ഹിറ്റ്‌ലറെക്കൊണ്ട് പോലും സല്യൂട്ട് ചെയ്യിച്ച ഇന്ത്യന്‍ ഹോക്കി ഇതിഹാസം, ധ്യാന്‍ചന്ദ്
മുംബൈ: ഹോക്കിയിലെ ഇന്ത്യന്‍ ഇതിഹാസം. എതിരാളിക്കള്‍ പോലും വാഴ്ത്തുകയും ആരാധിക്കുകയും ചെയ്ത പ്രതിഭ. ധ്യാന്‍ചന്ദിന്റെ കളി മികവിനെ അംഗീകരിക്കാത്തവരായി ആരും തന്നെ ഇല്ല. സാക്ഷാല്‍ ഹിറ്റ്‌ലര്‍പോലും സല്യൂട്ട് നല്‍കി ആദരിച്ച താരമാണ് ഇന്ത്യയുടെ അഭിമാനമായ ധ്യാന്‍ചന്ദ്. 1905 ഓഗസ്റ്റ് 29-ന് ഉത്തര്‍പ്രദേശിലെ അലഹബാദിലായിരുന്നു ധ്യാന്‍ചന്ദിന്റെ ജനനം. ഇന്ത്യന്‍ കരസേനയിലെ ഹോക്കി താരമായ സുമേഷ് വാര്‍ ദത്താണ് ധ്യാന്‍ചന്ദിന്റെ അച്ഛന്‍. ചെറുപ്പം മുതല്‍ ഹോക്കിയെ ഇഷ്ടപ്പെട്ടിരുന്ന ധ്യാന്‍ചന്ദിന്റെ യഥാര്‍ത്ഥ പേര് ധ്യാന്‍ സിങ് എന്നായിരുന്നു. രാത്രിയിലും ഹോക്കി സ്റ്റിക്കുമായുള്ള അദ്ദേഹത്തിന്റെ പരിശീലനം കണ്ട് സുഹൃത്തുക്കള്‍ നല്‍കിയ പേരാണ് ധ്യാന്‍ചന്ദ്. ഇന്ത്യയുടെ ഹോക്കിയുടെ സുവര്‍ണ്ണകാലഘട്ടത്തിലെ കരുത്തായിരുന്നു ധ്യാന്‍ ചന്ദ്.

ഒരു ഇടത്തരം കുടുംബത്തില്‍ അംഗമായിരുന്ന ധ്യാന്‍ചന്ദ് 17ാം വയസില്‍ അച്ഛന്റെ പാത പിന്തുടര്‍ന്ന് പട്ടാളത്തില്‍ ചേര്‍ന്നു. അവിടെ നിന്നാണ് അദ്ദേഹത്തിന്റെ ഹോക്കി താരമെന്ന നിലയ്ക്കുള്ള വളര്‍ച്ച ആരംഭിക്കുന്നത്. 1926ല്‍ ഇന്ത്യന്‍ കരസേന നടത്തിയ വിദേശ പര്യടനത്തിനുള്ള ടീമില്‍ 21കാരനായ ധ്യാന്‍ചന്ദും ഇടം പിടിച്ചിരുന്നു. രണ്ട് മാസത്തോളം നീണ്ടുനിന്ന പര്യടനത്തില്‍ 21 മത്സരങ്ങളില്‍ നിന്ന് 18 ജയം ഇന്ത്യന്‍ നേടി. 192 ഗോളുകളാണ് ഇന്ത്യന്‍ ടീം അടിച്ചെടുത്തത്. ഇതില്‍ പകുതിയിലേറെ ഗോളുകള്‍ പിറന്നത് ധ്യാന്‍ചന്ദിന്റെ സ്റ്റിക്കില്‍ നിന്നായിരുന്നു. പിന്നീടങ്ങോട്ട് ധ്യാന്‍ചന്ദെന്ന ഇതിഹാസം ഹോക്കി മൈതാനങ്ങളെ കീഴടക്കുകയായിരുന്നു. 1932ലെ ഒളിംപിക്‌സില്‍ ഇന്ത്യ അമേരിക്കയെ നേരിടുകയാണ്.

