ഫോര്‍ട്ടലെസ(ബ്രസീല്‍): കോണ്‍ഫെഡറേഷന്‍ കപ്പ് ഫൈനലില്‍ ബ്രസീലും സ്‌പെയിനും ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ കരുത്തരായ ഇറ്റലിയെ സഡന്‍ ഡെത്തില്‍ തളച്ചിട്ടാണ് സ്‌പെയിന്‍ കിരീടപ്പോരാട്ടത്തിനെത്തുന്നത് (6-7). ജീസസ് നവാസാണ് സ്‌പെയിന്റെ വിജയ ഗോള്‍ നേടിയത്.

നൂറ്റി ഇരുപത് മിനുട്ട് നീണ്ട കളിയില്‍ ഗോളുകള്‍ ഒന്നും തന്നെ പിറന്നില്ല. പിന്നെ പെനാല്‍ട്ടി ഷൂട്ടൗട്ട്. ക്യാപ്റ്റന്‍മാരായ ഗോളികള്‍ക്ക് ഒന്നു പോലും തടുത്തിടാനായില്ല. പിന്നെയും സമനില. ഒടുവില്‍ സഡന്‍ ഡത്ത്.
സഡന്‍ ഡത്തിലെയും ആദ്യ ഷൂട്ടുകള്‍ രണ്ട് ടീമിന്റെയും ഗോള്‍ വല ഭേദിച്ചു. രണ്ടാം ഷൂട്ടിന് നിര്‍ഭാഗ്യം ബൊണൂച്ചിയുടെ രൂപത്തിലാണ് ഇറ്റലിക്കൊപ്പം വന്നത്. പന്ത് പോസ്റ്റിന് പുറത്തേക്ക്. അവസരം മുതലാക്കിയ ജീസസ് നവാസിന്റെ വെടിയുണ്ട പോലുള്ള കിക്ക് തടുക്കാന്‍ ഇറ്റാലിയല്‍ ക്യാപ്റ്റന്‍ ബുഫണിന് കഴിഞ്ഞില്ല. രണ്ട് മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ സ്‌പെയിന്‍ ഫൈനലിലേക്ക്.
ആദ്യ പകുതില്‍ ഇറ്റലിയുടെ അപ്രമാദിത്യമായിരുന്നു ഗ്രൗണ്ടില്‍. രണ്ടാം പകുതിയില്‍ സ്‌പെയിനിന്റേയും. കഴിഞ്ഞ യൂറോ കപ്പിന്റെ ഫൈനലിലും സ്‌പെയിനിന് മുന്നില്‍ കീഴടങ്ങനായിരുന്നു ഇറ്റലിയുടെ വിധി.
ഞായറാഴ്ചയാണ് ഫൈനല്‍. ആതിഥേയരായ ബ്രസീലിന് കിരീടം നില നിര്‍ത്തുക എന്നതാണ് ലക്ഷ്യമെങ്കില്‍, ലോക കപ്പിനും യൂറോ കപ്പിനും ഒപ്പം കോണ്‍ഫെഡറേഷന്‍സ് കപ്പ് കൂടി ഉയര്‍ത്തുക എന്നതാണ് സ്‌പെയിന്റെ ലക്ഷ്യം. ലൂസേഴ്‌സ് ഫൈനലില്‍ ഇറ്റലി ഉറുഗ്വായെ നേരിടും.