ലണ്ടന്‍: ഫുട്ബോള്‍ പ്രേമികളെ അമ്പരപ്പിച്ചാണ് 31ാം വയസ്സില്‍ ഇനി ദേശീയ ടീമിനായി കളിക്കില്ലെന്ന് ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനും സ്റ്റാര്‍ സ്ട്രൈക്കറുമായ വെയ്ന്‍ റൂണി പ്രഖ്യാപിച്ചിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ഇപ്പോഴിതാ താരത്തെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. എന്നാല്‍ വിരമിക്കലും അറസ്റ്റും തമ്മില്‍ ബന്ധമുണ്ടെന്നു തെറ്റിദ്ധരിക്കരുതേ..
മദ്യപിച്ചു വാഹനമോടിച്ചതിനാണ് ഇംഗ്ലീഷ് ക്ലബ്ബായ എവര്‍ട്ടന്റെ താരം കൂടിയായ റൂണിയെ പോലീസ് അറസ്റ്റ് ചെയ്തത്. ബ്രിട്ടീഷ് സമയം രാത്രി രണ്ടു മണിയോടെ റൂണി സഞ്ചരിച്ച കറുപ്പു നിറത്തിലുള്ള വിഡബ്ല്യു ബീറ്റില്‍ കാര്‍ പോലീസ് തടയുകയായിരുന്നു. വിംസ്ലോയിലെ ആല്ട്രിന്ചാം റോഡില്‍ വച്ചായിരുന്നു ഇത്. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് താരം മദ്യപിച്ചതായി പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് റൂണിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അറസ്റ്റ് ചെയ്ത് വൈകാതെ തന്നെ താരത്തെ പോലീസ് ജാമ്യത്തില്‍ വിട്ടു. എന്നാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ മാസം അവസാനത്തോടെ റൂണിക്കു കോടതിയില്‍ ഹാജരാവേണ്ടിവരും.