ആദ്യ പകുതിയില്‍ത്തന്നെ ഇന്ത്യ ഏറെ മുന്നിലെത്തിയിരുന്നു. ഇതില്‍ പകുതിയും നേടിയ ധ്യാന്‍ചന്ദിന്റെ ഹോക്കി സ്റ്റിക്കില്‍ എന്തോ മാറ്റം വരുത്തിയിട്ടുണ്ടെന്ന് അമേരിക്കന്‍ താരം ആരോപിച്ചപ്പോള്‍ തന്റെ സ്റ്റിക്ക് അദ്ദേഹത്തിന് കൈമാറി പകരം അമേരിക്കന്‍ താരത്തിന്റെ സ്റ്റിക്കുമായി ധ്യാന്‍ചന്ദ് കളി തുടര്‍ന്നു. ആദ്യ പകുതിയിലും ഗംഭീര പ്രകടനം അമേരിക്കക്കാരന്റെ സ്റ്റിക്കുമായി രണ്ടാം പകുതിയില്‍ കാഴ്ചവെച്ച ധ്യാന്‍ചന്ദ് ലോകത്തിന്റെ മുന്നില്‍ ഇതിഹാസമായി മാറുകയായിരുന്നു. 24-1 എന്ന സ്‌കോറിനാണ് അന്ന് ഇന്ത്യന്‍ ടീമിന്റെ ജയം. ഒരിക്കല്‍ ഗോളടിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഗോള്‍ പോസ്റ്റിന്റെ തെറ്റാണെന്ന് ധ്യാന്‍ചന്ദ് വാദിച്ചു. അളന്നുനോക്കിയപ്പോള്‍ ധ്യാന്‍ചന്ദ് പറഞ്ഞത് ശരിയായിരുന്നു. ഇത്തരത്തില്‍ ഹോക്കിയുടെ ഓരോ അളവുകളും മനപ്പാടമാക്കിയ അതുല്യ പ്രതിഭയായിരുന്നു ധ്യാന്‍ചന്ദ്.

1928ലാണ് ധ്യാന്‍ചന്ദിന്റെ മികവില്‍ ഇന്ത്യ ആദ്യ സ്വര്‍ണ്ണം നേടിയത്. 1932ലും 36ലും ധ്യാന്‍ചന്ദ് ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം ഒളിംപിക്‌സ് സ്വര്‍ണ്ണം നേടി. 1934-ല്‍ വെസ്റ്റേണ്‍ ഏഷ്യാറ്റിക് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ നയിച്ചത് ധ്യാനായിരുന്നു. 1932 ലെ ലോസാഞ്ചല്‍സ് ഒളിമ്പിക്‌സില്‍ ഇന്ത്യ അമേരിക്കയെ 24-1ന് തോല്‍പ്പിച്ചത് ഇപ്പോഴും റെക്കോഡാണ്. 1951ല്‍ ഹോക്കിയോട് വിടപറഞ്ഞ ധ്യാന്‍ചന്ദ് അവസാന സമയങ്ങളില്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. ഒരിക്കല്‍ ഇന്ത്യയുടെ മത്സരം കാണാനെത്തിയ ധ്യാന്‍ചന്ദിനെ ആരും തിരിച്ചറിഞ്ഞില്ല.മത്സരം കാണാതെ അദ്ദേഹത്തെ മടക്കി അയക്കുകയാണുണ്ടായത്. ഇന്ത്യയുടെ ഇതിഹാസങ്ങളുടെ പട്ടികയിലെ മുന്‍നിരക്കാരനാണെങ്കിലും 1979 ഡിസംബര്‍ 3ന് മരണമടയുമ്പോള്‍ അവഗണനയുടെ വലിയ അധ്യായം തന്നെ നേരിടേണ്ടി വന്നിരുന്നു. ധ്യാന്‍ചന്ദിന്റെ ജന്മദിനം ഇന്നും ദേശീയ കായിക ദിനമായി ആചരിക്കുന്നു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി 1980ല്‍ രാഷ്ട്രം ധ്യാന്‍ചന്ദിന്റെ പേരില്‍ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications