Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗ്രൂപ്പ് ഇ: ബ്രസീല്‍ ഫേവറിറ്റുകള്‍; മറ്റു ടീമുകള്‍ നിസ്സാരക്കാരല്ല, പോരാട്ടം കനക്കും

Group E : ബ്രസീല്‍ ഫേവറിറ്റുകള്‍; മറ്റു ടീമുകള്‍ നിസ്സാരക്കാരല്ല

റഷ്യന്‍ ലോകകപ്പിലെ ഫേവറിറ്റുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ടീമുകളിലൊന്നാണ് മുന്‍ ലോക ചാംപ്യന്‍മാരായ ബ്രസീല്‍. ഗ്രൂപ്പ് ഇയിലാണ് ബ്രസീല്‍ ഇത്തവണ പോരിനിറങ്ങുന്നത്. അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കില്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി തന്നെ ബ്രസീല്‍ പ്രീക്വാര്‍ട്ടറിലിടം പിടിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടമാവും ഗ്രൂപ്പ് ഇയെ ആവേശകരമാക്കുക. സ്വിറ്റ്‌സര്‍ലന്‍ഡ്, കോസ്റ്ററിക്ക, സെര്‍ബിയ എന്നിവരാണ് ഗ്രൂപ്പില്‍ പോരിനിറങ്ങുന്ന മറ്റു ടീമുകള്‍.


ബ്രസീല്‍

ബ്രസീല്‍

റഷ്യന്‍ ലോകകപ്പില്‍ കിരീട ഫേവറിറ്റുകളില്‍ മുന്നിലുള്ള പ്രധാന ടീമുകളിലൊന്നാണ് അഞ്ച് തവണ ലോക ചാംപ്യന്‍മാരായ ബ്രസീല്‍. ലോകകപ്പ് ചരിത്രത്തില്‍ മികച്ച റെക്കോഡുള്ള ടീമുകളിലൊന്നായാണ് ബ്രസീലിനെ വിലയിരുത്തുന്നത്. ആറാം ലോക കിരീടം ലക്ഷ്യമിട്ടാണ് മഞ്ഞപ്പട ഇത്തവണ റഷ്യയിലേക്ക് വിമാനം കയറുന്നത്. സൂപ്പര്‍താരം നെയ്മറാണ് ബ്രസീലിന്റെ കുന്തമുന. നിലവിലെ ലോക ഫുട്‌ബോളിലെ മികച്ച താരങ്ങളിലൊരാളായാണ് നെയ്മറിനെ ഫുട്‌ബോള്‍ ലോകം വിലയിരുത്തുന്നത്.

2014ല്‍ നാട്ടില്‍ നടന്ന ലോകകപ്പില്‍ തകര്‍ന്നടിഞ്ഞ ബ്രസീലിന് ഇത്തവണ വിമര്‍ശകരുടെ വായടിപ്പിക്കാന്‍ പലതും തെളിയിക്കേണ്ടതുണ്ട്. 2014 ലോകകപ്പില്‍ ജര്‍മനിയോട് 7-1ന്റെ നാണംകെട്ട തോല്‍വിയേറ്റുവാങ്ങിയ ബ്രസീല്‍ ലൂസേഴ്‌സ് ഫൈനലില്‍ ഹോളണ്ടിനോടും തോറ്റ് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് നെയ്മറിന് ഈ രണ്ട് മല്‍സരങ്ങളിലും കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ബ്രസീലുകാരനായ ടിറ്റെയാണ് മഞ്ഞപ്പടയ്ക്ക് ഇത്തവണ തന്ത്രങ്ങളൊരുക്കുന്നത്. നിലവില്‍ ഫിഫ ലോക റാങ്കിങില്‍ രണ്ടാം സ്ഥാനത്താണ് ബ്രസീല്‍. ജൂണ്‍ 17ന് സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേയാണ് റഷ്യന്‍ ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ മല്‍സരം.

ശ്രദ്ധിക്കേണ്ട താരങ്ങള്‍

പിഎസ്ജിയുടെ സ്റ്റാര്‍ സ്‌ട്രൈക്കറായ നെയ്മറാണ് ബ്രസീലിന്റെ ഏറ്റവും വലിയ വജ്രായുധം. പരിക്കിനെ തുടര്‍ന്ന് ഏതാനും മാസങ്ങളായി കളിക്കളത്തിന് പുറത്തായിരുന്ന നെയ്മര്‍ ക്രൊയേഷ്യക്കെതിരേ നടന്ന സൗഹൃദ മല്‍സരത്തിലൂടെ തിരിച്ചെത്തിയിരുന്നു. ഇത് ബ്രസീല്‍ ക്യാംപിനും ആരാധകര്‍ക്കും വന്‍ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. ക്രൊയേഷ്യക്കെതിരേ മികച്ചൊരു ഗോളും നെയ്മറുടെ വകയുണ്ടായിരുന്നു. നെയ്മറെ കൂടാതെ നിരവധി മികച്ച താരങ്ങള്‍ അണിനിരയ്ക്കുന്ന ടീം കൂടിയാണ് ബ്രസീല്‍. ലിവര്‍പൂളിനു വേണ്ടി കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയ ഫോര്‍വേഡ് റോബര്‍ട്ടോ ഫിര്‍മിനോയും യുവന്റസ് ഡഗ്ലസ് കോസ്റ്റയും ഇതില്‍ ഉള്‍പ്പെടും.


