ഭുവനേശ്വര്‍: സുനില്‍ ഛേത്രി പെനാല്‍റ്റി നഷ്ടപ്പെടുത്തിയ ഒരു മത്സരത്തില്‍ ഐഎസ്എല്‍ ചാമ്പ്യന്മാരായ ബെംഗളുരു എഫ്സി സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ നിന്നും പുറത്തായി. ഐ ലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റിയാണ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചത്. ഇതോടെ ഐ എസ് എല്‍ ചാമ്പ്യന്മാരുടെ സൂപ്പര്‍ കപ്പ് പ്രതീക്ഷകളും അവസാനിച്ചു.
ജോണി ബെയര്‍സ്റ്റോ, എന്തൊരു വെടിക്കാണിത്; ഇക്കണക്കിന് ഇംഗ്ലണ്ട് ലോകകപ്പ് കൊണ്ടുപോകും
പതിനഞ്ചാം മിനിറ്റില്‍ നെസ്റ്റര്‍ ഗോര്ഡില്ലോയാണ് ചെന്നൈ സിറ്റിക്കുവേണ്ടി ആദ്യ ഗോള്‍ നേടിയത്. 54-ാം മിനിറ്റില്‍ സാന്‍ഡ്രോയുടെ പാസില്‍ നിന്ന് പെഡ്രോ മാന്‍സി ചെന്നൈയുടെ ലീഡുയര്‍ത്തി. പത്തൊന്‍പത് വാര അകലെ നിന്ന് ഗോളിലേയ്ക്ക് അടിച്ച പന്താണ് വലകുലുക്കിയത്. 52-ാം മിനിറ്റില്‍ ബെംഗളൂരുവിന് ലഭിച്ച പെനാല്‍റ്റി ഛേത്രി പാഴാക്കിയത് ടീമിന് തിരിച്ചടിയായി.
ബോക്സില്‍ യേശുരാജ് ഛേത്രിയെ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. ഛേത്രിയുടെ കിക്ക് ഗോളി മൗറോ ബോര്ഷിയോ മനോഹരമായി രക്ഷപ്പെടുത്തി. രണ്ടുഗോള്‍ വീണശേഷം കൂടുതല്‍ ആക്രമണങ്ങള്‍ സംഘടിപ്പിച്ച ബെംഗളുരു അറുപത്തിയഞ്ചാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി. ഡിമാസ് ഡെല്‍ഗാഡോയുടെ ഒരു ക്രോസ് ഛേത്രി വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. സമനില നേടാന്‍ ടീം കിണഞ്ഞു ശ്രമിച്ചെങ്കിലും ചെന്നൈ പ്രതിരോധം അനുവദിച്ചില്ല.