സൂറിച്ച്: യൂറോപ്യന്‍ ചാമ്പ്യന്മാരായതോടെ ലോക ഫുട്ബോള്‍ റാങ്കിംഗില്‍ ഫ്രാന്‍സ് ഒന്നാം സ്ഥാനത്തിനടുത്തെത്തി. എന്നാല്‍ ഇപ്പോഴത്തെ ഒന്നാം റാങ്കുകാരായ ബ്രസീലിനെ മറികടക്കണമെങ്കില്‍ ഫ്രാന്‍സിന് ഇനിയും 17 പോയിന്റ് വേണം.
അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്‍ (ഫിഫ) പ്രസിദ്ധീകരിച്ച പുതിയ റാങ്കിംഗില്‍ 825 പോയിന്റോടെ ബ്രസീല്‍ ഒന്നാം സ്ഥാനത്തു തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള ഫ്രാന്‍സിന് 808 പോയിന്റുണ്ട്.
യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ പ്രകടനം മറ്റു ചില രാഷ്ട്രങ്ങള്‍ക്കും കാര്യമായ മുന്നേറ്റം കൈവരിക്കാന്‍ സഹായിച്ചിട്ടുണ്ട്. ഇതില്‍ 21-ാം സ്ഥാനത്തു നിന്ന് എട്ടാം സ്ഥാനത്തേക്ക് കുതിച്ചുയര്‍ന്ന നെതര്‍ലന്റ്സാണ് പ്രമുഖര്‍.
യൂറോ 2000-ന്റെ ഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റ ഇറ്റലി 16-ാം സ്ഥാനത്തുനിന്ന് ആറാം സ്ഥാനത്തേക്കുയര്‍ന്നു.