ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്‍ വന്‍ അട്ടിമറി വിജയം നേടി പുതുമുഖ ക്ലബ്ബ് കാര്‍ഡിഫ് സിറ്റി ലോക ശ്രദ്ധ നേടി. മുന്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ആണ് കാര്‍ഡിഫ് സിറ്റി തോല്‍പിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു വിജയം.
ഫ്രെയ്‌സര്‍ ലീ കാംപെല്ലിന്റെ ഇരട്ട ഗോളുകളാണ് കാര്‍ഡിഫിനെ തുണച്ചത്. കളിയുടെ രണ്ടാം പകുതിയിലാണ് ഈ രണ്ട് ഗോളുകളും വീണതും. അതും കോര്‍ണര്‍ കിക്കുകളിലൂടെ. അരോണ്‍ ഗുണ്ണാര്‍സണും കാര്‍ഡിഫിന് വേണ്ടി മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ വല കുലുക്കി.
കാര്‍ഡിഫിന്റെ മൂന്ന് ഗോളുകളും പിറന്നത് കളിയുടെ രണ്ടാം പകുതിയില്‍ ആയിരുന്നു. ഗുണ്ണാര്‍ഗസന്‍ അറുപതാം മിനിട്ടില്‍ ആദ്യ ഗോള്‍ അടിച്ചു. പിന്നെ 79-ാം മിനിട്ടിലും 87-ാം മിനിട്ടിലും കാംപെല്ലിന്റെ രണ്ട് ഗോളുകള്‍.
കളിയുടെ 52-ാം മിനിട്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ എഡിന്‍ സേക്കോ കാര്‍ഡിഫിന്റെ പോസ്റ്റിലേക്ക് ആദ്യ ഗോള്‍ പായിച്ചപ്പോള്‍ വിജയം മാഞ്ചസ്റ്ററിന് തന്നെ ആയിരിക്കുമെന്ന് കാണികള്‍ ഉറപ്പിച്ചു. എന്നാല്‍ 60-ാം മനിട്ടിലും, 79-ാം മിനിട്ടിലും, 87-ാം മിനിട്ടിലും കുലുങ്ങിയത് മുന്‍ പ്രീമിയര്‍ ലീഗ് ചാമ്പന്യന്‍മാരുടെ ഗോള്‍ വലയായിരുന്നു.ഇഞ്ചുറി ടൈമില്‍ അല്‍വാരോ നെഗ്രഡോ മാഞ്ചസ്റ്ററിന് വേണ്ടി ഒരു ഗോള്‍ കൂടി നേടിയെങ്കിലും വിജയം കാര്‍ഡിഫിനൊപ്പം തന്നെയായിരുന്നു.
ഇത്തവണയാണ് കാര്‍ഡിഫ് സിറ്റി ടീമിന് പ്രീമിയര്‍ ലീഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിയത്. പോയന്റ് പട്ടികയില്‍ ഇടം നേടാനായതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ കാര്‍ഡിഫ് സിറ്റി.
പ്രീമിയര്‍ ലീഗിലെ മറ്റ1 മത്സരത്തില്‍ ലിവര്‍പൂള്‍ ആസ്റ്റണ്‍ വില്ലയെ കീഴടക്കി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലിവര്‍പൂളിന്റെ വിജയം. ഡാനിയല്‍ സ്റ്റിഡ്ജ് ആണ് ഗോള്‍ അടിച്ചത്.