തിംഫു (ഭൂട്ടാന്): ഫുട്ബോളില്‍ പുരുഷന്മാര്ക്കു പിന്നാലെ വനിതകളിലും കരുത്തുകാണിച്ച് ഇന്ത്യ. ഒരാഴ്ചയ്ക്കുള്ളില്‍ നിരവധി അഭിമാനകരമായ നേട്ടങ്ങളാണ് ഇന്ത്യന്‍ ഫുട്ബോള്‍ സ്വന്തമാക്കിയത്. ഇപ്പോഴിതാ, വനിതകളിലും എതിരാളികളെ തരിപ്പണമാക്കി ഇന്ത്യ ഫുട്ബോളില്‍ വീണ്ടും നേട്ടം കൊയ്തിരിക്കുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ആരംഭിക്കുമ്പോള്‍ പ്രവചനവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി
അണ്ടര്‍ 15 സാഫ് വനിത ചാംപ്യന്‍ഷിപ്പിലാണ് യുവ ഇന്ത്യ എതിരാളികളെ നാണംകെടുത്തിയത്. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മല്‍സരത്തില്‍ അയല്‍ക്കാരായ ശ്രീലങ്കയെ ഒരു ഡസന്‍ ഗോളുകള്‍ക്ക് ഇന്ത്യ തരിപ്പണമാക്കുകയായിരുന്നു. ക്യാപ്റ്റന്‍ സില്‍ക്കി ദേവി ഹാട്രിക്കുമായി മിന്നിയ മല്‍സരത്തില്‍ എതിരില്ലാത്ത 12 ഗോളുകള്‍ക്കാണ് ഇന്ത്യ ശ്രീലങ്കയെ നാണംകെടുത്തിയത്.
കളിയുടെ ആദ്യ പകുതിയില്‍ ആറ് ഗോള്‍ നേടിയ ഇന്ത്യ രണ്ടാം പകുതിയിലും ലങ്കന്‍ ഗോള്‍ പോസ്റ്റിലേക്ക് അര ഡസന്‍ ഗോളുകള്‍ കൂടി നിറയൊഴിക്കുകയായിരുന്നു. കളിയുടെ ഒന്ന്, 20, 44 മിനിറ്റുകളിലായിരുന്നു സില്‍ക്കി ദേവിയുടെ ഗോള്‍ നേട്ടം. അവിക സിങ് (13ാം മിനിറ്റ്, 58), സുനിത മുന്ഡ (42, 79), അഞ്ജു (87, 90), ലയിന്ഡ കോം (6), ക്രിതിനാ ദേവി (47), കിരണ്‍ (72) എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്കോറര്‍മാര്‍.
വിജയത്തോടെ ഇന്ത്യക്ക് മൂന്ന് പോയിന്റ് ലഭിച്ചു. ആതിഥേയരായ ഭൂട്ടാനാണ് അടുത്ത മല്‍സരത്തില്‍ ഇന്ത്യയുടെ എതിരാളി.