1930ല്‍ ഉറുഗ്വേയില്‍ നടന്ന പ്രഥമ ഫിഫ ലോകകപ്പില്‍ ചിത്രത്തിലില്ലാത്ത ടീമായിരുന്നു ഇറ്റലി. എന്നാല്‍, 1934, 1938 ലോകകപ്പുകള്‍ അസൂറിപ്പടയെന്ന് അറിയപ്പെടുന്ന ഇറ്റലിയുടെ ഉദയത്തിനും പടയോട്ടത്തിനും സാക്ഷ്യംവഹിക്കുകയായിരുന്നു ഫുട്‌ബോള്‍ ലോകം. തുടര്‍ച്ചയായി രണ്ട് ലോകകപ്പുകളില്‍ കിരീടം നേടി ഇറ്റലി ഫുട്‌ബോള്‍ ലോകത്തെ തലതൊട്ടപ്പന്‍മാരായി മാറുകയായിരുന്നു. 1934ല്‍ സ്വന്തം രാജ്യത്ത് വിരുന്നെത്തിയ ഫിഫ ലോകകപ്പിലൂടെയാണ് ഇറ്റലി ഫുട്‌ബോള്‍ ലോകത്തേക്കുള്ള യതാര്‍ഥ വരവറിയിച്ചത്. 1928ല്‍ ആംസ്റ്റര്‍ഡാമില്‍ അരങ്ങേറിയ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയതായിരുന്നു ലോകകപ്പിനു മുമ്പ് ഇറ്റാലിയന്‍ ഫുട്‌ബോളിന്റെ ഏറ്റവുും വലിയ നേട്ടം.
ചാംപ്യന്‍മാര്‍ ബഹിഷ്‌കരിച്ച ലോകകപ്പ്...
1930 ലെ പ്രഥമ ഫിഫ ലോകകപ്പ് ചാംപ്യന്‍മാരായ ഉറുഗ്വേ ഇല്ലാതെയാണ് രണ്ടാം ലോകകപ്പിന് ഇറ്റലിയില്‍ വിസില്‍ മുഴങ്ങിയത്. ഉറുഗ്വേ ലോകകപ്പില്‍ യൂറോപ്പില്‍ നിന്നുള്ള പല രാജ്യങ്ങളും ക്ഷണം നിരസിച്ചതില്‍ പ്രതിഷേധിച്ചാണ് നിലവിലെ ജേതാക്കളായ ഉറുഗ്വേ ഇറ്റലി ലോകകപ്പില്‍ നിന്ന് പിന്‍മാറിയത്. നിലവിലെ ചാംപ്യന്‍മാരില്ലാതെ നടന്ന ഏക ഫിഫ ലോകകപ്പ് ടൂര്‍ണമെന്റ് കൂടിയാണ് ഇറ്റലിയില്‍ 1934ല്‍ അരങ്ങേറിയത്.

ഉറുഗ്വേയില്‍ നടന്ന പ്രഥമ ഫിഫ ലോകകപ്പിനേക്കാള്‍ ടീമുകളും വേദികളും രണ്ടാം ലോകകപ്പിലുണ്ടായിരുന്നു. 16 രാജ്യങ്ങള്‍ പങ്കെടുത്ത ഇറ്റലി ലോകകപ്പില്‍ എട്ട് വേദികളിലായാണ് മല്‍സരങ്ങള്‍ നടന്നത്.
പ്രഥമ ലോകകപ്പില്‍ പങ്കെടുത്ത അര്‍ജന്റീന, ബ്രസീല്‍, ഫ്രാന്‍സ്, റൊമാനിയ, യുനൈറ്റഡ് സ്റ്റേറ്റ്‌സ് (അമേരിക്ക), ബെല്‍ജിയം എന്നിവര്‍ക്കു പുറമേ ആതിഥേയരായ ഇറ്റലി, ഓസ്ട്രിയ, ചെക്കോസ്ലാവാക്യ, ഈജിപ്ത്, ജര്‍മനി, ഹംഗറി, ഹോളണ്ട്, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവരും രണ്ടാം ലോകകപ്പില്‍ മാറ്റുരച്ചു.
