ബാഴ്‌സലോണ: കൊളംബിയന്‍ ഡിഫന്‍ഡര്‍ യെരി മിന ഇനി ബാഴ്‌സലോണയ്ക്ക് സ്വന്തം. ബ്രസീലിയന്‍ ക്ലബ്ബായ പാല്‍മിറസില്‍ നിന്നും പതിനാല് മില്യണ്‍ ഡോളറിനാണ് സ്പാനിഷ് ടീം ഈ സൂപ്പര്‍താരത്തെ സ്വന്തമാക്കിയത്.
ഡിഫന്ററാണെങ്കിലും ഗോളടിയ്ക്കുന്ന താരമാണ് മിന.മൂന്നു തവണ ദേശീയ ടീമിനു വേണ്ടിയും 22 തവണ ക്ലബ്ബ് മത്സരങ്ങളിലും എതിരാളികളുടെ വലകുലുക്കിയിട്ടുണ്ട്. അര്‍ജന്റീനിയന്‍ താരം സേവിയര്‍ മസ്‌കരാനോ ചൈനീസ് സൂപ്പര്‍ ലീഗിലേക്ക് കൂടുമാറാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് ബാഴ്‌സയുടെ നീക്കം.

ന്യൂക്യാപില്‍ വിന്റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ എത്തുന്ന രണ്ടാമത്തെ താരമാണ് മിന. നേരത്തെ ബ്രസീലിയന്‍ മിഡ് ഫീല്‍ഡര്‍ ഫിലിപെ കുട്ടിഞ്ഞോയെ 200 മില്യണ്‍ ഡോളറിന് ബാഴ്‌സ വാങ്ങിയിരുന്നു.
ലോകഫുട്‌ബോളിലെ ട്രാന്‍സ്ഫര്‍ കണക്കുകള്‍ നോക്കുകയാണെങ്കില്‍ 1219 കോടി രൂപയുടെ ഈ ട്രാന്‍സ്ഫര്‍ രണ്ടാംസ്ഥാനത്തുണ്ടാകും. നേരത്തെ ബ്രസീലിയന്‍ താരം നെയ്മര്‍ക്കു വേണ്ടി പിഎസ്ജി ഏകദേശം 1700 കോടി രൂപയുടെ ഡീല്‍ നടത്തിയിരുന്നു.
ക്ലബ്ബിലെ സ്റ്റാര്‍ താരം ലയണല്‍ മെസ്സിയുടെ കടുത്ത ആരാധകനാണ് മിന. ''ലോകത്ത് മെസ്സി കഴിഞ്ഞിട്ടേ മറ്റൊരു താരമുള്ളൂ. മെസ്സിയും സോറസും ബാഴ്‌സയിലേക്കുള്ള ഓഫറുമായി ഡ്രസ്സിങ് റൂമിലെത്തിയ നിമിഷം അവിസ്മരണീയമാണ് '-ബാഴ്‌സയുടെ ട്വിറ്റര്‍ ഹെഡ്ഡറിലൂടെ കൊളംബിയന്‍ താരം വ്യക്തമാക്കി.