ജീവിതം പലപ്പോഴും നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്. ഒരിക്കലും നടക്കില്ലെന്ന് കരുതിയ കാര്യങ്ങള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ മുന്നില്‍ വന്ന് നില്‍ക്കും. അത്തരമൊരു അനുഭവത്തിലൂടെയാണ് തൃശ്യൂര്‍ തളിക്കുളം സ്വദേശിയായ പിഎ അനസ്. ലയണല്‍ മെസി എന്ന ലോകഫുട്‌ബോളിന്റെ രാജാവിനെ കാണാനും അദ്ദേഹത്തിന്റെ അഭിവാദ്യം സ്വീകരിക്കാനും അവസരം കിട്ടിയതിന്റെ ത്രില്ലിലാണ് അനസ് ഇപ്പോഴും.
നാളിതുവരെ കളിച്ച ബാഴ്‌സലോണയില്‍ നിന്നും പിഎസ്ജിയിലേക്കുള്ള മെസിയുടെ കൂടുമാറ്റം ലോക ഫുട്‌ബോളിനെ തന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ബാഴ്‌സയേയും മെസിയേയും ഒരുപോലെ നെഞ്ചിലേറ്റി നടന്നിരുന്ന കോടിക്കണക്കിന് ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിക്കുന്നതായിരുന്നു ഈ തീരുമാനം. ബാഴ്‌സ ആരാധകര്‍ ഞെട്ടലിലും സങ്കടത്തിലുമാണെങ്കില്‍ പിഎസ്ജി ആരാധകര്‍ ലോക ഫുട്‌ബോളിന്റെ മിശിഹായുടെ വരവില്‍ ആനന്ദനൃത്തമാടുകയാണ്.

മെസി പിഎസ്ജിയിലേക്ക് എന്ന വാര്‍ത്ത പുറത്ത് വന്നത് മുതല്‍ അവര്‍ മെസിയെ വരവേല്‍ക്കാനായി കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ ആ ദിവസം വന്നെത്തി. പാരീസിലെ ഹോട്ടല്‍ മുറിയുടെ ബാല്‍ക്കണിയില്‍ മെസി പ്രത്യക്ഷപ്പെടുന്നതും കാത്തിരുന്ന മുന്നിലേക്ക് കൈകള്‍ വീശിക്കൊണ്ട് അദ്ദേഹം വന്ന് നിന്നു. ആര്‍ത്തിരമ്പിയെ ആരാധകരുടേയും മെസിയുടേയും വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു.
ഇതിനിടെ മെസിയുടെ മുറിയുടെ തൊട്ടരികത്തെ മുറിയുടെ ബാല്‍ക്കണിയില്‍ നിന്നുമൊരാള്‍ തന്റെ മൊബൈലിലെ ക്യാമറ ഓണാക്കി വച്ച് മെസി മെസി എന്ന് അലറി വിളിക്കുന്നുണ്ടായിരുന്നു. അതൊരു മലയാളിയായിരുന്നു. തൃശ്ശൂര്‍ തളിക്കുളം സ്വദേശിയായ പിഎ. മലയാളി ആരാധകരുടെ പേജുകളിലും ഗ്രൂപ്പുകളിലും വൈറലായി മാറിയ ആ വീഡിയോയെക്കുറിച്ച് ഗള്‍ഫ് മാധ്യമവുമായി അനസ് പങ്കുവച്ചിരിക്കുകയാണ്. ആ വാക്കുകളിലേക്ക്.
രണ്ടാഴ്ചത്തെ യൂറോപ്യന്‍ യാത്രയുടെ ഭാഗമായാണ് അനസും സംഘവും ഖത്തറില്‍ നിന്നും പാരീസിലെത്തിയത്. പാരീസിലെ ലേ റോയല്‍ മോണ്‍ക്യൂ ഹോട്ടലിന്റെ അഞ്ചാം നിലയിലായിരുന്നു മുറി. ഒപ്പം താനൂര്‍ സ്വദേശിയായ സമീറുമുണ്ടായിരുന്നു. മെസി വരുന്ന വിവരം രാവിലെ തന്നെ ഹോട്ടല്‍ ജീവനക്കാരില്‍ നിന്നും അറിഞ്ഞിരുന്നു. ഒരു നോക്ക് കാണാന്‍ സാധിക്കുമോ എന്ന് ചോദിച്ചുവെങ്കിലും ഉത്തരമൊന്നും കിട്ടിയില്ല. രാത്രി എട്ടരയോടെ മെസിയെത്തുമെന്ന് പിന്നീട് അറിഞ്ഞു. ഈ വാര്‍ത്ത കാട്ടുതീ പോലെ അപ്പോഴേക്കും പടര്‍ന്നിരുന്നു. തങ്ങളുടെ പ്രിയതാരത്തെ കാണാനായി ഹോട്ടലിന് മുന്നില്‍ വൈകുന്നേരം മുതല്‍ക്കു തന്നെ ആരാധകര്‍ ഒഴുകിയെത്തി.
എങ്ങും മെസി മെസി എന്നുള്ള ആര്‍പ്പുവിളികളാണ്. ആരാധകരുടെ ശബ്ദത്തിന്റെ ആവേശം ഉയരുന്നത് മനസിലാക്കിയ അനസും മറ്റും ബാല്‍ക്കണിയിലേക്ക് വന്നു നോക്കി. മുകളിലേക്ക് നോക്കി ആര്‍പ്പുവിളിക്കുകയാണ് താഴെ കൂടി നിന്ന ആരാധകര്‍. തലയൊന്ന് വലത്തോട്ട് തിരിച്ചു നോക്കിയതും അനസിന് വിശ്വസിക്കാനായില്ല. അതാ നില്‍ക്കുന്നു, കാല്‍പ്പന്ത് കളിയുടെ മിശിഹ സാക്ഷാല്‍ ലയണല്‍ മെസി തന്റെ കണ്‍മുന്നില്‍. മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്ത് മെസി മെസി എന്ന് അനസും നീട്ടി വിളിച്ചു.
അനസിന്റെ വിളി പക്ഷെ മെസി കേട്ടില്ല. എന്നാല്‍ മകന്‍ തിയാഗോ ആ വിളി കേട്ടു. അവന്‍ മെസിയെ തോണ്ടി വിളിച്ച് തങ്ങളെ ചൂണ്ടിക്കാണിക്കുകയായിരുന്നുവെന്ന് അനസ് പറയുന്നു. തന്നെ നോക്കി അന്തംവിട്ട് ആര്‍പ്പുവിളിക്കുന്ന അനസിനും സംഘത്തിനും നേരെ പുഞ്ചിരിതൂകിക്കൊണ്ട് മെസി കൈയ്യൊന്ന് വീശിക്കാണിച്ച് അഭിവാദ്യം അര്‍പ്പിച്ചു. ഇപ്പോഴും തനിക്ക് ഇതൊന്നും വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നാണ് അനസ് പറയുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. മെസിയുടെ അയല്‍ക്കാരനായ മലയാളി എന്നാണ് അനസിനെ സോഷ്യല്‍ മീഡിയ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്.