പാരീസ്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ പുതിയ റെക്കോര്‍ഡിട്ട് പിഎസ്ജിയുടെ ഫ്രഞ്ച് സെന്സേഷന് കിലിയന്‍ എംബാപ്പെ. ടൂര്‍ണമെന്റില്‍ 15 ഗോളുകള്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡിനാണ് 20 കാരന് അവകാശിയായത്. നിലവിലെ ലോക ഫുട്ബോളറും ബാഴ്സലോണയുടെ ഇതിഹാസ താരവുമായ ലയണല്‍ മെസ്സിയുടെ റെക്കോര്‍ഡാണ് ഇതോടെ തിരുത്തപ്പെട്ടത്.
ചാംപ്യന്‍സ് ലീഗിലെ കഴിഞ്ഞ ഗ്രൂപ്പ് മല്‍സരത്തില്‍ ക്ലബ്ബ് ബ്രൂഗെയെ പിഎസ്ജി 3-0ന് മുക്കിയ കളിയില്‍ എംബാപ്പെ ഹാട്രിക്ക് നേടിയിരുന്നു. ഇതോടെയാണ് ഗോള്‍വേട്ടയിലും താരം പുതിയ നാഴികക്കല്ല് പിന്നിട്ടത്. നേരത്തേ 21 വയസ്സും 288 ദിവസവും പ്രായമുള്ളപ്പോഴാണ് ബാഴ്സയുടെ കുപ്പായത്തില്‍ 15 ഗോളുകളുമായി മെസ്സി റെക്കോര്‍ഡിട്ടത്. അന്നു റയല്‍ മാഡ്രിഡ് ഇതിഹാസം റൗണ് ഗോണ്‍സാല്‍വസിന്റെ (22 വയസ്സ്, 163 ദിവസം) റെക്കോര്‍ഡ് മെസ്സി തന്റെ പേരിലാക്കുകയായിരുന്നു. ദീര്‍ഘകാലം മെസ്സി കൈയടക്കി വച്ച റെക്കോര്‍ഡാണ് ഇപ്പോള്‍ എംബാപ്പെ തട്ടിയെടുത്തത്.
ഈ സീസണില്‍ പരിക്ക് പലപ്പോഴും വില്ലനായെങ്കിലും പിഎസ്ജിക്കായി മികച്ച പ്രകടനമാണ് എംബാപ്പെ കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. ഫ്രഞ്ച് ലീഗില്‍ കളിച്ച അഞ്ചു മല്‍സരങ്ങളില്‍ രണ്ടു ഗോളുകള്‍ നേടിയ താരം മൂന്നു അസിസ്റ്റുകളും നല്‍കിയിരുന്നു. ചാംപ്യന്‍സ് ലീഗില്‍ ഈ സീസണില്‍ കളിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ച പിഎസ്ജി ഗ്രൂപ്പില്‍ തലപ്പത്തു നില്‍ക്കുകയാണ്.