Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചരിത്രം കുറിച്ച് മഞ്ഞപ്പട... അവസാന ലോകകപ്പ് അവിസ്മരണീയമാക്കി പെലെ...

ഇംഗ്ലണ്ട് ലോകകപ്പിലെ തിരിച്ചടികളില്‍ നിന്ന് ബ്രസീലിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പായിരുന്നു 1970ല്‍ മെക്‌സിക്കോയില്‍ അരങ്ങേറിയ ഒമ്പതാമത് ഫിഫ ലോകകപ്പ്. ഇതിഹാസ താരം പെലെയുടെ ചിറകിലേറിയാണ് മഞ്ഞപ്പട മെക്‌സിക്കോ ലോകകപ്പിലും കിരീടം ഉയര്‍ത്തിയത്. ഈ കിരീടനേട്ടത്തിലൂടെ ബ്രസീല്‍ ഫിഫ ലോകകപ്പ് റെക്കോഡ് ബുക്കില്‍ ഇടംപിടിക്കുകയും ചെയ്തു.

ഫിഫ ലോകകപ്പ് ചരിത്രത്തിലാദ്യമായി മൂന്ന് കിരീടം നേടിയ ടീമെന്ന റെക്കോഡാണ് മഞ്ഞപ്പട മെക്‌സിക്കോ ലോകകപ്പിലൂടെ സ്വന്തം പേരിലാക്കിയത്. മെക്‌സിക്കോ ലോകകപ്പിന് മുമ്പ് രണ്ട് തവണ ജേതാക്കളായ ഉറുഗ്വേ, ഇറ്റലി ടീമുകള്‍ക്കൊപ്പമായിരുന്നു കിരീട വേട്ടയില്‍ ബ്രസീല്‍. ബ്രസീലിന്റെ മൂന്ന് കിരീട വിജയങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച പെലെയും അതോടെ റെക്കോഡ് ബുക്കില്‍ ഇടംപിടിക്കുകയും ചെയ്തു.

fifa

ചരിത്രത്തില്‍ മൂന്ന് ഫിഫ ലോകകപ്പ് നേടിയ ഏക താരമെന്ന പെലെയുടെ റെക്കോഡ് ഇതുവരെ മറ്റാര്‍ക്കും തിരുത്താന്‍ കഴിഞ്ഞിട്ടില്ല. 1958, 1962 ഫിഫ ലോകകപ്പുകളില്‍ തുടര്‍ച്ചയായി രണ്ട് തവണ ബ്രസീല്‍ കിരീടം നേടിയപ്പോഴും ടീമിലെ അവിഭാജ്യ താരമായിരുന്നു പെലെ. 1966ല്‍ പെലെയും മറ്റൊരു സൂപ്പര്‍താരം ഗാരിഞ്ചയും പരിക്ക് മൂലം നിര്‍ണായക മല്‍സരങ്ങളില്‍ വിട്ടുനിന്നപ്പോള്‍ ഇംഗ്ലണ്ട് ലോകകപ്പില്‍ ആദ്യറൗണ്ടില്‍ തന്നെ പുറത്താവാനായിരുന്നു മഞ്ഞപ്പടയുടെ വിധി.

വിരമിച്ചതിനെ തുടര്‍ന്ന് ഗാരിഞ്ച, നില്‍ട്ടന്‍ സാന്റോസ്, വാള്‍ദിര്‍ പെരെയ്‌റ, ദാല്‍മ സാന്റോസ്, ഗില്‍മര്‍ എന്നീ സൂപ്പര്‍ താരങ്ങളില്ലാതെയാണ് ബ്രസീല്‍ മെക്‌സിക്കോ ലോകകപ്പിനെത്തിയത്. ഒരുപക്ഷേ, പെലെയില്ലാത്ത ലോകകപ്പ് ആവേണ്ടതായിരുന്നു മെക്‌സിക്കോയിലേത്. എന്നാല്‍, 1969ല്‍ പെലെയെ ദേശീയ ടീമിലേക്ക് ബ്രസീല്‍ വീണ്ടും തിരിച്ചുവിളിക്കുകയായിരുന്നു. ദേശീയ ടീമിലേക്കുള്ള ക്ഷണം ആദ്യം നിരസിച്ചെങ്കിലും സ്വന്തം രാജ്യത്തെയും ഫുട്‌ബോളിനെയും ജീവന് തുല്ല്യം സ്‌നേഹിക്കുന്ന പെലെ പിന്നീട് സമ്മതം മൂളുകയായിരുന്നു. ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ ആറ് ഗോള്‍ നേടിയ പെലെ മെക്‌സിക്കോ ലോകകപ്പിനു മുമ്പ് തന്നെ എതിരാളികള്‍ക്കു മുന്നറിയിപ്പായി വീണ്ടും മാറുകയായിരുന്നു. ആ മുന്നറിയിപ്പ് സത്യമാവുന്ന കാഴ്ചയാണ് മെക്‌സിക്കോയില്‍ പിന്നീട് കണ്ടതും.

pele

ബ്രസീലിന്റെ പുത്തന്‍ കൂട്ടുകെട്ട്...


