ലണ്ടന്‍: 29 വര്‍ഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സേവിച്ച ഇതിഹാസതാരം റയന്‍ ഗിഗ്സിന് ഇനി പുതിയ വഴി. കഴിഞ്ഞമാസം മാഞ്ചസ്റ്ററില്‍ നിന്നും പിടിയിറങ്ങിയ ഗിഗ്സ് നോട്ടിങ്ഹാം ഫോറസ്റ്റ് കോച്ച് ആയി ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷന് ലീഗില്‍ കളിക്കുന്ന നോട്ടിങ്ഹാം ഫോറസ്റ്റിന്റെ ഒടുവിലത്തെ സീസണ് പ്രകടനം മോശമായതിനാലാണ് ഗിഗ്സുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
നീണ്ടകാലം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കളിക്കാരനായിരുന്ന ഗിഗ്സ് 2014ല്‍ ടീമിന്റ പരിശീലകസ്ഥാനം ഏറ്റെടുത്തിരുന്നു. നാലു മത്സരങ്ങളില്‍ കോച്ച് ആയിരുന്ന ഗിഗ്സിന് കീഴില്‍ ടീം 2 മത്സരങ്ങളില്‍ ജയിച്ചു. ഒരു കളി സമനിലയിലായപ്പോള്‍ മറ്റൊരു മത്സരം തോല്‍ക്കുകയും ചെയ്തു. പിന്നീട് കോച്ച് ആയി ചുമതലയേറ്റെടുത്ത ലൂയിസ് വാന്‍ഗാലിന് കീഴില്‍ രണ്ടാം നമ്പര്‍ പരിശീലകനായിരുന്നു ഗിഗ്സ്.
വാന്‍ ഗാലിനുശേഷം ജോസ് മൗറീന്യോ കോച്ച് ആയതോടെയാണ് ഗിഗ്സ് മാഞ്ചസ്റ്റര്‍ വിടുന്നത്. കോച്ചിന് തൊട്ടു താഴെയുള്ള സ്ഥാനം ഗിഗ്സിന് നല്കാന് മൗറീന്യോ വിസമ്മതിച്ചിരുന്നു. കോച്ചിങ് സ്റ്റാഫ് മാത്രമായി ഒതുങ്ങാന്‍ താത്പര്യമില്ലാതായതോടെയാണ് ഗിഗ്സ് തന്റെ ഇഷ്ടടീമില്‍ നിന്നും വിടപറയാന്‍ തീരുമാനിച്ചത്.
നേരത്തെ രണ്ടു തവണ യൂറോപ്യന്‍ കപ്പ് ചാമ്പ്യന്ന്മാരായിരുന്ന നോട്ടിങ്ഹാം ഫോറസ്റ്റിന്റെ കോച്ചിങ് സ്ഥാനം ഗിഗ്സിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവാകും. ടീം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച് ഒന്നാം ഡിവിഷനിലേക്ക് പ്രമോഷന് നേടുകയാണെങ്കില്‍ ഗിഗ്സിനെ സംബന്ധിച്ച് വലിയൊരു നേട്ടമായിരിക്കും അത്.