ചെക്കോസ്ലാവാക്യയെ ഫൈനലില്‍ പരാജയപ്പെടുത്തി തങ്ങളുടെ ആദ്യ ലോകകപ്പില്‍ തന്നെ ഇറ്റലിയുടെ അസൂറിപ്പട കിരീടം ചൂടുകയായിരുന്നു. വാശിയേറിയ ഫൈനലില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഇറ്റലി ചെക്കോസ്ലാവാക്യയെ മറികടന്നത്. കളിയുടെ 81ാം മിനിറ്റ് വരെ ഇറ്റലി ഒരരു ഗോളിന് പിന്നിലായിരുന്നു. എന്നാല്‍, 81ാം മിനിറ്റില്‍ സമനില നേടിയ ഇറ്റലി അധികസമയത്തെ ഗോളിലൂടെ കന്നി ലോകകപ്പ് കിരീടത്തില്‍ മുത്തമിടുകയായിരുന്നു.
ടൂര്‍ണമെന്റിലാകെ 45 താരങ്ങളെല്ലാം കൂടി 70 ഗോളുകളാണ് നേടിയത്. ചെക്കോസ്ലോവാക്യയുടെ ഓള്‍ഡ്രിച്ച് നിജെഡ്‌ലി അഞ്ച് ഗോളുമായി ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററായി. 3,63,000 കാണികളാണ് ടൂര്‍ണമെന്റിലെ മല്‍സരങ്ങള്‍ വീക്ഷിക്കാന്‍ ഗാലറിയിലെത്തിയത്. ഉറുഗ്വേ ലോകകപ്പിനേക്കാള്‍ 2,27,549 കാണികളുടെ കുറവാണ് രണ്ടാം ലോകകപ്പിലുണ്ടായത്. ഉറുഗ്വേ ലോകകപ്പില്‍ 5,90,549 ആരാധകരാണ് മല്‍സരം നേരിട്ട് വീക്ഷിച്ചത്.
ഫ്രാന്‍സിലും ഇറ്റാലിയന്‍ പടയോട്ടം...
ഇറ്റലിയുടെ തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് കിരീട നേട്ടത്തിന് സാക്ഷ്യംവഹിച്ചത് ഫ്രാന്‍സായിരുന്നു. 15 രാജ്യങ്ങള്‍ പങ്കെടുത്ത മൂന്നാം ലോകകപ്പില്‍ 10 ഗ്രൗണ്ടുകളാണ് വേദിയായത്. തുടര്‍ച്ചയായി രണ്ടു തവണ ആതിഥേയത്വം യൂറോപു്യന്‍ രാജ്യത്തിന് നല്‍കിയതില്‍ പ്രതിഷേധിച്ച് ബ്രസീല്‍ ഒഴികെ അര്‍ജന്റീനയും ഉറുഗ്വേയും മറ്റു സൗത്ത് അമേരിക്കന്‍ രാജ്യങ്ങളും ബഹിഷ്‌കരിച്ച ലോകകപ്പ് കൂടിയായിരുന്നു ഫ്രാന്‍സിലേത്. യുദ്ധത്തിലായിരുന്ന സ്‌പെയിനിനെ യൂറോപ്യന്‍ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയതും ഫ്രാന്‍സ് ലോകകപ്പിലായിരുന്നു.
1938 ഫിഫ ലോകകപ്പിന് നറുക്ക് വീണെങ്കിലും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഫ്രാന്‍സിന്റേത്. ആദ്യ രണ്ട് ലോകകപ്പുകളും ആതിഥേയ രാജ്യങ്ങള്‍ കിരീടം ഉയര്‍ത്തിയപ്പോള്‍ ഫ്രാന്‍സിന് ക്വാര്‍ട്ടര്‍ ഫൈനലില്‍ തന്നെ അടിതെറ്റുകയായിരുന്നു. ക്വാര്‍ട്ടറില്‍ അസൂറിപ്പടയാണ് ഫ്രാന്‍സിന്റെ കിരീട മോഹങ്ങള്‍ക്ക് ബ്രേക്കിട്ടത്. ഫുട്‌ബോള്‍ ലോകത്തെ തലതൊട്ടപ്പന്‍മാരായി മാറിയ ബ്രസീലിനെ സെമി ഫൈനലില്‍ പരാജയപ്പെടുത്തിയ ഇറ്റലി കലാശപ്പോരാട്ടത്തില്‍ ഹംഗറിയെ രണ്ടിനെതിരേ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും കിരീടം നേടുകയായിരുന്നു.. ഏഴു ഗോള്‍ നേടിയ ബ്രസീലിന്റെ ലിയോനിഡാസ് ഡ സില്‍വയാണ് ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍. 3,75,700 കാണികളാണ് ഫ്രാന്‍സ് ലോകകപ്പില്‍ മല്‍സരം നേരിട്ട് കണ്ടത്..... പരമ്പര തുടരും......