ന്യൂഡല്‍ഹി; ലോകത്തെ വിവിധ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് കായിക രംഗത്തെ മത്സരങ്ങളേയും കാര്യമായി ബാധിച്ചുതുടങ്ങി. യൂറോപ്യന്‍ ഫുട്‌ബോളിലെ പല മത്സരങ്ങളും നേരത്തെ തന്നെ വൈറസ് ഭീതിയെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. ഇപ്പോഴിതാ ഹോക്കിയിലും കൊറോണോ ഭീഷണിയെത്തുടര്‍ന്ന് ടൂര്‍ണമെന്റ് തന്നെ മാറ്റിവെച്ചിരിക്കുകയാണ്.
മലേഷ്യയിലെ ഇപ്പോയില്‍ ഏപ്രില്‍ 11 മുതല്‍ 18വരെ നടക്കാനിരുന്ന അസ്ലാന്‍ ഷാ ഹോക്കി ടൂര്‍ണമെന്റാണ് മാറ്റിവെച്ചിരിക്കുന്നത്. ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ജപ്പാന്‍, കാനഡ, മലേഷ്യ, പാക്കിസ്ഥാന്‍ തുടങ്ങിയ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കേണ്ടിയിരുന്നത്. സപ്തംബര്‍ 24 മുതല്‍ ഒക്ടോബര്‍ 3വരെയാണ് പുതുക്കിയ തീയതി. ടൂര്‍ണമെന്റില്‍ സ്ഥിരമായി പങ്കെടുക്കാറുള്ള ഇന്ത്യ ഇത്തവണ കളിക്കുന്നില്ല. കഴിഞ്ഞ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ദക്ഷിണ കൊറിയയാണ് ചാമ്പ്യന്മാരായത്.

ലോകമെങ്ങുമായി 3,000ത്തില്‍ അധികം ആളുകള്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചതായാണ് കണക്ക്. 86,000ത്തോളം ആളുകള്‍ ചികിത്സയിലാണ്. ഫോര്‍മുല വണ്‍ ചൈനീസ് ഗ്രാന്‍ഡ് പ്രിക്‌സ്, ഏഷ്യന്‍ ബോക്‌സിങ് ക്വാളിഫിക്കേഷന്‍, ലോക ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്, ലോക റഗ്ബി സെവന്‍സ് സീരീസ് തുടങ്ങിയ ടൂര്‍ണമെന്റുകളെല്ലാം വൈറസ് ഭീതിയെത്തുടര്‍ന്ന് മാറ്റിവെച്ചിരിക്കുകയാണ്.