ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ചൂടുന്നതിനുവേണ്ടി ചാമ്പ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്നം ഉപേക്ഷിക്കാനും തയ്യാറാണെന്ന് ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സ്ട്രൈക്കര്‍ മുഹമ്മദ് സലാഹ്. ലിവര്‍പൂളിന് ഇംഗ്ലണ്ടിലെ ഫുട്ബോള്‍ കിരീടമാണ് മറ്റെന്തിനെക്കാളും പ്രധാന്യം. ചാമ്പ്യന്‍സ് ലീഗ് കിരീടം വിലമതിക്കാനാവാത്തതാണെങ്കിലും ക്ലബ്ബും ആരാധകരും കൂടുതല്‍ പ്രധാന്യം നല്‍കുന്നത് പ്രീമിയര്‍ ലീഗിനാണ്. പ്രീമിയര്‍ ലീഗിനുവേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറാണ്. എന്റെ വലിയ സ്വപ്നമായ ചാമ്പ്യന്‍സ് ലീഗ് കിരീടം പോലും ഉപേക്ഷിക്കാന്‍ സന്തോഷം മാത്രമെയുള്ളുവെന്നും താരം പറഞ്ഞു.
പ്രീമിയര്‍ ലീഗില്‍ പോരാട്ടം ഇഞ്ചോടിഞ്ചാണ്. 30 മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 74 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്തും ഒരു പോയിന്റ് വ്യത്യാസത്തില്‍ ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തുമാണ്. 18 ഗോളും ആറ് അസിസ്റ്റുമായി സിറ്റിയുടെ സെര്‍ജിയോ അഗ്യൂറോ ഗോള്‍വേട്ടക്കാരില്‍ ഒന്നാമത് നില്ക്കുമ്പോള് 17 ഗോളും ഏഴ് അസിസ്റ്റുമായി മുഹമ്മദ് സലാഹ് രണ്ടാം സ്താനത്തുണ്ട്.
നാലാം നമ്പറില്‍ ഇന്ത്യയ്ക്ക് തലവേദന തീരുന്നില്ല; ഈ താരത്തെ ഇറക്കണമെന്ന് മഞ്ജരേക്കര്‍
അവസാന സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ റണ്ണേഴ്സപ്പായിരുന്നു ലിവര്‍പൂള്‍. ഫൈനലില്‍ റയല്‍ മാഡ്രിഡിനോട് പരാജയപ്പെട്ടു. ഈ സീസണിലും മികച്ച പ്രകടനമാണ് ടീം കാഴ്ചവയ്ക്കുന്നത്. ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ സ്വന്തം തട്ടകത്തില്‍ ബയേണ്‍ മ്യൂണിക്കിനോട് ഗോള്‍ രഹിത സമനില വഴങ്ങിയ ലിവര്‍പൂളിന് 13ന് രാത്രി ബയേണിന്റെ മൈതാനത്ത് നടക്കുന്ന രണ്ടാം പാദം നിര്‍ണ്ണായകമാവും.