റിയോ ഡി ജെനെയ്‌റോ: ഇരുപതാം ലോകകപ്പ് ഫുട്‌ബോളിന്റെ ആദ്യ സെമിഫൈനലിന് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ബ്രസീല്‍ ടീം കടുത്ത സമ്മര്‍ദ്ദത്തിലെന്ന് റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ തിയാഗോ സില്‍വയും സൂപ്പര്‍ താരം നെയ്മറും ഇല്ലാതെ കളത്തിലിറങ്ങേണ്ടിവരുന്നതിന്റെ ബൂദ്ധിമുട്ട് ടീം മാനേജ്‌മെന്റിനേയും ബാധിച്ചിട്ടുണ്ടെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
കളിക്കാരെ എല്ലായിപ്പോഴും പ്രചോദിപ്പിച്ചുകൊണ്ടിരുന്ന ക്യാപ്റ്റന്‍ തിയാഗോ സില്‍വയുടെ നഷ്ടം നികത്താനാകാത്തതാണെന്നാണ് ബ്രസീല്‍ മാനേജ്‌മെന്റ് കരുതുന്നത്. അതുകൊണ്ടുതന്നെ തിയാഗോയുടെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ ഫിഫയ്ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ അപ്പീല്‍ ഫിഫ തള്ളി. സാധാരണ രീതിയില്‍ രണ്ടു കളികളില്‍ തുടര്‍ച്ചയായി മഞ്ഞകാര്‍ഡു കണ്ട കളിക്കാരന് അടുത്ത കളിയില്‍ കളിക്കാനാകില്ല.

ഫിഫയുടെ നിയമം കര്‍ശനമാണെങ്കിലും തിയാഗോയെ ഏതെങ്കിലും തരത്തില്‍ കളത്തിലെത്തിക്കാന്‍ കഴിഞ്ഞാല്‍ ടീമിന് വലിയ നേട്ടമായിരിക്കും അത് എന്ന തിരിച്ചറിവാണ് ടീം മാനേജ്‌മെന്റ് അപ്പീലിനു പോകാന്‍ കാരണമായത്. പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ മഞ്ഞകാര്‍ഡു കണ്ടതാണ് ബ്രസീലിന്റെ ക്യാപ്റ്റന് വിനയായത്. ക്വാര്‍ട്ടറില്‍ കൊളംബിയയ്‌ക്കെതിരെ ഫൗളുകളുടെ പെരുമഴയായിരുന്നു ബ്രസീലിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.
നെയ്മര്‍ക്കു പകരം വില്യനും, തിയാഗോയ്ക്ക് പകരം ഡാന്റെയുമാണ് സെമിയില്‍ ബ്രസീലിന്റെ ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കുക. എന്നാല്‍ നെയ്മറുടെ അസാന്നിദ്ധ്യം ജര്‍മന്‍ ടീമിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കും. പരിചയ സമ്പത്തു കുറഞ്ഞ വില്യന്‍-ഓസ്‌കാര്‍ കൂട്ടുകെട്ടിന് ജര്‍മനിയുടെ പ്രതിരോധം ഭേദിക്കുക അസാധ്യമായിരിക്കുമെന്ന് ഫുട്‌ബോള്‍ വിദഗ്ധര്‍ പറയുന്നു. ജര്‍മനി ആദ്യം ഗോള്‍ നേടുകയാണെങ്കില്‍ ഗോള്‍ മടക്കുക ബ്രസീലിന് ബുദ്ധമുട്ടേറിയ കാര്യമാകും. കളി പരമാവധി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീട്ടുകയും, എതിര്‍ കളിക്കാരെ ശാരീരികമായി നേരിടുകയുമായിരിക്കും സ്‌കൊളാരിയുടെ തന്ത്രമെന്നാണ് വിലയിരുത്തല്‍.