ലിവർപൂളിന്റെ ബ്രസീലിയൻ സൂപ്പർ താരം റോബർട്ടോ ഫെർമിനോ ക്ലബ്ബുമായുള്ള കരാർ പുതുക്കി.നിലവിൽ 2020 വരെയാണ് ക്ലബ്ബുമായി താരത്തിന്റെ കരാർ.പുതിയ കരാർ പ്രകാരം താരം 2023 വരെ ക്ലബ്ബിൽ തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ക്ലബ് എന്നെ അവിശ്വസനീയമായ വഴിയിൽ കൊണ്ടു പോയി, അതുകൊണ്ടുതന്നെ തുടർന്നും ക്ലബ്ബുമായി പങ്കുചേരുന്നതിൽ ഞാൻ പൂർണ്ണ തൃപ്തനാണ്; കരാറിനുശേഷം ഫെർമിനോ പറഞ്ഞു.
ഈ സീസണിൽ തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുന്ന ഫെർമിനോ 50 മത്സരങ്ങളിൽ നിന്ന് 27 ഗോളുകളും നേടിക്കഴിഞ്ഞു.2015 ൽ ലിവർപൂളിലെത്തിയ ഫെർമിനോ ഇതുവരെ 140 മത്സരങ്ങളിൽ നിന്ന് 50 ഗോളുകൾ വലയിലാക്കിക്കഴിഞ്ഞു.

ക്ലബ്ബിൽ എല്ലാം മികച്ച രീതിയിൽ തന്നെ പോകുന്നു,എന്റെ സഹകളിക്കാരും വളരെ മികച്ച രീതിയിൽ കളിക്കുന്നവരാണ്,അവരോടൊപ്പം ഇനിയും കളിക്കാൻ അവസരം നൽകിയ ക്ലബ്ബ് മാനേജ്‌മെന്റിനോട് വളരെ നന്ദിയുണ്ട്.അതുപോലെ ലോകത്തിലെ മികച്ച ആരാധകരുള്ള ക്ലബ്ബാണ് ലിവർപൂൾ,അവർ ഞങ്ങളെ എല്ലാ വിധത്തിലും പിന്തുണയ്ക്കുന്നുണ്ട്.ഇത്രയും മനോഹരമായ ക്ലബ്ബിൽ ഇനിയും തുടരാൻ കഴിഞ്ഞതിൽ ഞാൻ തികച്ചും സന്തോഷവാനാണ്; ഫെർമിനോ മാധ്യമങ്ങളോട് പറഞ്ഞു.
ബ്രസീലിയൻ യൂത്ത് ക്ലബ്ബായ സി.ആർ.ബിയിൽ കളിച്ചുതുടങ്ങിയ ഫെർമിനോ 2011 ൽ ജർമൻ ക്ലബ്ബായ ഹോഫൻഹെമിലെത്തി.ഹോഫൻഹെമിനായി 140 മത്സരങ്ങളിൽ നിന്ന് 38 ഗോളുകളും 27 അസിസ്റ്റുകളും ഫെർമിനോ നേടിട്ടുണ്ട്.ബ്രസീൽ ദേശീയ ടീമിനായി 19 മത്സരങ്ങളും ഈ ഇരുപത്തിയാറുകാരൻ കളിച്ചിട്ടുണ്ട്.