
ബലേവാഡി: ഐഎസ്എല്ലിന്റെ ഈ സീസണിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളില്‍ ഒന്നില്‍ മുന്‍ ചാംപ്യന്‍മാരായ എടിക്കെയും പൂനെ സിറ്റിയും സമനില സമ്മതിച്ചു പിരിഞ്ഞു. പൂനെയിലെ ബലേവാഡി സ്റ്റേഡിയത്തില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഇരുടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി സമനില സമ്മതിക്കുകയായിരുന്നു. ജയേഷ് റാണെ (23ാം മിനിറ്റ്), എഡു ഗാര്‍ഷ്യ (61) എന്നിവരാണ് എടിക്കെയുടെ സ്‌കോറര്‍മാര്‍. ജോണ്‍ ജോണ്‍സന്റെ (17) സെല്‍ഫ് ഗോളും റോബിന്‍ സിങിന്റെ (75) ഗോളും പൂനെയ്ക്ക് സമനില നേടിക്കൊടുക്കുകയും ചെയ്തു. കളി സമനിലയില്‍ കലാശിച്ചതോടെ പോയിന്റ് പട്ടികയിലും മാറ്റമൊന്നുമില്ല. 15 പോയിന്റുമായി പൂനെ ഏഴാംസ്ഥാനത്തും 21 പോയിന്റുള്ള എടിക്കെ ആറാംസ്ഥാനത്തും തുടരുകയാണ്.
കളി തുടങ്ങി 12ാം മിനിറ്റില്‍ തന്നെ എടിക്കെ മുന്നിലെത്തേണ്ടതായിരുന്നു. എന്നാല്‍ എഡു ഗാര്‍ഷ്യയുടെ ലോങ്‌റേഞ്ച് പൂനെയുടെ ക്രോസ് ബാറില്‍ ഇടിച്ച് തെറിച്ചപ്പോള്‍ എടിക്കെ ആരാധകര്‍ തലയില്‍ കൈവച്ചു. 17ാം മിനിറ്റില്‍ പൂനെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തി. സ്റ്റാന്‍കോവിച്ചിന്റെ ഷോട്ട് ജോണ്‍സന്റെ ശരീരത്തില്‍ തട്ടി ദിശ മാറി വലയില്‍ കയറിയപ്പോള്‍ ഗോളി അരിന്ദം നിസ്സഹായനായി. എന്നാല്‍ ആറു മിനിറ്റിനുള്ളില്‍ തന്നെ എടിക്കെ സമനില പിടിച്ചുവാങ്ങി. ഗാര്‍ഷ്യയുടെ മനോഹരമായ ത്രൂബോള്‍ സ്വീകരിച്ച റാണെ മികച്ചൊരു ഷോട്ടിലൂടെ പന്ത് വലയ്ക്കുള്ളിലേക്കു പായിക്കുകയായിരുന്നു. ആദ്യപകുതിയില്‍ ലീഡ് നേടാന്‍ ഇരുടീമിനും ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല.
രണ്ടാംപകുതിയും ആവേശകരമായിരുന്നു. 61ാം മിനിറ്റില്‍ പൂനെ താരം ഡീഗോ കാര്‍ലോസ് ബോക്‌സിനുള്ളില്‍ വച്ച് പന്ത് കൈ കൊണ്ടു തടുത്തതിനെ തുടര്‍ന്ന് റഫറി എടിക്കെയ്ക്കു പെനല്‍റ്റി അനുവദിക്കുകയായിരുന്നു. ഗോളി കമല്‍ജിത്തിന് ഒരു പഴുതും നല്‍കാതെ ഗാര്‍ഷ്യ പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ചു. പൂനെ ഇതു കൊണ്ടൊന്നും പതറിയില്ല. 76ാം മിനിറ്റില്‍ അവര്‍ അര്‍ഹിച്ച പെനല്‍റ്റി കൈക്കലാക്കുകയും ചെയ്തു. മാര്‍സെലീഞ്ഞോയുടെ കോര്‍ണര്‍ കിക്ക് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ റോബിന്‍ വലയ്ക്കുള്ളിലേക്കു വഴി തിരിച്ചുവിട്ടു. പൂനെ ജഴ്‌സിയില്‍ താരത്തിന്റെ കന്നി ഗോള്‍ കൂടിയായിരുന്നു ഇത്. ഐഎസ്എല്ലില്‍ നാലു വ്യത്യസ്ത ക്ലബ്ബുകള്‍ക്കായി ഗോള്‍ നേടിയ താരമായും അദ്ദേഹം മാറി. നേരത്തേ ഡല്‍ഹി, ഗോവ, എടിക്കെ എന്നിവര്‍ക്കായും റോബിന്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്.