ഇത്തവണത്തെ ഫിഫ ലോകകപ്പില്‍ ഇംഗ്ലണ്ട് കിരീടം നേടിയാലും അദ്ഭുതപ്പെടാനില്ല. കാരണം, ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഇംഗ്ലണ്ട് കിരീടം അര്‍ഹിക്കുന്ന ലോകകപ്പാണ് റഷ്യയിലേത്. ഓരോ മല്‍സരത്തിലും അവര്‍ ഇത് അടിവരയിടുകയും ചെയ്തിട്ടുണ്ട്. ത്രീ ലയണ്‍സ് എന്നാണ് ഇംഗ്ലണ്ടിന്റെ വിളിപ്പേര്. പക്ഷേ, ടീമിലെ 11 പേരും സിംഹത്തിന്റെ വിജയ വീര്യമാണ് പുറത്തെടുത്ത് കൊണ്ടിരിക്കുന്നത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വീഡനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് ടൂര്‍ണമെന്റിന്റെ അവസാന നാലിലേക്ക് ടിക്കറ്റെടുത്തിരിക്കുകയാണ്. സ്വീഡനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ഇംഗ്ലണ്ടിന്റെ സെമി പ്രവേശനം.
മികച്ച കളി കെട്ടഴിച്ച് ഇംഗ്ലീഷ് പട
സ്വീഡനെതിരേ അര്‍ഹിച്ച വിജയമാണ് ഇംഗ്ലണ്ട് നേടിയത്. ഹെഡ്ഡറിലൂടെ എതിരാളികളെ കാഴ്ചക്കാരാക്കിയായിരുന്നു ഇംഗ്ലണ്ടിന്റെ രണ്ട് ഗോളും. പന്തടക്കത്തിലും ആക്രമിച്ചു കളിക്കുന്നതിലും ഇംഗ്ലണ്ടിന് ഒരു പോലെ മികവ് പുറത്തെടുക്കാന്‍ കഴിഞ്ഞു. കിട്ടിയ രണ്ട് സുവര്‍ണാവസരങ്ങളും ഇംഗ്ലണ്ട് ഗോളാക്കി മാറ്റുകയായിരുന്നു.
സ്വീഡന്റെ അന്തകനായി പിക്ഫോര്‍ഡ്
സ്വീഡന്റെ മികച്ച മുന്നേറ്റങ്ങള്‍ക്ക് വിലങ്ങുതടിയായത് ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ ജോര്ഡന് പിക്ഫോര്‍ഡായിരുന്നു. ഗോളെന്നുറച്ച സ്വീഡന്റെ മൂന്ന് ഷോട്ടുകളാണ് പിക്ഫോര്‍ഡിന്റെ മികച്ച സേവുകള്‍ക്കു മുന്നില്‍ നിഷ്പ്രഭമായത്. ഇംഗ്ലീഷ് ഗോള്‍കീപ്പറിന്റെ മിന്നും ഫോം തന്നെയാണ് സ്വീഡന്റെ തോല്‍വിയുടെ മുഖ്യ കാരണം. അതോടൊപ്പം പ്രതിരോധനിരയിലെ വീഴ്ചകളും സ്വീഡന് തിരിച്ചടിയായി.