റിയോ ഡി ജനീറോ: റഷ്യയില്‍ ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാനുള്ള കാത്തിരിപ്പിലാണ് ലോകം. താരങ്ങള്‍ ഇതിനുള്ള തയ്യാറെടുപ്പിലും. ഇതിനിടയില്‍ ബ്രസീല്‍ സ്‌ട്രൈക്കറും, മാഞ്ചസ്റ്റര്‍ സിറ്റി താരവുമായ ഗബ്രിയേല്‍ ജീസസിന് മൂന്ന് കല്‍പ്പനകളുമായി ഇതിഹാസ ബ്രസീല്‍ താരം റൊമാരിയോ രംഗത്തെത്തിയിരിക്കുകയാണ്. 1994-ലെ ലോകകപ്പ് വിജയിക്കാന്‍ തന്നെ സഹായിച്ച ടിപ്പുകളാണ് റൊമാരിയോ ജീസസിന് ഓതിക്കൊടുക്കുന്നത്. യുഎസ്എയില്‍ നടന്ന 94ലെ ലോകകപ്പില്‍ അഞ്ച് ഗോളുകളുമായി ബ്രസീലിന്റെ വിജയതാരമായി ഉയര്‍ന്ന വ്യക്തിയാണ് റൊമാരിയോ.
ബ്രസീലിന്റെ വളരുന്ന താരമാണ് ജീസസ്. റഷ്യയില്‍ തന്റെ ആദ്യ ലോകകപ്പിനായി താരങ്ങള്‍ ഇറങ്ങുമ്പോള്‍ മൂന്ന് ഉപദേശങ്ങളാണ് റൊമാരിയോ നല്‍കുന്നത്. ശ്രദ്ധ, ഗോള്‍, സെക്‌സ് എന്നിവയാണത്. 'ആവശ്യത്തിന് ലൈംഗികതയാകാം, ഇതിന് ശേഷം മത്സരങ്ങളില്‍ ശ്രദ്ധിക്കാം', ഫുട്‌ബോള്‍ താരത്തില്‍ നിന്നും സെനറ്ററായി മാറിയ റൊമാരിയോ വ്യക്തമാക്കുന്നു. ഇതുവരെയായി 15 തവണ ബ്രസീലിനായി കളത്തിലിറങ്ങിയ ജീസസ് ഒന്‍പത് തവണ ലക്ഷ്യം കാണുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മാഞ്ചസ്റ്റര്‍ സിറ്റിക്കായി 51 മത്സരങ്ങളില്‍ നിന്നും നേടിയത് 23 ഗോളും. റഷ്യയില്‍ നെയ്മറിനും, ഫിലിപ്പെ കൗടീനോയ്ക്കും ഒപ്പം ബ്രസീലിന്റെ പോരാട്ടത്തിന് ജീസസ് മുന്‍നിരയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രസീല്‍ ടീമിനെ പ്രതിനീധീകരിക്കുന്നെന്ന ബോധത്തോടെയാകണം താരം കളത്തില്‍ ഇറങ്ങേണ്ടത്, ഗോള്‍ നേടുകയും വേണം, റൊമാരിയോ ചൂണ്ടിക്കാണിച്ചു. ലോകകപ്പില്‍ കളിക്കാന്‍ 100% ശ്രദ്ധിക്കണമെന്നും ഇതിഹാസ താരം വ്യക്തമാക്കി. ലോകകപ്പ് മറ്റ് ടൂര്‍ണമെന്റുകള്‍ പോലെയല്ല, ഓരോരുത്തരുടെയും മികവ് പൂര്‍ണ്ണമായി പുറത്ത് വരേണ്ട ഇടമാണ്, റൊമാരിയോ ഓര്‍മ്മിപ്പിച്ചു. ലോകകപ്പ് യോഗ്യതയില്‍ മികച്ച പ്രകടനവുമായാണ് ബ്രസീല്‍ എത്തുന്നത്.