ഗ്രൂപ്പ് എയില്‍ നാല് ടീമുകളും ഓരോ വീതം മല്‍സരം കളിച്ചതോടെ ഒരു കാര്യം ഏതാണ്ട് ഉറപ്പായി. ഗ്രൂപ്പിലെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം ആര്‍ക്കും അത്ര എളുപ്പമാവില്ലായെന്ന്. ഫിഫ ലോകകപ്പിലെ പ്രഥമ ചാംപ്യന്മാരായ ഉറുഗ്വേ ഗ്രൂപ്പ് എയില്‍ നിന്ന് അനായാസം പ്രീക്വാര്‍ട്ടറിലെത്തുമെന്ന് ഏറക്കുറെ ഉറപ്പാണെങ്കിലും ഈജിപ്തിനെതിരായ മല്‍സരത്തോട് കൂടി ഒരു സംശയം അവര്‍ക്കു നേരെ ഉയരാതിരുന്നിട്ടില്ല.
മുഹമ്മദ് സലായില്ലാതെയും എതിരാളികളെ വിറപ്പിക്കാന്‍ തങ്ങള്‍ക്കറിയാം എന്ന് ഈജിപ്ത് ഉറുഗ്വേയ്ക്കെതിരായ മല്‍സരത്തോട് കൂടി തെളിയിച്ചു. 89ാം മിനിറ്റില്‍ ജോസ് ജിമിനെസ് നേടിയ ഗോളിലൂടെ ഈജിപ്തിനെ മറികടക്കാനായെങ്കിലും ഉറുഗ്വേയില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നത് ഉയര്‍ന്ന നിലവാരത്തിലുള്ള പ്രകടനമാണ്.
അവസരങ്ങള്‍ നഷ്ടപ്പെടുത്തി സുവാരസ്
ഉറുഗ്വേയുടെ അവിഭാജ്യ താരങ്ങളിലൊരാളാണ് ബാഴ്സലോണ സ്റ്റാര്‍ സ്ട്രൈക്കര്‍ ലൂയിസ് സുവാരസ്. എന്നാല്‍, ഈജിപ്തിനെതിരായ ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ സുവാരസില്‍ നിന്ന് പ്രതീക്ഷയ്ക്കൊത്തൊരു പ്രകടനമുണ്ടായില്ല. നിരവധി ഗോളവസരങ്ങളാണ് സുവാരസ് നഷ്ടപ്പെടുത്തിയത്. സുവാരസിനു പുറമേ സൂപ്പര്‍താരം എഡിന്‍സന്‍ കവാനിയ്ക്കും ഈജിപ്തിന്റെ ഗോള്‍വലയിലേക്ക് പന്തെത്തിക്കാന്‍ കഴിയാതെ വന്നതോടെ ഉറുഗ്വേയ്ക്ക് ഗോള്‍ നേടാന്‍ 89 മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു.
മിന്നും സേവുകളുമായി മുഹമ്മദ് എല്‍ ഷെനാവി
ഉറുഗ്വേയുടെ പല ഗോള്‍ ശ്രമങ്ങള്‍ക്കും തടസ്സമായത് ഈജിപ്ഷ്യന്‍ ഗോള്‍കീപ്പര്‍ മുഹമ്മദ് എല്‍ ഷെനാവിയുടെ മിന്നും സേവുകളായിരുന്നു. സുവാരസിന്റെ ഗോളിനായുള്ള രണ്ട് സുവര്‍ണാവസരങ്ങളാണ് ഷെനാവിക്കു മുന്നില്‍ നിഷ്പ്രഭമായത്. കവാനിയുടെ ഫ്രികിക്ക് ഉള്‍പ്പെടെയുള്ള മികച്ച ഷോട്ടുകളും ഷെനാവിയുടെ ഫോമിനു മുന്നില്‍ തകര്‍ന്നടിഞ്ഞു.
എന്നാല്‍, ഫൈനല്‍ വിസിലിനു മുന്‍പ് ഷെനാവിയെ മറികടക്കാന്‍ ഉറുഗ്വേയ്ക്ക് സാധിച്ചു. കാര്‍ലോസ് സാഞ്ചസെടുത്ത ഫ്രീകിക്ക് മികച്ചൊരു ഹെഡ്ഡറിലൂടെ ജോസ് ജിമിനെസ് പന്ത് ഈജിപ്ഷ്യന്‍ വലയ്ക്കുള്ളിലെത്തിക്കുകയായിരുന്നു.