മാഡ്രിഡ്: പോയ സീസണിലെ മികച്ച പ്രകടനങ്ങള്‍ക്കുള്ള യുവേഫയുടെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ബയേണ്‍ മ്യൂണിക്ക് സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്കിയാണ് മികച്ച പുരുഷ താരം. ഇടവേളയ്ക്ക് ശേഷം ബയേണ്‍ മ്യൂണിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയപ്പോള്‍ ലെവന്‍ഡോസ്കിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. 15 ഗോളുമായി ബയേണിന് കിരീടം നേടിക്കൊടുത്തതില്‍ ലെവന്‍ഡോസ്കി മുഖ്യ പങ്കുവഹിച്ചിരുന്നു.
ബുണ്ട്സ്ലീഗയില്‍ 31 മത്സരത്തില്‍ നിന്ന് 34 ഗോളും 5 ജര്‍മന്‍ കപ്പ് മത്സരത്തില്‍ നിന്ന് 6 ഗോളും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി എന്നിവര്‍ക്ക് ഇത്തവണ ഒരു പുരസ്കാരവും നേടാനായില്ലെന്നതാണ് ശ്രദ്ധേയം. 477 പോയിന്റോടെയാണ് ലെവന്‍ഡോസ്കി മികച്ച താരമായത്. രണ്ടാം സ്ഥാനത്തെത്തിയ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന് ഡി ബ്രൂയിന് 90 പോയിന്റാണ് ലഭിച്ചത്. 53 പോയിന്റോടെ മെസ്സി നാലാം സ്ഥാനത്തെത്തിയപ്പോള്‍ 25 പോയിന്റോടെ റൊണാള്‍ഡോ 10ാം സ്ഥാനത്തായിരുന്നു.
അവസാന സീസണില്‍ നിരവധി റെക്കോഡാണ് ലെവന്‍ഡോസ്കി സ്വന്തമാക്കിയത്. ബുണ്ടസ്ലീഗയിലെ മികച്ച താരത്തിനുള്ള പുരസ്കാരവും ലെവന്‍ഡോസ്കിയ്ക്കായിരുന്നു. 2018-19 സീസണില്‍ വിജില്‍ വാന്‍ ഡെക്കായിരുന്നു മികച്ച താരം. റയല്‍ മാഡ്രിഡ് വിട്ടശേഷം റൊണാള്‍ഡോയ്ക്ക് കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാനായിട്ടില്ല. മെസ്സി 2014-15 സീസണിലാണ് അവസാനമായി യുവേഫയുടെ മികച്ച താരമായത്.
യുവേഫയുടെ മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ചെല്‍സിയുടെ ഡെന്മാര്ക്ക് താരം പേര്നിലി ഹാര്‍ഡര്‍ക്കാണ്. 92 പോയിന്റാണ് താരത്തിന് ലഭിച്ചത്. നേരത്തെ 2017-18 സീസണിലും ഇതേ നേട്ടം സ്വന്തമാക്കാന്‍ പേര്നില്ലിക്ക് സാധിച്ചിരുന്നു. മികച്ച പുരുഷ പരിശീലകനുള്ള പുരസ്കാരം ബയേണ്‍ മ്യൂണിക്ക് പരിശീലകന് ഹാന്‍സി ഫ്ളിക്ക് നേടി. ലിവര്‍പൂളിന്റെ യര്‍ഗന്‍ ക്ലോപിനെ ഏറെ പിന്നിലാക്കിയാണ് ഹാന്സിയുടെ നേട്ടം. മികച്ച വനിതാ ടീം പരിശീലകനുള്ള പുരസ്കാരം ലിയോണിന്റെ ജീന്‍ ലൂക്ക് വാസ്യൂര് സ്വന്തമാക്കി. മികച്ച പുരുഷ ഗോള്‍കീപ്പര്‍ക്കുള്ള പുരസ്കാരം ബയേണിന്റെ ജര്‍മന്‍ ഗോളി മാനുവല്‍ ന്യൂയര്‍ക്കാണ്.
ബയേണിന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍ വലിയ പങ്കുവഹിച്ച ഗോളിയാണ് ന്യൂയര്‍. മികച്ച പ്രതിരോധ നിര താരം ജോഷ്വാ കിമ്മിച്ച് സ്വന്തമാക്കിയപ്പോള്‍ മികച്ച മിഡ്ഫീല്‍ഡര്‍ പുരസ്കാരം കെവിന് ഡി ബ്രൂയിനും മികച്ച സ്ട്രൈക്കര്‍ക്കുള്ള പുരസ്കാരം ലെവന്‍ഡോസ്കിയും സ്വന്തമാക്കി. മികച്ച വനിതാ ഗോളിയായി സറാഹ് ബൗഹാദിയും പ്രതിരോധനിര താരമായി വെന്‍ഡി റിനാര്ഡും മധ്യനിരതാരമായി സെനിഫര്‍ മരോസനും സ്ട്രൈക്കറായി പെര്നില്ലി ഹാര്ഡറേയും തിരിഞ്ഞെടുത്തു. യുവേഫ പ്രസിഡന്റ്സ് അവാര്‍ഡ് ദിദിയര്‍ ദ്രോഗ്ബക്കാണ്.