വാര്‍സൗ: പോളണ്ടില്‍ നടന്നുവരുന്ന അണ്ടര്‍ 20 ഫുട്ബോള്‍ ലോകകപ്പില്‍ യുക്രൈന്, ഇക്വഡോര്‍, സെനഗല്‍ ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. യുക്രൈന് 4-1ന് പനാമയെ തോല്‍പ്പിച്ചപ്പോള്‍ ഇക്വഡോറിനെതിരെ യുറുഗ്വയ് 3-1ന്റെ അപ്രതീക്ഷിത തോല്‍വി വഴങ്ങി. ആഫ്രിക്കന്‍ വമ്പന്മാരായ നൈജീരിയയെ 2-1ന് കീഴ്പ്പെടുത്തിയാണ് സെനഗലിന്റെ മുന്നേറ്റം.
പനാമയെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് ഉക്രൈന് പുറത്തെടുത്തത്. വിജയികള്‍ക്കുവേണ്ടി ഡാനിലോ സികന്‍(23, 45+1) ഇരട്ടഗോള്‍ നേടി. ഡെനിസ് പോപോവ്(41), സെറി ബലേറ്റ്സ(83) എന്നിവരാണ് മറ്റു സ്കോറര്‍മാര്‍. പനാമയ്ക്കുവേണ്ടി ഏണെസ്റ്റോ വാക്കര്‍(50) ആശ്വാസഗോള്‍ സ്വന്തമാക്കി. മത്സരത്തില്‍ പന്തടക്കം കാട്ടിയതും കൂടുതല്‍ ഗോളവസരം സൃഷ്ടിച്ചതും ഉക്രൈന് തന്നെയാണ്.
ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യ ഇക്കാരണത്താല്‍ തോല്‍ക്കും; പറയുന്നത് ജാക്വിസ് കാലിസ്
മറ്റൊരു മത്സരത്തില്‍ ജയംപ്രതീക്ഷിച്ചെത്തിയ യുറുഗ്വയെ ഇക്വഡോര്‍ നിലംതൊടീച്ചില്ല. കാരിയേല്(31), ഷാവേസ്(75), ജിമേനസ്(83) എന്നിവര്‍ ഇക്വഡോറിനായി ഗോള്‍ നേടിയപ്പോള്‍ അറൗജോ(11) യുറുഗ്വയ്ക്കായും വലകുലുത്തി. ബ്രൂണോ മെന്‍ഡിസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതും യുറുഗ്വയ്ക്ക് തിരിച്ചടിയായി. ആഫ്രിക്കന്‍ കരുത്തരുടെ പോരാട്ടത്തില്‍ മേല്‍ക്കൈ നേടിയ നൈജീരിയയെ സെനഗല്‍ അട്ടിമറിക്കുകയായിരുന്നു. അമാന്‍ഡോ സാഗ്ന(36), നിയാനെ(45+3) എന്നിവര്‍ സെനഗലിനായും മകാന്ജുവോല(50) നൈജീരിയയ്ക്കായും ഗോള്‍ നേടി.