ഏതന്‍സ്: യൂറോ യോഗ്യതാ മത്സരത്തില്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിന് ഞെട്ടിക്കുന്ന തോല്‍വി. ദുര്‍ബലരായ തുര്‍ക്കി എതിരില്ലാത്ത രണ്ട് ഗോളിനാണ് ഫ്രാന്‍സിനെ തകര്‍ത്തത്. പോള്‍ പോഗ്ബ,ഒലിവിയര്‍ ജിറൗഡ്,കെയ്ലിയന് എംബാപ്പെ,അന്റോണിയോ ഗ്രിസ്മാന്,മാറ്റിയുഡി തുടങ്ങിയ ഫ്രാന്‍സിന്റെ ചാമ്പ്യന്നിരയെ കാഴ്ചക്കാരാക്കിയാണ് തുര്‍ക്കിയുടെ പോരാളികള്‍ വിജയം പിടിച്ചെടുത്തത്. 4-3-3 ഫോര്‍മേഷനിലിറങ്ങിയ ഫ്രാന്‍സിനെ 4-2-3-1 ഫോര്‍മേഷനിലിറങ്ങിയാണ് തുര്‍ക്കി പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 30ാം മിനുട്ടില്‍ തുര്‍ക്കി ലീഡെടുത്തു. കാന്‍ അയ്ഹാനാണ് വലകുലുക്കിയത്. ആക്രമിച്ച് കളിച്ച തുര്‍ക്കി 10 മിനുട്ടിനുള്ളില്‍ അക്കൗണ്ടില്‍ രണ്ടാം ഗോളും ചേര്‍ത്തു. സെന്‍ജിസ് അണ്ടറാണ് ലക്ഷ്യം സ്വന്തമാക്കിയത്.ജയത്തോടെ ഗ്രൂപ്പ് എച്ചില് ഒമ്പത് പോയിന്റുമായി തുര്‍ക്കി ഒന്നാം സ്ഥാനത്തെത്തി. ആറ് പോയിന്റുള്ള ഫ്രാന്‍സ് രണ്ടാം സ്ഥാനത്താണ്.
വില്യംസണ് തകര്‍ത്തടിച്ചു, നിഷാം എറിഞ്ഞിട്ടു, അഫ്ഗാനെതിരെ കിവീസിന് 7 വിക്കറ്റ് ജയം
ഗ്രൂപ്പ് ജെയില്‍ മത്സരിക്കാനിറങ്ങിയ ഇറ്റലി തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ഗ്രീസിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇറ്റലി വീഴ്ത്തിയത്.23ാം മിനുട്ടില്‍ നിക്കോളോ ബെറില്ല ഇറ്റലിയുടെ അക്കൗണ്ട് തുറന്നപ്പോള്‍ 30ാം മിനുട്ടില്‍ ലോറിന്‍സോ ഇന്സൈന് ഇറ്റലിയുടെ ലീഡ് ഉയര്‍ത്തി.33ാം മിനുട്ടില്‍ ലിയോനാര്‍ഡോ ബൊനൂച്ചിയാണ് ഇറ്റലിക്കായി മൂന്നാം ഗോള്‍ നേടിയത്. ഒമ്പത് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതാണ് ഇറ്റലി. ആറ് പോയിന്റുള്ള ഫിന്‍ലാന്റാണ് രണ്ടാം സ്ഥാനത്ത്.
ബെലാറസിനെ തകര്‍ത്ത് ജര്‍മനിയും കരുത്തുകാട്ടി.ഗ്രൂപ്പ് സിയില്‍ ബെലാറസിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ജര്‍മനി തോല്‍പ്പിച്ചത്. റഷ്യന്‍ ലോകകപ്പിലെ തിരിച്ചടികള്‍ മറന്ന് ശക്തമായ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് ജര്‍മന്‍ നിര.13ാം മിനുട്ടില്‍ ജോഷ്വാ കിമ്മിച്ചിന്റെ അസിസ്റ്റില്‍ ലിറോയ് സാനെ ജര്‍മനിയെ മുന്നിലെത്തിച്ചപ്പോള്‍ 62ാം മിനുട്ടില്‍ മാര്‍ക്കോ റൂസ് ജര്‍മനിക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചു.തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ആറ് പോയിന്റുമായി ജര്‍മനി രണ്ടാം സ്ഥാനത്താണ്. ഒമ്പത് പോയിന്റുള്ള നോര്‍ത്തേണ്‍ അയര്‍ലന്‍ഡാണ് ഒന്നാമത്.
ഗ്രൂപ്പ് ഐയില്‍ ബെല്‍ജിയവും തകര്‍പ്പന്‍ ജയം സ്വന്തമാക്കി. കസാക്കിസ്ഥാനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് പരാജയപ്പെടുത്തിയത്.11ാം മിനുട്ടില്‍ ഏദന്‍ ഹസാര്‍ഡിന്റെ അസിസ്റ്റില്‍ ഡ്രൈസ് മെര്‍ട്ടന്‍സ് ബെല്‍ജിയത്തിന്റെ അക്കൗണ്ട് തുറന്നു.മൂന്ന് മിനുട്ടിനുള്ളില്‍ തിമോത്തി കാസ്റ്റെയ്ന് ടീമിന് രണ്ടാം ഗോള്‍ സമ്മാനിച്ചപ്പോള്‍ 50ാം മിനുട്ടില്‍ റോമലു ലുക്കാക്കു ബെല്‍ജിയം സ്കോര്‍ബോര്‍ഡില്‍ മൂന്നാം ഗോള്‍ ചേര്‍ത്തു. ഒമ്പത് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതാണ് ബെല്‍ജിയം.