കൊല്‍ക്കത്ത: ഓന്റീ.....ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കമെന്ററി കേട്ടിട്ടുള്ളവര്‍ക്ക് അറിയാം ഇതൊരു ഗോള്‍ ആവേശത്തിന്റെ പര്യായപദമാണെന്ന്. ആഴ്സണലിന്റെ ഇതിഹാസ താരം തിയറി ഓന്റി ഗോളടിച്ചാല്‍ കമെന്റേറ്റര്മാര് ഓന്റീ..ഗോള്‍...എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.
ആ സൂപ്പര്‍ താരം ഇതാ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരം കാണുവാനെത്തുന്നു. കൊല്‍ക്കത്തയില്‍ രബീന്ദ്ര സരോവര്‍ സ്റ്റേഡിയത്തില്‍ ഈ മാസം 25ന് അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയും മുംബൈ സിറ്റി എഫ് സിയും തമ്മിലുള്ള മത്സരത്തിനാണ് ഓന്റിയെത്തുക. അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത ഒഫിഷ്യലുകളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ സന്ദര്‍ശനത്തിനാണ് മുന്‍ ഫ്രഞ്ച് ഫുട്ബോള്‍ താരം എത്തുന്നത്.
മൂന്നാം സീസണില്‍ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ഹോം മത്സരങ്ങള്‍ക്ക് വേണ്ടത്ര കാണികള്‍ എത്താത്തത് അധികൃതരെ ചിന്തിപ്പിക്കുന്നു. ഓന്റിയെ പോലൊരു സൂപ്പര്‍ താരത്തിന്റെ സാന്നിധ്യത്തിന് കൂടുതല്‍ കാണിക്കൂട്ടത്തെ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് ടീം ഒഫിഷ്യലുകള്‍.
2003-04 സീസണില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളായ ആഴ്സണലിന്റെ ഇതിഹാസ നിരയിലെ സുപ്രധാനിയായിരുന്നു ഓന്റി. ആഴ്സണലിനൊപ്പം ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ച ഓന്റി ബാഴ്സലോണക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് ജേതാവായി. ഇപ്പോള്‍ ബെല്‍ജിയം ദേശീയ ടീമിന്റെ അസിസ്റ്റന്റ് കോച്ചാണ് ഓന്റി. 1998 ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമിലും ഓന്റിയുണ്ടായിരുന്നു.