ്യന്‍ ബെല്‍ജിയം തന്നെയാണ് ഒന്നാം റാങ്കിലുള്ളതത്. ഓസ്ട്രേലിയ രണ്ടാം റാങ്കിലും നെതര്‍ലന്‍ഡ്സ് മൂന്നാം റാങ്കിലുമുണ്ട്. ആദ്യ മൂന്ന് സ്ഥാനത്തുമുള്ള ടീമുകളെ ഇന്ത്യ അടുത്തിടെ തോല്‍പ്പിച്ചിരുന്നു. ജര്‍മനിയും ഇംഗ്ലണ്ടുമാണ് ആറും ഏഴും സ്ഥാനത്തുള്ളത്. ന്യൂസിലന്‍ഡ് എട്ടാം സ്ഥാനത്തും സ്പെയ്ന്‍ ഒമ്പതാം സ്ഥാനത്തുമാണ്. 2003ല്‍ റാങ്കിങ് നിലവില്‍ വന്നശേഷം ഇന്ത്യ നേടുന്ന ഉയര്‍ന്ന റാങ്കിലാണിപ്പോഴുള്ളത്.
എഫ്എ കപ്പില്‍ ആഴ്സണല്‍ ക്വാര്‍ട്ടറില്‍; പോര്‍ട്സ്മൗത്തിനെ വീഴ്ത്തി
പ്രോ ഹോക്കി ലീഗില്‍ ഇന്ത്യ മികച്ച മത്സരമാണ് കാഴ്ചവെക്കുന്നത്. 6 കളികളില്‍നിന്നും 10 പോയന്റുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. ബെല്‍ജിയം(14), നെതര്‍ലന്‍ഡ്സ്(11), ഓസ്ട്രേലിയ(10) ടീമുകളാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളവര്‍. വനിതാ റാങ്കിങ്ങില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്താണ്. നെതര്‍ലന്‍ഡ്സ്, ഓസ്ട്രേലിയ, അര്‍ജന്റീന, ജര്‍മനി, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളാണ് ആദ്യ അഞ്ചു സ്ഥാനങ്ങളില്‍. 2020 ജനുവരി 1 മുതല്‍ റാങ്കിങ് നിശ്ചയിക്കുന്നതില്‍ മാറ്റം വരുത്തിയിട്ടുണ്ട്.