സാധ്യതാ ടീം


ഗോള്‍കീപ്പേര്‍സ്: അലിസ്സന്‍, കാസ്സിയോ, എഡ്വാര്‍സന്‍.


ഡിഫന്‍ഡേര്‍സ്: തിയാഗോ സില്‍വ, മിറാന്‍ഡ, പെഡ്രോ ജെറോമല്‍, ഫിലിപ്പ് ലൂയിസ്, മാര്‍സെലോ, മാര്‍ക്വീഞ്ഞോ, ഡാനിലോ, ഫാഗ്‌നര്‍.


മിഡ്ഫീല്‍ഡേര്‍സ്: കസെമിറോ, റെനറ്റോ അഗസ്‌റ്റോ, ഫിലിപ്പെ കോട്ടീഞ്ഞോ, പൗലീഞ്ഞോ, ഫെര്‍ണാണ്ടീഞ്ഞോ, ഫ്രെഡ്, വില്ല്യന്‍.


ഫോര്‍വേഡ്‌സ്: ഡഗ്ലസ് കോസ്റ്റ, ഗാബ്രിയേല്‍ ജീസസ്, നെയ്മര്‍, റോബര്‍ട്ടോ ഫിര്‍മിനോ, ടൈസന്‍.

സ്വിറ്റ്‌സര്‍ലന്‍ഡ്

സ്വിറ്റ്‌സര്‍ലന്‍ഡ്

ബ്രസീല്‍ കഴിഞ്ഞാല്‍ ഗ്രൂപ്പ് ഇ ഘട്ടം കടക്കാന്‍ സാധ്യതയുള്ള ടീമാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. നിലവില്‍ ഫിഫ ലോക റാങ്കിങില്‍ ആറാം സ്ഥാനത്താണ് സ്വിറ്റ്‌സര്‍ലന്‍ഡ്. ഇത് 11ാം തവണയാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ലോകകപ്പിനെത്തുന്നത്. ആറ് തവണ ക്വാര്‍ട്ടര്‍ ഫൈനലിലെത്താന്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് കഴിഞ്ഞിട്ടുണ്ട്. ബ്രസീല്‍ ലോകകപ്പിലും ക്വാര്‍ട്ടറിലെത്തിയ സ്വിറ്റ്‌സര്‍ലന്‍ഡ് ഇത്തവണയും ഗ്രൂപ്പ്ഘട്ടം കടക്കാനാവുമെന്ന പ്രതീക്ഷയിലാണ്. മികച്ച മിഡ്ഫീല്‍ഡ് താരങ്ങളാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഏറ്റവും വലിയ കരുത്ത്. യുവന്റസ് ഡിഫന്‍ഡര്‍ സ്റ്റിഫന്‍ ലിച്ചസ്റ്റെയ്‌നറാണ് സ്വിസ് പടയുടെ ക്യാപ്റ്റന്‍. വ്‌ളാദ്മിര്‍ പെറ്റ്‌കോവിക്കാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പരിശീലകന്‍.


ശ്രദ്ധിക്കേണ്ട താരങ്ങള്‍


മിഡ്ഫീല്‍ഡര്‍മാരായ ഉഡിനെസിന്റെ വാലോന്‍ ബെഹ്‌റമി, സ്‌റ്റോക്ക് സിറ്റിയുടെ ഷെര്‍ദാന്‍ ഷാക്വിരി, ആഴ്‌സനലിന്റെ ഗ്രാനിറ്റ് സാക്ക എന്നിവരാണ് സ്വിറ്റ്‌സര്‍ലന്‍ഡ് നിരയിലെ പ്രധാന താരങ്ങള്‍.