പെലെ-ഗാരിഞ്ച-ദിദി കൂട്ടുകട്ടിനു ശേഷം മറ്റൊരു ത്രിമൂര്‍ത്തികളാണ് പെലെയ്‌ക്കൊപ്പം ബ്രസീലിനെ മൂന്നാം ഫിഫ ലോക കിരീടത്തിലേക്ക് നയിച്ചത്. ജെര്‍സീന്യോ, റോബര്‍ട്ടോ റിവലീന്യോ, ടോസ്റ്റാവോ എന്നിവരായിരുന്നു മഞ്ഞപ്പടയുടെ പുത്തന്‍ വിജയകൂട്ടുകെട്ട്. പെലെയ്‌ക്കൊപ്പം ഈ ത്രിമൂര്‍ത്തികളും ബ്രസീലിന്റെ നിര്‍ണായക സാന്നിധ്യമായി മെക്‌സിക്കോ ലോകകപ്പിലൂടെ മാറുകയായിരുന്നു.

ഗ്രൂപ്പ്ഘട്ടത്തില്‍ തന്നെ ഗോളടി മികവിലൂടെ ബ്രസീലിന്റെ കുന്തമുനകളാവാന്‍ ജെര്‍സീന്യോയ്ക്കും റിവലീന്യോയ്ക്കും സാധിച്ചിരുന്നു. ഗ്രൂപ്പ്ഘട്ടത്തില്‍ ജെര്‍സീന്യോ നാലും പെലെ മൂന്നും റിവലീന്യോ ഒരു ഗോളുമാണ് മഞ്ഞപ്പടയ്ക്കു വേണ്ടി നേടിയത്. ഇതോടെ ഗ്രൂപ്പ് ചാംപ്യന്‍മാരായി അനായാസം ബ്രസീല്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറുകയും ചെയ്തു. ചെക്കോസ്ലൊവാക്യയെ 1-4നും നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ 0-1നും റൊമാനിയയെ 2-3നുമാണ് ഗ്രൂപ്പ്ഘട്ടത്തില്‍ ബ്രസീല്‍ പരാജയപ്പെടുത്തിയത്. ക്വാര്‍ട്ടറില്‍ ബ്രസീല്‍ 4-2ന് പെറുവിനെ മറികടക്കുകയായിരുന്നു. മല്‍സരത്തില്‍ ടോസ്റ്റാവോ രണ്ടും റിവലീന്യോ, ജെര്‍സീന്യോ എന്നിവര്‍ ഓരോ തവണയും മഞ്ഞപ്പടയ്ക്കു വേണ്ടി നിറയൊഴിച്ചു.

സെമിയില്‍ ലാറ്റിനമേരിക്കക്കാരും മുന്‍ ചാംപ്യന്‍മാരുമായ ഉറുഗ്വേയായിരുന്നു ബ്രസീലിന്റെ എതിരാളി. എന്നാല്‍, ഒരു ഗോളിന് പിന്നില്‍ നിന്നതിനു ശേഷം ശക്തമായ തിരിച്ചുവരവിലൂടെ ഉറുഗ്വേയെ തോല്‍പ്പിച്ച് ബ്രസീല്‍ കലാശപ്പോരിന് ടിക്കറ്റെടുക്കുകയായിരുന്നു. ക്ലൊഡാള്‍ഡോ, ജെര്‍സീന്യോ, റിവലീന്യോ എന്നിവരാണ് സെമിയില്‍ ബ്രസീലിനു വേണ്ടി സ്‌കോര്‍ ചെയ്തത്. ഫൈനലില്‍ രണ്ട് തവണ ചാംപ്യന്‍മാരായ ഇറ്റലിയായിരുന്നു ബ്രസീലിന്റെ എതിരാളി. എന്നാല്‍, മഞ്ഞപ്പടയുടെ കളി മികവിനു മുന്നില്‍ അസൂറിപ്പടയ്ക്ക് മുട്ടുമടക്കേണ്ടിവന്നു.

കലാശപ്പോരില്‍ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് ഇറ്റലിയെ തകര്‍ത്ത് ബ്രസീലിയന്‍ പട ചരിത്ര കിരീടത്തില്‍ മുത്തമിടുകയായിരുന്നു. പെലെ, ഗെര്‍സണ്‍, ജെര്‍സീന്യോ, കാര്‍ലോസ് ആല്‍ബെര്‍ട്ടോ എന്നിവരാണ് കിരീടപ്പോരില്‍ കാനറികള്‍ക്കു വേണ്ടി ലക്ഷ്യംകണ്ടത്. ഫിഫ ലോകകപ്പില്‍ ആദ്യമായും അവസാനമായും പെലെയെ തേടി മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ ലഭിച്ചതും ഈ ടൂര്‍ണമെന്റിലായിരുന്നു. 10 ഗോള്‍ നേടിയ ജര്‍മനിയുടെ ഇതിഹാസ താരങ്ങളിലൊരാളായ ജെര്‍ഡ് മുള്ളറിനായിരുന്നു ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം. ടൂര്‍ണമെന്റില്‍ ജെര്‍സീന്യോ ഏഴും പെലെ നാലും റിവലീന്യോ മൂന്നും ടോസ്റ്റാവോ രണ്ടും ഗോളുകള്‍ നേടി ബ്രസീലിയന്‍ കുതിപ്പില്‍ നിര്‍ണായകമായി.

Story first published: Thursday, May 10, 2018, 10:55 [IST]
Other articles published on May 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+