ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഐവറി കോസ്റ്റ് മിഡ്ഫീല്‍ഡര്‍ യായ ടുറെ ബ്രസീല്‍ പാസ്പോര്‍ട്ട് എടുക്കാന്‍ പോകുന്നു ! എന്തിനാണെന്നല്ലേ നെയ്മറിനും ഫിലിപ് കുട്ടീഞ്ഞോക്കും ഒപ്പം കളിക്കാനുള്ള ആഗ്രഹം സഫലമാക്കാന്‍ വേണ്ടി.
സംഗതി ടുറെ തമാശ പറഞ്ഞതാണ്. ഗ്ലോബോ ചാനലിന് നല്കിയ അഭിമുഖത്തിലാണ് യായ ടുറെ രണ്ട് ബ്രസീലിയന്‍ യുവതാരങ്ങള്‍ക്കൊപ്പം കളിക്കാനുള്ള അദമ്യമായ ആഗ്രഹം പ്രകടിപ്പിച്ചത്. അവര്‍ക്കൊപ്പം കളിക്കാന്‍ ഒരുവഴിയേയുള്ളൂ. ബ്രസീല്‍ പാസ്പോര്‍ട്ടെടുക്കുക, നമുക്കു നോക്കാം പറ്റുമോ എന്ന് - ടുറെ പറഞ്ഞു നിര്‍ത്തുന്നു.
ഐവറികോസ്റ്റിനായി 102 രാജ്യാന്തര മത്സരങ്ങള്‍ക്കിറങ്ങിയ യായ ടുറെ 2015 ആഫ്രിക്ക കപ്പ് ഓഫ് നാഷന്‍സ് ചാമ്പ്യനാണ്. ആഫ്രിക്കന്‍ ഫുട്ബോള്‍ ഓഫ് ദ ഇയറായും പലവട്ടം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആധുനിക ഫുട്ബോളില്‍ ടുറെയെ ഏറെ ആകര്‍ഷിച്ച താരങ്ങള്‍ നെയ്മറും കുട്ടീഞ്ഞോയുമാണ്.
ടിറ്റെ എന്ന പരിശീലകന് കീഴില്‍ ബ്രസീല്‍ ലാറ്റിനമേരിക്കന്‍ ഫുട്ബോളില്‍ ശക്തി പ്രാപിച്ചു വരുന്നതും ടുറെ ചൂണ്ടിക്കാട്ടി. നെയ്മറും കുട്ടീഞ്ഞോയും ബ്രസീലിനെ പ്രതാപകാലത്തേക്ക് ഉയര്‍ത്തുമെന്നും ടുറെ നിരീക്ഷിക്കുന്നു.