മാഡ്രിഡ്: 25-ാമത് സ്പാനിഷ് ലീഗ് കിരീടം ചൂടിയതിന്റെ ആഘോഷത്തിലാണ് ലയണല്‍ മെസിയും ബാഴ്‌സലോണയും. ഡിപോര്‍ട്ടിവോക്കെതിരെ വിജയം കൊയ്ത് കൊണ്ടാണ് ബാഴ്‌സ കിരീടത്തില്‍ മുത്തമിട്ടത്. ലീഗിലെ മറ്റ് ടീമുകളേക്കാള്‍ മികച്ചത് തന്റെ ടീമാണെന്ന് മെസി വ്യക്തമാക്കി. ഡിപോര്‍ട്ടിവോയ്‌ക്കെതിരെ മെസ്സിയുടെ ഹാട്രിക്കിന്റെ ബലത്തില്‍ 4-2 വിജയമാണ് ഞായറാഴ്ച ബാഴ്‌സ കുറിച്ചത്.
'ഞാന്‍ വളരെയേറെ സന്തോഷത്തിലാണ്. ലീഗില്‍ വിജയം നേടുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് തന്നെയാണ് ഈ വിജയത്തിന് പ്രാധാന്യമേറുന്നത്. ഈ വിജയം ആരാധകര്‍ക്കൊപ്പമാണ് ആഘോഷിക്കുക', ലയണല്‍ മെസ്സി വ്യക്തമാക്കി. 34 മത്സരങ്ങളില്‍ നിന്നും ഏണസ്റ്റോ വാള്‍വെര്‍ഡിന്റെ ടീമിന് 86 പോയിന്റുകള്‍ നേടിയിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡിനേക്കാള്‍ 11 പോയിന്റും, ചിരവൈരികളായ റയല്‍ മാഡ്രിഡിലും 15 പോയിന്റും ബാഴ്‌സയ്ക്ക് അധികമുണ്ട്.

ലീഗില്‍ എതിരില്ലാതെ നില്‍ക്കുന്ന ടീമിനെ മെസ്സി വാനോളം പുകഴ്ത്തുമ്പോഴും ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദത്തില്‍ എഎസ് റോമക്കെതിരെ 3-0ന് ഏറ്റ തോല്‍വി ഞെട്ടിക്കുന്നതായിരുന്നു. എല്ലാ എതിരാളികളേക്കാളും മേല്‍ക്കൈ ഞങ്ങള്‍ക്കായിരുന്നു, ഒരു മത്സരം പോലും തോറ്റുമില്ല. എസ്പാനിയോളിനും, റോമയ്ക്കും എതിരെ മാത്രമാണ് അപ്രതീക്ഷിത ഫലം നേരിടേണ്ടി വന്നത്. ഒരു ലീഗ് വിജയിക്കുമ്പോള്‍ ഏറെ ക്രെഡിറ്റ് ലഭിക്കും, അത് ഒരു മത്സരം പോലും തോല്‍ക്കാതെ നേടുന്നത് ബുദ്ധിമുട്ടാണ്, മെസ്സി കൂട്ടിച്ചേര്‍ത്തു.
അതേസമയം കോച്ച് വാള്‍വെര്‍ഡ് ഈ വിജയത്തിന്റെ ക്രെഡിറ്റിന് ഏറ്റവും അനുയോജ്യനാണെന്ന് ഡിഫന്‍ഡര്‍ ജോര്‍ദി ആല്‍ബ വ്യക്തമാക്കി. റോമയ്‌ക്കെതിരെ തോറ്റെന്ന് കരുതി കിരീടനേട്ടത്തിന്റെ മാറ്റ് കുറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.