ബ്രേഡ (ഹോളണ്ട്): ചാംപ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ വീണ്ടും ഇന്ത്യ-ഓസ്‌ട്രേലിയ കിരീടപ്പോരാട്ടം. നിര്‍ണായക മല്‍സരത്തില്‍ ഹോളണ്ടിനോട് 1-1ന്റെ സമനില നേടിയാണ് ഇന്ത്യ ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് മുന്നേറിയത്. ഫൈനലിലെത്താന്‍ ഇന്ത്യക്ക് ഹോളണ്ടിനെതിരേ സമനില മാത്രം മതിയായിരുന്നു. ഇന്ന് വൈകീട്ട് 7.30നാണ് ഇന്ത്യ-ഓസ്‌ട്രേലിയ കിരീടപ്പോരാട്ടം അരങ്ങേറുന്നത്.

എട്ട് പോയിന്റോടെയാണ് ഇന്ത്യ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കു പിന്നാലെ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഏഴു പോയിന്റ് വീതം നേടിയ ആതിഥേയരായ ഹോളണ്ടിനെയും ശക്തരായ അര്‍ജന്റീനയെയുമാണ് ഇന്ത്യ പിന്തള്ളിയത്. 10 പോയിന്റാണ് ഒന്നാംസ്ഥാനക്കാരായി ഫൈനലില്‍ പ്രവേശിച്ച ഓസ്‌ട്രേലിയയുടെ അക്കൗണ്ടിലുള്ളത്.
ഇതോടെ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ കഴിഞ്ഞ ഫൈനലിന്റെ ആവര്‍ത്തനമായി മാറി. 2016 ഫൈനലില്‍ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ പെനാല്‍റ്റിയില്‍ ഇന്ത്യയെ 1-3ന് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ കിരീടം ചൂടിയിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ രണ്ടാം ഫൈനല്‍ പ്രവേശനം കൂടിയാണണിത്.
ഹോളണ്ടിനെതിരേ 47ാം മിനിറ്റില്‍ മന്‍ദീപ് സിങിലൂടെ ഇന്ത്യയാണ് ആദ്യം ഗോള്‍ നേടിയത്. എന്നാല്‍, 55ാം മിനിറ്റില്‍ തിയെറി ബ്രിന്‍ക്മാനിലൂടെ ഹോളണ്ട് സമനില ഗോള്‍ നേടുകയായിരുന്നു.