കോസ്റ്ററിക്ക

കോസ്റ്ററിക്ക

ബ്രസീലും സ്വിറ്റ്‌സര്‍ലന്‍ഡും കഴിഞ്ഞാല്‍ ഗ്രൂപ്പ്ഘട്ടം കടക്കാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമാണ് കോസ്റ്ററിക്ക. അഞ്ചാം തവണയാണ് കോണ്‍കകാഫ് മേഖലയില്‍ നിന്നുള്ള കോസ്റ്ററിക്ക ലോകകപ്പിനെത്തുന്നത്. 2014 ലെ ബ്രസീല്‍ ലോകകപ്പില്‍ കറുത്ത കുതിരകളായ ടീം കൂടിയാണ് നിലവില്‍ ഫിഫ ലോക റാങ്കിങില്‍ 25ാം സ്ഥാനത്തുള്ള കോസ്റ്ററിക്ക. കഴിഞ്ഞ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ വരെയെത്താന്‍ കോസ്റ്ററിക്കന്‍ കരുത്തിന് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ ബ്രസീലിനും സ്വിറ്റ്‌സര്‍ലന്‍ഡിനും കോസ്റ്ററിക്ക വെല്ലുവിളിയായി മാറുമോയെന്ന് ഉറ്റുനോക്കുകയാണ് ഫുട്‌ബോള്‍ ആരാധകര്‍. മിഡ്ഫീല്‍ഡര്‍ ബ്രയന്‍ റൂയിസാണ് ഒസ്‌കാര്‍ റമിരെസ് പരിശീലിപ്പിക്കുന്ന കോസ്റ്ററിക്കയെ നയിക്കുന്നത്.


ശ്രദ്ധിക്കേണ്ട താരങ്ങള്‍


റയല്‍ മാഡ്രിഡ് സ്റ്റാര്‍ ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസാണ് കോസ്റ്ററിക്കയുടെ ഗോള്‍വല കാക്കുന്നത്. ബ്രസീല്‍ ലോകകപ്പില്‍ കോസ്റ്ററിക്കയുടെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ നവാസിന് കഴിഞ്ഞിരുന്നു. ബ്രസീല്‍ ലോകകപ്പോട് കൂടിയാണ് ക്ലബ്ബ് ഫുട്‌ബോളിലെ വമ്പന്‍മാരായ റയല്‍ താരത്തെ ടീമിലെത്തിച്ചതും. പരിചയസമ്പന്നരായ മിഡ്ഫീല്‍ സെല്‍സോ ബോര്‍ഗസും ക്യാപ്റ്റന്‍ ബ്രയന്‍ റൂയിസും കോസ്റ്ററിക്കയുടെ കരുത്താണ്.

സെര്‍ബിയ

സെര്‍ബിയ

12ാം തവണയാണ് സെര്‍ബിയ ഫിഫ ലോകകപ്പിനെത്തുന്നത്. സെര്‍ബിയ ആയി മാറിയതിനു ശേഷമുള്ള രണ്ടാം ലോകകപ്പും. അതിനു മുമ്പ് യുഗോസ്ലൊവാക്യയായും സെര്‍ബിയ ആന്റ് മോണ്ടനെഗ്രോയായുമാണ് സെര്‍ബിയ ലോകകപ്പില്‍ പങ്കെടുത്തത്. യുഗോസ്ലാവാക്യയായി മല്‍സരിച്ചപ്പോള്‍ രണ്ട് തവണ നാലാം സ്ഥാനത്തെത്താന്‍ സെര്‍ബിയക്ക് കഴിഞ്ഞിട്ടുണ്ട്. ബ്രസീല്‍ ലോകകപ്പിന് യോഗ്യത ലഭിക്കാതെ പോയ സെര്‍ബിയ ഇത്തവണ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള കഠിന തയ്യാറെടുപ്പിലാണ്. മ്ലാഡന്‍ ക്രിസ്റ്റാജിക്ക് തന്ത്രങ്ങളോതുന്ന സെര്‍ബിയയെ നയിക്കുന്നത് എഎസ് റോമ ഡിഫന്‍ഡര്‍ അലെക്‌സാണ്ടര്‍ കൊലാറോവാണ്. നിലവില്‍ ഫിഫ ലോക റാങ്കിങില്‍ 35ാം സ്ഥാനത്താണ് സെര്‍ബിയ.

ശ്രദ്ധിക്കേണ്ട താരങ്ങളാള്‍

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മിഡ്ഫീല്‍ഡര്‍ നെമഞ്ജ മാറ്റിച്ചാണ് സെര്‍ബിയന്‍ നിരയിലെ സൂപ്പര്‍ താരം. യുവതാരവും ലാസിയോയുടെ മിഡ്ഫീല്‍ഡറുമായ സെര്‍ജജ് മില്‍നോവിക്കില്‍ നിന്നും സെര്‍ബിയ പലതും റഷ്യന്‍ ലോകകപ്പില്‍ പ്രതീക്ഷിക്കുന്നുണ്ട്. അലെക്‌സാണ്ടര്‍ കൊലാറോവ്, ബ്രാനിസ്ലാവ് ഇവാനോവിക്ക് എന്നിവരും സെര്‍ബിയയുടെ ശ്രദ്ധേയ താരങ്ങളാണ്.

Story first published: Wednesday, June 6, 2018, 12:36 [IST]
Other articles published on Jun 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+