ദില്ലി: കേരളത്തിനും അഭിമാനിക്കാം ഇനി പി.ആര്‍ ശ്രീജേഷിലൂടെ. മലയാളി ഹോക്കി താരം പി.ആര്‍ ശ്രീജേഷിന് അര്‍ജുന പുരസ്‌കാരം. എറണാകുളം സ്വദേശിയാണ് ശ്രീജേഷ്. ഇന്ത്യന്‍ ടീമിലെ ലോകനിലവാരമുള്ള കളിക്കാരന്‍ എന്ന് ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ് വിശേഷിപ്പിച്ച കളിക്കാരന്‍. കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ശ്രീജേഷ്.
ഇന്ത്യന്‍ ഹോക്കി ടീം വൈസ് ക്യാപ്റ്റനാണ് ശ്രീജേഷ്. അത്‌ലറ്റ് എം.ആര്‍.പൂവമ്മ, ബോക്‌സിംഗ് താരം സരിതാദേവി, ക്രിക്കറ്റ് താരം രോഹിത് ശര്‍മ, ജിത്തുറായ്, കബഡി താരങ്ങളായ മഞ്ജിത് പില്ലാര്‍, എം.അഭിലാഷ്, ഗുസ്തി താരം ബജ്‌റംഗി എന്നിവരാണ് അര്‍ജുന പുരസ്‌കാരം ലഭിച്ച മറ്റുതാരങ്ങള്‍.

ടിന്റു ലൂക്ക, ഒ.പി ജെയ്ഷ എന്നിവരടക്കം അഞ്ച് മലയാളി താരങ്ങളായിരുന്നു പുരസ്‌കാര പട്ടികയിലുണ്ടായിരുന്നത്. എന്നാല്‍, മറ്റു മലയാളി താരങ്ങള്‍ക്കൊന്നും അര്‍ജുന പുരസ്‌കാരം ലഭിച്ചില്ല.
ലോക നിലവാരമുള്ള പ്രകടനം കൊണ്ട് മലയാളത്തിന്റെ ശ്രീ ഇന്ത്യയെ ഏഷ്യന്‍ ചാമ്പ്യന്‍മാരാക്കിയിരുന്നു. ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ പാക്കിസ്ഥാനെതിരെ ഷൂട്ടൗട്ടില്‍ വിജയം സമ്മാനിച്ചതു ശ്രീജേഷിന്റെ മികവായിരുന്നു. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ബല്‍ജിത് സിങ് പുരസ്‌കാരത്തിനും ശ്രീജേഷിനെ നേരത്തെ തിരഞ്ഞെടുത്തിരുന്നു.