തട്ടകത്തിൽ ടോട്ടനത്തിന് ഞെട്ടൽ; ഒറ്റഗോളിൽ ന്യൂകാസിൽ അട്ടിമറിച്ചു
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അപ്രതീക്ഷിത തോല്‍വിയേറ്റുവാങ്ങി ടോട്ടനം. സ്വന്തം തട്ടകത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ന്യൂകാസില്‍ യുണൈറ്റഡിനോടാണ് ടോട്ടനം തലകുനിച്ചത്.പ്രമുഖ താരങ്ങളെയെല്ലാം ഉള്‍ക്കൊള്ളിച്ച് കളിച്ചിട്ടും തോല്‍വി ഒഴിവാക്കാന്‍ സ്പര്‍സ് നിരയ്ക്കായില്ല.ടോട്ടനത്തിന്റെ സീസണിലെ ആദ്യ തോല്‍വിയാണിത്.
ഹോം മത്സരത്തില്‍ ഹാരി കെയ്‌നെ മുഖ്യ സ്‌ട്രൈക്കറാക്കി 4-2-3-1 ഫോര്‍മേഷനില്‍ ഇറങ്ങിയ ടോട്ടനം കണക്കുകളില്‍ ഏറെ മുന്നിലായിരുന്നെങ്കിലും ഭാഗ്യം തുണച്ചില്ല.79 ശതമാനം പന്തടക്കിവെച്ച് എട്ടിനെതിരേ 17 തവണ ഗോള്‍ശ്രമം നടത്താന്‍ ടോട്ടനത്തിന് കഴിഞ്ഞെങ്കിലും ഒരു തവണപോലും പന്ത് പോസ്റ്റിലാക്കാന്‍ കഴിഞ്ഞില്ല.ആക്രമണത്തിലൂന്നി കളിച്ച ടോട്ടനത്തെ ഞെട്ടിച്ച് 27ാം മിനുട്ടില്‍ ന്യൂകാസില്‍ വലകുലുക്കി. ക്രിസ്റ്റിയന്‍ ആറ്റ്‌സുവിന്റെ അസിസ്റ്റില്‍ ജോലിന്റനാണ് മത്സരത്തിന്റെ വിധി എഴുതിയ ഗോള്‍ നേടിയത്.രണ്ടാം പകുതിയില്‍ ക്രിസ്റ്റ്യന്‍ എറിക്‌സണെ ഇറക്കി ടോട്ടനം ഗോള്‍മടക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.ആദ്യ മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയോട് ജയിച്ച ടോട്ടനം രണ്ടാം മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് സമനിലയും വഴങ്ങി.

നാല് പോയിന്റുമായി ടോട്ടനം ഏഴാം സ്ഥാനത്താണ്.ആദ്യ രണ്ട് മത്സരവും തോറ്റ ന്യൂകാസിലിന്റെ സീസണിലെ ആദ്യ ജയമാണിത്. സെപ്തംബര്‍ ഒന്നിന് ആഴ്‌സണലിനെതിരെയാണ് ടോട്ടനത്തിന്റെ അടുത്ത മത്സരം. വോള്‍വ്‌സും ബേണ്‍ലിയും തമ്മില്‍ നടന്ന മത്സരം 1-1 സമനിലയില്‍ കലാശിച്ചു. ഇഞ്ചുറി ടൈമിലാണ് വോള്‍വ്‌സ് സമനില ഗോള്‍ നേടിയെടുത്തത്.വോള്‍വ്‌സിന്റെ തട്ടകത്തില്‍ 13ാം മിനുട്ടില്‍ ആഷ്‌ളി ബേണിസിലൂടെ ബേണ്‍ലി മുന്നിലെത്തിയപ്പോള്‍ ഇഞ്ചുറി ടൈമിന്റെ എട്ടാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റൗള്‍ ജിമിനെസ് വോള്‍വ്‌സിന് സമനില സമ്മാനിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications