
മസ്‌കറ്റ്: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ചിരവൈരികളായ പാക്കിസ്ഥാനെ തകര്‍ത്തതിന്റെ പിന്നാലെ ജപ്പാനെതിരെയും ഇന്ത്യയ്ക്ക് മിന്നുന്ന വിജയം. ഞായറാഴ്ച നടന്ന മത്സരത്തില്‍ 9-0 എന്ന നിലയിലായിരുന്നു ഇന്ത്യ ജപ്പാനെ തോല്‍പ്പിച്ചത്. ഇന്ത്യയ്ക്കുവേണ്ടി ലളിത് ഉപാധ്യായ, ഹര്‍മന്‍പ്രീത് സിങ്, മന്‍ദീപ് സിങ് എന്നിവര്‍ ഇരട്ടഗോളുകള്‍ നേടി.
ഏഷ്യന്‍ ഗെയിംസ് പൂള്‍ മത്സരത്തില്‍ ജപ്പാനെ ഇന്ത്യ 8-0 എന്ന മാര്‍ജിനില്‍ തോല്‍പ്പിച്ചിരുന്നു. ഇന്ത്യയുടെ കളിക്കുമുന്നില്‍ ഒരിക്കല്‍ക്കൂടി പതറിയ ജപ്പാന് ഗോള്‍ ശ്രമങ്ങള്‍ തടഞ്ഞുനിര്‍ത്താനായില്ല. ഇന്ത്യയ്ക്കുവേണ്ടി ഗുര്‍ജന്‍ സിങ്, കോതാജിത്ത് സിങ് എന്നിവരും ജപ്പാന്റെ വല ചലിപ്പിച്ചു. ചൊവ്വാഴ്ച മലേഷ്യയുമായാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ അടുത്ത മത്സരം.

പാക്കിസ്ഥാനെ കഴിഞ്ഞദിവസം 3-1 എന്ന നിലയിലും ആദ്യ മത്സരത്തില്‍ ആതിഥേയരായ ഒമാനെ ഏകപക്ഷീയമായ 11 ഗോളുകള്‍ക്കും ഇന്ത്യ തോല്‍പ്പിച്ചിരുന്നു. പാക്കിസ്ഥാനെതിരെ കഴിഞ്ഞ പതിനൊന്നു മത്സരങ്ങളും ജയിച്ച ഇന്ത്യ ലോക അഞ്ചാ റാങ്കിലാണിപ്പോള്‍. മികച്ച ഫോമില്‍ കളിക്കുന്ന ടീമിന് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി നിലനിര്‍ത്തി ലോകകപ്പിനുള്ള ഒരുക്കം ഗംഭീരമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.