ഭുവനേശ്വര്‍: ഹീറോ സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ അത്ലറ്റിക്കോ കൊല്‍ക്കത്ത ക്വാര്‍ട്ടറില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ ഐ ലീഗിലെ വമ്പന്മാരായ റിയല്‍ കാശ്മീരിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കൊല്‍ക്കത്ത തകര്‍ത്തത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ മറ്റൊരു ഐഎസ്എല്‍ ടീമായ ഡല്‍ഹി ഡൈനാമോസ് ആണ് എടികെയുടെ എതിരാളികള്‍.
മത്സരത്തിന്റെ 26-ാം മിനിറ്റില്‍ ബല്‍വന്ത് സിങ്ങിലൂടെ കൊല്‍ക്കത്തയാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ മാന്സണ് റോബെര്ട്ട്സണിലൂടെ 31-ാം മിനിറ്റില്‍ റിയല്‍ കാശ്മീര്‍ തിരിച്ചടിച്ചു. ആദ്യ പകുതിയില്‍ ഇരു ടീമുകളും 1-1 എന്ന നിലയില്‍ ഒപ്പത്തിനൊപ്പം നിന്നെങ്കിലും രണ്ടാം പകുതിയില്‍ അത്ലറ്റിക്കോ മത്സരം സ്വന്തമാക്കി. മാനുവേല്‍ ലാന്സറോട്ട(79), എവെര്‍ട്ടന്‍ സാന്റോസ്(83) എന്നിവരാണ് ടീമിനായി ഗോള്‍ കണ്ടെത്തിയത്.
പാക് ക്രിക്കറ്റ് താരം ദുബായ് നൈറ്റ് ക്ലബ്ബില്‍; വീഡിയോ പുറത്തായ ഉടന്‍ പണികിട്ടി
ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ ഒരു ഗോള്‍ നേടുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത ലാന്‍സറോട്ടയാണ് ടീമിന്റെ ഹീറോ. ഐഎസ്എല്ലില്‍ നിറംമങ്ങിയ കൊല്‍ക്കത്ത പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. കരുത്തരായ ടീമിനെയാണ് സ്റ്റീവ് കോപ്പല്‍ റിയല്‍ കാശ്മീരിനെതിരെ രംഗത്തിറക്കിയത്. ഏപ്രില്‍ അഞ്ചിനാണ് ഡല്‍ഹിക്കെതിരായ ക്വാര്‍ട്ടര്‍ മത്സരം.