UEFA Champions League: ബാഴ്‌സയെ നാണം കെടുത്തി യുവന്റസ്- റൊണാള്‍ഡോയ്ക്ക് ഡബിള്‍
ക്യാംപ്നൗ: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആരാധകര്‍ കാത്തിരുന്ന പോരാട്ടത്തില്‍ ബാഴ്‌സലോണയെ നാണംകെടുത്തി യുവന്റസ്. ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും നേര്‍ക്കുനേര്‍ എത്തുന്നുവെന്ന തരത്തില്‍ വലിയ ആവേശത്തോടെ ആരാധകര്‍ സ്വീകരിച്ച മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് യുവന്റസിന്റെ ജയം. ബാഴ്‌സലോണയുടെ തട്ടകത്തിലാണ് യുവന്റസിന്റെ ജയമെന്നതാണ് ശ്രദ്ധേയം. ബാഴ്‌സയുടെ തട്ടകത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് വിജയിക്കുന്ന ആദ്യ ഇറ്റാലിയന്‍ ക്ലബ്ബാണ് യുവന്റസ്. റയല്‍ മാഡ്രിഡ് വിട്ടതിന് ശേഷം റൊണാള്‍ഡോ മെസ്സിക്കെതിരേ എത്തുന്നുവെന്ന പ്രത്യേകതയും മത്സരത്തിനുണ്ടായിരുന്നു.

തട്ടകത്തില്‍ 4-2-3-1 ഫോര്‍മേഷന്‍ ബാഴ്‌സലോണ സ്വീകരിച്ചപ്പോള്‍ 3-2-3-2 ഫോര്‍മേഷനിലാണ് യുവന്റസ് ഇറങ്ങിയത്. 13ാം മിനുട്ടില്‍ യുവന്റസ് മുന്നിലെത്തി. പെനാല്‍റ്റി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വലയിലാക്കുകയായിരുന്നു. 20ാം മിനുട്ടില്‍ സന്ദര്‍ശകര്‍ വീണ്ടും ലീഡുയര്‍ത്തി. വെസ്റ്റന്‍ മെക്കിനിയാണ് ഇത്തവണ വലകുലുക്കിയത്. 52ാം മിനുട്ടില്‍ വീണ്ടും പെനാല്‍റ്റി യുവന്റസിനെ തേടിയെത്തിയപ്പോള്‍ റൊണാള്‍ഡോയ്ക്ക് ഇത്തവണയും പിഴച്ചില്ല. 57 ശതമാനം പന്തടക്കത്തിലും 9നെതിരേ 19 ഗോള്‍ശ്രമവുമായി ആക്രമണത്തിലും ബാഴ്‌സലോണയാണ് മുന്നിട്ട് നിന്നതെങ്കിലും ഗോളടിക്കാന്‍ മറന്നു പോയി. ജയത്തോടെ ഗ്രൂപ്പ് ജിയില്‍ ബാഴ്‌സലോണയെ മറികടന്ന് ഒന്നാം സ്ഥാനക്കാരായി യുവന്റസ് പ്ലേ ഓഫില്‍ കടന്നു. ബാഴ്‌സയും പ്ലേ ഓഫ് യോഗ്യത നേടി.

ഗ്രൂപ്പ് എച്ചില്‍ നടന്ന പോരാട്ടത്തില്‍ ലെയ്പ്‌സിഗിനോട് തോറ്റ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ആവേശ മത്സരത്തില്‍ 3-2നാണ് ലെയ്പ്‌സിഗിന്റെ ജയം. മൂന്ന് ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ട് ഗോള്‍ മടക്കാന്‍ യുണൈറ്റഡിന് സാധിച്ചെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല. തോല്‍വിയോടെ യുണൈറ്റഡിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചു. 4-2-3-1 ഫോര്‍മേഷനിലിറങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 4-3-2-1 ഫോര്‍മേഷനിലാണ് ലെയ്പ്‌സിഗ് നേരിട്ടത്. സ്വന്തം തട്ടകത്തില്‍ മൂന്നാം മിനുട്ടില്‍ ലെയ്പ്‌സിഗ് ലീഡെടുത്തു. ആഞ്ചലിനോയാണ് വലകുലുക്കിയത്.
13ാം മിനുട്ടില്‍ അമോഡു ഹൈദാറയും 69ാം മിനുട്ടില്‍ ജസ്റ്റിന്‍ ക്ലൂവര്‍ട്ടും വലകുലുക്കിയതോടെ ലെയ്പ്‌സിഗ അനായാസ ജയം മുന്നില്‍ക്കണ്ടു. എന്നാല്‍ 80ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിവാക്കി ബ്രൂണോ ഫെര്‍ണാണ്ടസ് യുണൈറ്റഡിന്റെ അക്കൗണ്ട് തുറന്നു. 82ാം മിനുട്ടില്‍ ഇബ്രാഹിമ കൊനാറ്റിയുടെ സെല്‍ഫ് ഗോളില്‍ യുണൈറ്റഡ് രണ്ടാം ഗോള്‍ നേടിയെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല. 53 ശതമാനം പന്തടക്കത്തിലും 10നെതിരേ 19 ഗോള്‍ശ്രമവുമായി ആക്രമണത്തിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്നിട്ട് നിന്നെങ്കിലും ജയിക്കാനായില്ല.

ഗ്രൂപ്പ് ഇയില്‍ ക്രസ്‌നോഡറിനോട് 1-1 സമനില വഴങ്ങിയ ചെല്‍സി പ്ലേ ഓഫില്‍ കടന്നു. ഗ്രൂപ്പില്‍ നിന്ന് സെവിയ്യും പ്ലേ ഓഫില്‍ കടന്നിട്ടുണ്ട്. 24ാം മിനുട്ടില്‍ റെമി കബല്ലയിലൂടെ ക്രാസ്‌നോഡര്‍ ആദ്യം മുന്നിലെത്തിയപ്പോള്‍ 28ാം മിനുട്ടില്‍ പെനാല്‍റ്റി വലയിലാക്കി ജോര്‍ജീഞ്ഞോയാണ് ചെല്‍സിക്ക് സമനില സമ്മാനിച്ചത്. ഗ്രൂപ്പ് എച്ചില്‍ പിഎസ്ജി ബസാക്ക്‌ഷെയര്‍ മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications