യുവേഫ ചാമ്പ്യന്‍സ് ലീഗ്: പിഎസ്ജിയെ വീഴ്ത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബാഴ്‌സയ്ക്കും വിജയത്തുടക്കം
ബാഴ്‌സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് എച്ചിലെ കരുത്തരുടെ പോരാട്ടത്തില്‍ ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയെ വീഴ്ത്തി ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. നിലവിലെ ചാമ്പ്യന്‍സ് ലീഗ് റണ്ണറപ്പുകളായ പിഎസ്ജിയെ 2-1നാണ് ചുവന്ന ചെകുത്താന്‍മാര്‍ തകര്‍ത്തത്. 4-2-3-1 ഫോര്‍മേഷനിലിറങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 4-3-3 ഫോര്‍മേഷനിലാണ് പിഎസ്ജി നേരിട്ടത്. പിഎസ്ജിയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം വലകുലുക്കിയത് മാഞ്ചസ്റ്റര്‍ യുണൈറ്റഡായിരുന്നു. 23ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ബ്രൂണോ ഫെര്‍ണാണ്ടസാണ് ലക്ഷ്യം പിഴക്കാതെ വലയിലാക്കിയത്.

ആദ്യ പകുതിയില്‍ ഗോള്‍ മടക്കാന്‍ സാധിക്കാതിരുന്ന പിഎസ്ജി 55ാം മിനുട്ടില്‍ യുണൈറ്റഡ് താരം അന്തോണി മാര്‍ഷ്യലിന്റെ സെല്‍ഫ് ഗോളില്‍ സമനില പിടിച്ചു. രണ്ടാം പകുതിയില്‍ പോഗ്ബയെ ഇറക്കി കളി വേഗം ഉയര്‍ത്തി യുണൈറ്റഡ് 87ാം മിനുട്ടില്‍ വിജയ ഗോള്‍ നേടി. പോഗ്ബയുടെ അസിസ്റ്റില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡാണ് വലകുലുക്കിയത്. ജയത്തോടെ വിലപ്പെട്ട മൂന്ന് പോയിന്റ് നേടാന്‍ യുണൈറ്റഡിനായി. 2019ലെ ക്വാര്‍ട്ടറില്‍ പിഎസ്ജിയെ തോല്‍പ്പിച്ചതിന് മറുപടി പറയാനുറച്ചിറങ്ങിയ നെയ്മറിനെയും സംഘത്തേയും യുണൈറ്റഡ് ശരിക്കും നാണം കെടുത്തിയിരിക്കുകയാണ്.

ഗ്രൂപ്പ് ജിയില്‍ സ്പാനിഷ് കരുത്തരായ ബാഴ്‌സലോണ തകര്‍പ്പന്‍ വിജയത്തോടെ തുടങ്ങി.ഹംഗറി ക്ലബ്ബ് ഫെറന്‍സ്വറോസിനെ 5-1നാണ് ബാഴ്‌സലോണ തോല്‍പ്പിച്ചത്. 27ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മെസ്സി ബാഴ്‌സലോണയുടെ അക്കൗണ്ട് തുറന്നു. 42ാം മിനുട്ടില്‍ ഫാറ്റിയിലൂടെ ബാഴ്‌സ ലീഡുയര്‍ത്തിയപ്പോള്‍ 52ാം മിനുട്ടില്‍ ഫിലിപ്പ് കുട്ടീഞ്ഞോ ബാഴ്‌സലോണയ്ക്കായി മൂന്നാം ഗോള്‍ നേടി. 68ാം മിനുട്ടില്‍ ജെറാഡ് പിക്വെയ്ക്ക് ചുവപ്പുകാര്‍ഡ് ലഭിച്ചതോടെ 10 പേരായി ബാഴ്‌സലോണ ചുരുങ്ങി. 70ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ ഇഗോര്‍ കരാറ്റിന്‍ ഫെറന്‍സ്വറോസിന്റെ ആശ്വാസ ഗോള്‍ നേടി. അവസാന സമയങ്ങളില്‍ കടന്നാക്രമിച്ച ബാഴ്‌സലോണക്കുവേണ്ടി 82ാം മിനുട്ടില്‍ പെട്രിയും 89ാം മിനുട്ടില്‍ ഉസ്മാന്‍ ഡെംബല്ലെയും വലകുലുക്കി.

അതേ സമയം ഗ്രൂപ്പ് ഇയില്‍ നടന്ന ചെല്‍സി സെവിയ്യ മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. 56 ശതമാനം പന്തടക്കത്തില്‍ സെവിയ്യ മുന്നിട്ട് നിന്നെങ്കിലും 6 ഗോള്‍ശ്രമവുമായി ഇരുകൂട്ടരും തുല്യത പുലര്‍ത്തി. ഗ്രൂപ്പ് എഫില്‍ ജര്‍മന്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ ലാസിയോ 3-1ന് അട്ടിമറിച്ചു. പരിക്ക് വേട്ടയാടിയ ഡോര്‍ട്ട്മുണ്ടിനെതിരേ ആധിപത്യ പ്രകടനം തന്നെയാണ് ലാസിയോ കാഴ്ചവെച്ചത്. 6ാം മിനുട്ടില്‍ ഇമ്മോബിലിയിലൂടെ ലാസിയോ സ്‌കോര്‍ബോര്‍ഡ് തുറന്നപ്പോള്‍ 23ാം മിനുട്ടില്‍ ഡോര്‍ട്ട്മുണ്ട് താരം മാര്‍വിന്‍ ഹിറ്റ്‌സിന്റെ സെല്‍ഫ് ഗോളില്‍ ലാസിയോ രണ്ടാം ഗോള്‍ സ്‌കോര്‍ബോര്‍ഡിനോട് ചേര്‍ത്തു. 71ാം മിനുട്ടില്‍ എര്‍ലിങ് ഹാലന്‍ഡിന്റെ ഗോളിലൂടെ ഡോര്‍ട്ട്മുണ്ട് തിരിച്ചുവരവ് സൂചന നല്‍കിയെങ്കിലും 76ാം മിനുട്ടില്‍ ജീന്‍ അക്പാ അക്‌പ്രോയുടെ ഗോളില്‍ ലാസിയോ മൂന്നാം ഗോള്‍ ചേര്‍ക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications